ഇനിയാണു തണുപ്പ്
text_fieldsദോഹ: കഴിഞ്ഞ ദിവസങ്ങളിൽ അനുഭവിച്ചറിഞ്ഞതല്ല, വരാനിരിക്കുന്നതാണ് കൊടും തണുപ്പിന്‍റെ നാളുകളെന്ന് അധികൃതരുടെ മുന്നറിയിപ്പ്.
വർഷത്തിലെ ഏറ്റവും തണുപ്പുള്ള ദിവസങ്ങൾ എന്നറിയപ്പെടുന്ന 'ബര്‍ദ് അല്‍ അസാരിഖ്' തിങ്കളാഴ്ച മുതൽ അടുത്ത തിങ്കളാഴ്ച വരെ (ജനുവരി 31) നീണ്ടുനിൽക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.
വർഷത്തിലെ ഏറ്റും തണുപ്പേറിയ ദിനങ്ങളാവും ഈ എട്ടു ദിവസങ്ങളെന്നും, തണുപ്പിനെ നേരിടാനുള്ള വ്യക്തിസുരക്ഷ മാർഗങ്ങൾ സ്വീകരിക്കണമെന്നും വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന തണുപ്പിന്‍റെ തുടർച്ചയായാണ് ഏറ്റവും കഠിനമായ തണുപ്പിലേക്ക് കാലാവസ്ഥ മാറുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ അബൂ സംറ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ മൈനസ് ഡിഗ്രിയിലും കുറവായിരുന്നു അന്തരീക്ഷ താപനില.
പൊതുവേ രാത്രിസമയങ്ങളിൽ 10 ഡിഗ്രിയിലും താഴെയായി രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും അനുഭവപ്പെട്ടു. ഖത്തര്‍ കാലാവസ്ഥ വകുപ്പിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഞായറാഴ്ച രാവിലെ, ഒമ്പതിനും 14 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരുന്നു ശരാശരി താപനില. ഏറ്റവും കുറഞ്ഞ തണുപ്പായി സൗദ നതീലിൽ ആറ് ഡിഗ്രിയും അടയാളപ്പെടുത്തി.