ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് പ്രാഥമിക സ്ഥാനാർഥിപ്പട്ടികയായി; ഇനി തിരുത്താനുള്ള സമയം
text_fieldsദോഹ: ഖത്തറില്‍ ജനാധിപത്യ രീതിയില്‍ നടക്കുന്ന ആദ്യത്തെ ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് സമർപ്പിച്ച നാമനിർദേശ പത്രികയുടെ അടിസ്ഥാനത്തിൽ പ്രാഥമിക പട്ടിക തയാറായി. ഇന്നു മുതൽ പരാതികൾ ബോധിപ്പിക്കാനുള്ള സമയം.
സ്ഥാനാർഥികളുടെ പത്രികകൾ പരിശോധിച്ചശേഷം തിങ്കളാഴ്ചയാണ് പ്രാഥമിക പട്ടിക പ്രസിദ്ധീകരിച്ചത്. ഇനി, ഇതു സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ബോധിപ്പിക്കാനുള്ള സമയമാണ്. ചൊവ്വാഴ്ച നാല് മുതൽ എട്ടുമണിവരെ ഖത്തർ സർവകലാശാലയിലെ ഇലക്ടറൽ ഡിസ്ട്രിക്സ് കാൻഡിഡേറ്റ് കമ്മിറ്റി കാര്യാലയത്തിൽ സ്ഥാനാർഥികൾ സംബന്ധിച്ച ആക്ഷേപങ്ങൾ ഉന്നയിക്കാം. വ്യാഴാഴ്ച വരെയാണ് സമയ പരിധി.
പ്രാഥമിക പട്ടികയിൽ നിന്നും പുറന്തള്ളപ്പെട്ട സ്ഥാനാർഥികൾക്ക് വിശദീകരണം നൽകാനുള്ള അവകാശമുണ്ട്. നിശ്ചിത ഫോമിൽ എഴുതി തയാറാക്കി രേഖകൾ സഹിതമാണ് ഇതുസംബന്ധിച്ച അപേക്ഷ സമർപ്പിക്കേണ്ടതെന്ന് സൂപ്പർവൈസറി കമ്മിറ്റി അറിയിച്ചു. വ്യാഴാഴ്ചക്കു ശേഷം സമർപ്പിക്കപ്പെടുന്ന പരാതികൾ സ്വീകരിക്കില്ല. തുടർന്ന് ഏഴു ദിവസത്തിനകം സൂക്ഷ്മ പരിശോധനയും പൂർത്തിയാക്കും. സെപ്റ്റംബർ 15ന് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാം. ഒക്ടോബർ രണ്ടിനാണ് അറബ് ലോകത്തെതന്നെ ശ്രദ്ധേയമായ തെരഞ്ഞെടുപ്പ്.