നാളെ വിധിദിനം; ആകാംക്ഷയോടെ പ്രവാസി മലയാളികൾ; സജീവമായി ചൂടേറിയ ചർച്ചകൾ
text_fieldsദോഹ: കേരളം ഉൾപ്പെടെ വിവധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ആവേശം കടൽക്കടന്ന് പ്രവാസലോകത്തും സജീവം. നാട്ടിലെ രാഷ്ട്രീയ ചലനങ്ങൾ ഒട്ടും ചോരാതെ തന്നെ, മലയാളി പ്രവാസി സമൂഹം വലിയ പ്രതീക്ഷകളോടെയാണ് തെരഞ്ഞെടുപ്പ് ഫലത്തെ ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ഓരോ ദിവസവും പുതിയ വാർത്തകൾക്കായി കാത്തിരിക്കുകയാണ് പ്രവാസി മലയാളികൾ.
ഓഫിസുകളിലെ ഇടവേളകളിലും പ്രവാസികൾ ഒത്തുകൂടുന്ന ഇടങ്ങളിലും മലയാളികളുടെ പ്രധാന ചർച്ചാവിഷയം, തുടർച്ചയോ ഭരണമാറ്റമോ എന്നതാണ്. വാട്സ്ആപ്പ് ഗ്രൂപ്പിലും മറ്റ് സമൂഹ മാധ്യമങ്ങളിലും ട്രോളുകളും വാശിയേറിയ ചർച്ചകളും ഇതിനോടകം ഉച്ചസ്ഥായിയിലെത്തിയിട്ടുണ്ട്. ഓരോ പാർട്ടി അനുഭാവികളും തങ്ങളുടെ സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. ഇതിനു പുറമേ വായനക്കാർക്കായി ആകർഷകമായ സമ്മാനങ്ങളൊരുക്കി 'ഗൾഫ് മാധ്യമം ഖത്തർ -മർസ ഹൈപ്പർ മാർക്കറ്റ്' സംഘടിപ്പിക്കുന്ന പ്രവചന മത്സരവും തെരഞ്ഞെടുപ്പ് ചർച്ചകളെ സജീവമാക്കി നിലനിർത്തുന്നു.
ആയിരക്കണക്കിന് പ്രവാസികളാണ് ഇതിനോടകം പ്രവചന മത്സരത്തിൽ പങ്കെടുത്തിട്ടുള്ളത്. ഗൾഫ് സമയക്രമം അനുസരിച്ച് തിങ്കളാഴ്ച അതിരാവിലെ തന്നെ ആദ്യ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം അറിഞ്ഞയുടൻ മധുരം വിതരണം ചെയ്തും കേക്ക് മുറിച്ചും ആഘോഷ പരിപാടികൾ നടത്താനും വിവിധ കൂട്ടായ്മകൾ പദ്ധതിയിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

