പെരുന്നാളിനെ വരവേറ്റ്
text_fieldsദോഹ: ഇന്ന് വിശ്വാസസമൂഹത്തിന് അറഫാദിനം. ഹജ്ജ് കർമം പ്രധാന ചടങ്ങിലേക്ക് നീങ്ങിയപ്പോൾ ലോകം ഒന്നാകെ ബലിപെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. പെരുന്നാളും ആഘോഷവുമെല്ലാം കോവിഡിൽ കുരുങ്ങിയ മുൻ വർഷത്തേക്കാൾ ഏറെ ആശ്വാസത്തിലാണ് ഇത്തവണ ജനങ്ങൾ പെരുന്നാൾ ആഘോഷത്തെ വരവേൽക്കുന്നത്. മുൻവർഷങ്ങളിൽ െചറിയ പെരുന്നാളും ബലിപെരുന്നാളും കടുത്ത കോവിഡ് നിയന്ത്രണങ്ങളിലായിരുന്നുവെങ്കിൽ ഇക്കുറി വാക്സിനേഷൻ നൽകിയ ആശ്വാസം എല്ലായിടത്തുമുണ്ട്. കോവിഡ് പ്രതിരോധ വാക്സിനുകൾ രാജ്യത്തെ 40 പിന്നിട്ട 85 ശതമാനം പേർക്കും ലഭ്യമായതും കൗമാരക്കാർ ഉൾപ്പെടെയുള്ളവർക്ക് വാക്സിനേഷൻ നടപടികൾ ആരംഭിച്ചതും ഈ പെരുന്നാളിനെത്തുന്ന ആശ്വാസമാണ്. യാത്രാനിയന്ത്രണങ്ങൾ ലഘൂകരിച്ചതും രണ്ടു വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറൻറീൻ ഒഴിവാക്കിയതുമെല്ലാം ഇരട്ടി സന്തോഷവുമായി.
റെസ്റ്റാറൻറ് ബുക്കിങ് സജീവം
മാളുകളും ഷോപ്പിങ് സെൻററുകളും വസ്ത്രക്കടകളും കഴിഞ്ഞാൽ ഏറ്റവും ഏറെ തിരക്ക് റെസ്റ്റാറൻറുകളിലാണ്. ഈദ്ദിനത്തിൽ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം പാർട്ടികൾക്ക് പദ്ധതിയിടുന്നവർ ഇതിനകംതന്നെ റെസ്റ്റാറൻറുകളിൽ പെരുന്നാൾ വിഭവങ്ങൾക്കായി ബുക്കിങ് തുടങ്ങിക്കഴിഞ്ഞു. പ്രത്യേക ഓഫറുകൾ നൽകിയാണ് പല റെസ്റ്റാറൻറുകളും ഉപഭോക്താക്കളെ പിടിക്കുന്നത്.
'കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ ബുക്കിങ്ങുകളാണ് നടന്നത്. പ്രധാന റെസ്റ്റാറൻറുകളിൽ ഉച്ച, രാത്രി ഭക്ഷണങ്ങൾക്ക് ബുക്കിങ് പൂർത്തിയായിക്കഴിഞ്ഞു. പ്രധാനമായും രാത്രി ഏഴിനുശേഷമാണ് കൂടുതൽ ബുക്കിങ്' -റെസ്റ്റാറൻറ് റിസർവേഷൻ ആപ്ലിക്കേഷനായ 'യൂടിസീറ്റ്' സി.ഇ.ഒ ആലിയ ഫാത്തിമ ലാല പറയുന്നു. കോവിഡ് കാരണം അവധിക്കാല യാത്രകൾ മുടങ്ങിയതും കൂടുതൽ പേരും രാജ്യത്തുതന്നെ തങ്ങാൻ തീരുമാനിച്ചതും റെസ്റ്റാറൻറ് ബുക്കിങ് സജീവമാക്കിയതായി ഇവർ പറയുന്നു.
ഹോട്ടൽ, കഫറ്റീരിയ ഉൾപ്പെടെ മറ്റു മേഖലകളിലും ഈദ് ദിനങ്ങളിൽ കൂടുതൽ തിരക്ക് പ്രതീക്ഷിച്ചിരിക്കുകയാണ് മലയാളികൾ ഉൾപ്പെടെയുള്ള വ്യാപാരികൾ. സജീവമായി വസ്ത്രവിപണി
മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ഷോപ്പിങ് തിരക്കിലായിരുന്നു ഞായറാഴ്ച. പൊതു അവധിയി ആരംഭിച്ചതോടെ കഴിഞ്ഞ വൈകുന്നേരവും രാത്രിയിലും പ്രധാനപ്പെട്ട മാളുകളിലും വിവിധ സൂഖുകളിലും തിരക്കേറി. 'കഴിഞ്ഞ വർഷം രണ്ടു പെരുന്നാളും ഇവിടെ തന്നെയായിരുന്നു. കോവിഡും ശമ്പളം പകുതിയായി കുറച്ചതും കാരണം പുതുവസ്ത്രം ഒഴിവാക്കി. എന്നാൽ, ഇക്കുറി വാക്സിൻ രണ്ടു ഡോസും എടുത്താണ് പെരുന്നാളിന് ഒരുങ്ങുന്നത്. അതിനാൽ പുതുവസ്ത്രവും ഒഴിവാക്കുന്നില്ല' -ഞായറാഴ്ച 'ഡി' റിങ്ങിലെ ലുലു മാളിൽ ഷോപ്പിങ്ങിനെത്തിയ മലപ്പുറം സ്വദേശി ശംസുദ്ദീൻ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.