ലോകറാങ്കിങ്ങിലെ ആദ്യ പത്തിൽ എട്ട് പേരും അങ്കത്തിന്
text_fieldsസ്പാനിഷ് താരം ഗർബിൻ മുഗുരുസ
ഖത്തർ ഓപൺ: വനിതകളിൽ സൂപ്പർ പോരാട്ടങ്ങൾ
ദോഹ: പുരുഷ വിഭാഗ പോരാട്ടത്തിന് തിരശ്ശീല വീണതിനുപിന്നാലെ ഖലീഫ ഇന്റർനാഷനൽ ടെന്നിസ് കോർട്ടിൽ ഇനി വനിതകളുടെ പോരാട്ടം. ഖത്തർ ടോട്ടൽ എനർജീസ് ഡബ്ല്യു.ടി.എ ടൂർണമെന്റിന്റെ 20ാമത് എഡിഷനിൽ അണിനിരക്കുന്നത് സൂപ്പർ താരങ്ങളാണ്. താരത്തിളക്കവും സമ്മാനത്തുകയും കൊണ്ട് ആകർഷകമായ കളിക്കളത്തിൽ ഞായറാഴ്ച മുതൽ സൂപ്പർതാരങ്ങൾ ഇറങ്ങും. സിംഗിൾസ്, ഡബിൾസ് ഇനങ്ങളിലാണ് കളി സജീവമാവുന്നത്. ശനിയാഴ്ചവരെ നടന്ന യോഗ്യത റൗണ്ടിനുശേഷം, ഞായറാഴ്ച മുതൽ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് തുടക്കമാവും. നിലവിലെ ജേത്രി ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയും റണ്ണേഴ്സ് അപ് ഗർബിൻ മുഗുരുസയും ഇക്കുറി ആവേശത്തോടെ കളത്തിലിറങ്ങുന്നുണ്ട്.
നിലവിലെ ലോക രണ്ടാം നമ്പർ താരം ബെലാറൂസിന്റെ അറിന സബലങ്കയാണ് ഖത്തറിലെ ടോപ് സീഡ്. ബർബോസ ക്രെജിസികോവ, പൗല ബഡോസ, അനെറ്റ് കൊന്റാവിറ്റ്, മുൻഫ്രഞ്ച് ഓപൺ-വിംബ്ൾഡൺ ജേതാവും മുൻ ലോക ഒന്നാം നമ്പറുമായ ഗർബിൻ മുഗുരുസ, മരിയ സകാറി, പോളണ്ടിന്റെ ടീനേജ് താരം ഇഗ സ്വിയാറ്റെക്, തുനീഷ്യൻ സൂപ്പർ താരം ഓൻസ് ജാബിർ എന്നീവരാണ് ടോപ് സീഡിലുള്ള എട്ടു താരങ്ങൾ. ലോകറാങ്കിങ്ങിൽ നിലവിൽ ആദ്യ പത്തിനുള്ളിൽ ഉള്ളവരാണ് ഈ എട്ടുപേരും. ഒന്നാം നമ്പർ താരം ആഷ്ലി ബാർതിയും നാലാം നമ്പർ താരം കരോലിന പ്ലിസ്കോവയും ഒഴികെ നിലവിൽ ലോക ടെന്നിസിൽ ഏറ്റവും മുൻനിരയിലുള്ളവരെല്ലാം ദോഹയിൽ റാക്കറ്റേന്തുന്നുണ്ട്. പരിക്കാണ് രണ്ടുപേരുടെയും പങ്കാളിത്തം നഷ്ടപ്പെടുത്തിയത്.
ഇവർക്കുപുറമെ മുൻനിര താരങ്ങളായ സിമോണ ഹാലെപ്, ജെലിന ഒസ്റ്റപെൻകോ, പെട്ര ക്വിറ്റോവ, സോഫിയ കെനിൻ, കരോലിൻ ഗാർഷ്യ, ബെലിൻഡ ബെൻസിച് എന്നിവരും കളത്തിലിറങ്ങുന്നുണ്ട്. ഇന്ന് നടക്കുന്ന ആദ്യ റൗണ്ടിൽ ചൈനയുടെ ഴാങ് ഷുവായ് ബെലാറുസിന്റെ അലിയക്സാന്ദ്ര സൻസോവിഷിനെ നേരിടും. ബെൻസിചിന്, ക്ലാര ടൗസനാണ് എതിരാളി.