നാടെങ്ങും പെരുന്നാൾ വൈബ്
text_fieldsബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കതാറയിൽ നടന്ന വെടിക്കെട്ടിന്റെ ദൃശ്യം -ചിത്രം: ഹാറൂൺ പാലങ്ങാട്
ദോഹ: പെരുന്നാൾ അവധിക്കാലത്തെ ആഘോഷമാക്കി ഖത്തറിലെ പ്രവാസികളും സ്വദേശികളും. വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിച്ച് വൈകുന്നേരത്തോടെ തുടങ്ങി ഖത്തറിലെ പ്രധാന കേന്ദ്രങ്ങളിലെ ഉത്സവാഘോഷങ്ങൾ. കതാറയിലും വക്റ സൂഖിലും കണ്ണിനിമ്പം നൽകുന്ന കാഴ്ചയായി വെടിക്കെട്ടുകൾ അരങ്ങേറി. മുശൈരിബ്, ഓൾഡ് ദോഹ പോർട്ട്, 974 ബീച്ച്, പേൾ ഖത്തർ ഉൾപ്പെടെ കേന്ദ്രങ്ങളിൽ വിവിധ വിനോദ പരിപാടികളുമായി ബഹുകേമം. ഒപ്പം, പ്രവാസി മലയാളികൾക്ക് ആഘോഷമാക്കാൻ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ സംഗീത പരിപാടികളും, വിനോദങ്ങളും സജീവം. ഒപ്പം അൽ ഖോറിലും ഏഷ്യൻ ടൗണിലുമായി പെരുന്നാളിന്റെ രണ്ടു ദിനങ്ങളിൽ ആഭ്യന്തര മന്ത്രാലയം നേതൃത്വത്തിൽ വിവിധ കലാപരിപാടികളും ബോധവത്കരണവും അരങ്ങേറിയതോടെ പെരുന്നാൾ ഹാപ്പിയായി മാറി.
കതാറയിലെ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ച പരിപാടിയിൽ നിന്ന്
പതിവുപോലെ തന്നെ വെടിക്കെട്ടുകളുള്ള രണ്ട് സ്ഥലങ്ങളായിരുന്നു ഏറ്റവും തിരക്കേറിയ കേന്ദ്രങ്ങളായി മാറിയത്. കതാറ കൾചറൽ വില്ലേജും അൽ വക്റ സൂഖും സ്വദേശികളും പ്രവാസികളുമായി നിറഞ്ഞു കവിഞ്ഞു. കതാറയിൽ മൂന്നു ദിവസങ്ങളിലായി വെടിക്കെട്ട് അരങ്ങേറി. വക്റ സൂഖിലെ വെടിക്കെട്ട് തിങ്കളാഴ്ചയോടെ അവസാനിക്കും. ദിവസവും രാത്രി 8.30ന് നടന്ന വെടിക്കെട്ടിന് സാക്ഷ്യംവഹിക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സന്ദർശകർക്ക് സുരക്ഷ സൗകര്യവുമായി അധികൃതരും സജീവമായുണ്ടായിരുന്നു.അൽ വക്റയിലെ കടൽതീരത്തായി നടക്കുന്ന വെടിക്കെട്ട് വർണംവിതറി ആകാശത്തേക്ക് പടരുമ്പോൾ ആഘോഷവും ഉയരുന്നു. മൊബൈൽ ഫോണിൽ വിഡിയോയും ചിത്രങ്ങളും പകർത്തി സമൂഹ മാധ്യമങ്ങളിലും ഖത്തറിലെ ഈദ് ആഘോഷം ട്രെൻഡായി മാറി.
രണ്ടാം പെരുന്നാൾ ദിനത്തിൽ കതാറ കൾചറൽ വില്ലേജിലെത്തിയ സന്ദർശകർ
ഖത്തറിലെ ആഘോഷങ്ങളുടെ ആസ്ഥാനമെന്ന പദവി കതാറ കൾചറൽ വില്ലേജ് ഇത്തവണയും കൈവിട്ടില്ല. പെരുന്നാളിന്റെ ഒന്നും രണ്ടും മൂന്നും ദിനങ്ങളിലായി പതിനായിരങ്ങളാണ് കതാറയിലെത്തിയത്. വെടിക്കെട്ടിന് പുറമെ, മൊറോക്കോ, സിറിയൻ പാരമ്പര്യ നൃത്ത്യങ്ങളും വാദ്യങ്ങളും സന്ദർശകർക്ക് മനോഹര ആസ്വാദനം സമ്മാനിച്ചു.സംഗീതപരിപാടി, നൃത്തം എന്നിവ ഉൾപ്പെടെ അറേബ്യൻ സാംസ്കാരിക വിരുന്നാണ് ഇവിടെ സജീവമായത്. അൽ തുറായ പ്ലാനറ്റേറിയത്തിൽ വിദ്യാഭ്യാസ -ശാസ്ത്ര പ്രദർശനങ്ങൾ, ബിൽഡിങ് 18ലെ ‘വിൻഡോസ് ഫ്രം ഗസ്സ’ പ്രദർശനം, കതാറ ഊദ് സെന്ററിലെ സംഗീത പരിപാടികൾ എന്നിവയും മികച്ച വിരുന്നായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

