ഏക് താര എ ബാവുൾ മ്യൂസിക്കൽ ഈവ് വിത്ത് ശാന്തിപ്രിയ
text_fieldsഏക് താര എ ബാവുൾ മ്യൂസിക്കൽ ഈവ് വിത്ത് ശാന്തിപ്രിയ പരിപാടിയിൽനിന്ന്
ദോഹ: പ്രശസ്ത ബാവുൾ ഗായികയും സഞ്ചാരിയുമായ ശാന്തിപ്രിയയെ പങ്കെടുപ്പിച്ച് അടയാളം ഖത്തർ സംഘടിപ്പിച്ച ബാവുൽ സംഗീത സായാഹ്നം ദോഹയിലെ സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമായി. 'ഏക് താര എ ബാവുൾ മ്യൂസിക്കൽ ഈവ് വിത്ത് ശാന്തിപ്രിയ' എന്ന പേരിൽ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടി മലയാളികളടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
കബീർ ദാസിന്റെയും ടാഗോറിന്റെയും അക്കാമഹാദേവിയുടെയും ബസവണ്ണയുടെയും ശ്രീനാരായണഗുരുവിന്റെയും വരികളും കച്ചിലെ പാട്ടുകളും ഹിമാലയത്തിലെ പാട്ടുകളുമെല്ലാം കോർത്തിണക്കിയ ശാന്തിപ്രിയയുടെ അവതരണം ബാവുൾ സംഗീതത്തിന്റെ ആഴവും പരപ്പും കാവ്യാത്മകതയും ദോഹക്ക് അനുഭവവേദ്യമാക്കി. അടയാളം പ്രസിഡന്റ് അരുൺ മോഹൻ അധ്യക്ഷതവഹിച്ചു.
ചടങ്ങിൽ പ്രോഗ്രാം കോഓഡിനേറ്റർ പ്രദോഷ് കുമാർ ആമുഖഭാഷണം നടത്തി. ‘ദി ഹിന്ദു’ ഇന്റർനാഷനൽ അഫയേഴ്സ് എഡിറ്റർ സ്റ്റാൻലി ജോണി, സാംസ്കാരിക പ്രവർത്തകനായ സജി മാർക്കോസ്, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, മുൻ ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജ്, ഷാ ഷെരീഫ് (സി.ഇ.ഒ- ഇസാൻ ഇന്റർനാഷനൽ), പുരുഷോത്തമ (മാനേജർ, ഗ്ലോബൽ ഇലക്ട്രിക് കമ്പനി), ആർ.ജെ. രതീഷ്, കരുണാകർ, നിലാൻഷു ഡേ, അൻസാർ അരിമ്പ്ര, മുർഷിദ് മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. ശാന്തിപ്രിയയുമായുള്ള മുഖാമുഖ സെഷനിൽ തൻസീം കുറ്റ്യാടി മോഡറേറ്ററായിരുന്നു.
അടയാളം അംഗവും നാടക പ്രവർത്തകനുമായിരുന്ന ഷാജി കനയങ്കോടിന്റെ അകാല നിര്യാണത്തിൽ അനുശോചിച്ച് നവാസ് മുക്രിയകത്ത് സംസാരിച്ചു. സെക്രട്ടറി ഷംന ആസ്മി സ്വാഗതവും ജനറൽ കൺവീനർ നിമിഷ നിഷാദ് നന്ദിയും പറഞ്ഞു.
ദോഹയിലെ കലാകാരന്മാർ അവതരിപ്പിച്ച ഒഡീസി, കഥക് നൃത്തങ്ങളും ഏക്താര സംഗീത പരിപാടിയുടെ ഭാഗമായി അരങ്ങേറി. സുധീർ.എം.എ, ബിന്ദു കരുൺ, ഇക്ബാൽ, നീതു അരുൺ, ഷിഹാസ്, തനുജ, ഷരീഫ് എന്നിവർ നേതൃത്വം നൽകി. ജയശ്രീ, അരുൺ എന്നിവർ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

