ആഘോഷത്തിന്റെ പെരുന്നാൾ തലേന്ന്; പള്ളികളും ഈദ്ഗാഹുകളുമായി 733 ഇടങ്ങളിൽ പെരുന്നാൾ നമസ്കാരം
text_fieldsദോഹ: പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും ഖത്തറിലെ സ്വദേശികളും താമസക്കാരും ബലിപെരുന്നാൾ ഒരുക്കത്തിൽ. ലോകമെമ്പാടുമുള്ള വിശ്വാസികൾക്കൊപ്പം ഖത്തറിലെ ജനങ്ങളും ഇന്ന് അറഫ നോമ്പിന്റെ ആത്മനിർവൃതിയിലാണ്. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം നടക്കുന്ന ചൊവ്വാഴ്ച, ഐക്യദാർഢ്യപ്പെട്ട് വിശ്വാസികൾ നോമ്പെടുക്കും.
ബലിപെരുന്നാളിനോടനുബന്ധിച്ച് ഖത്തറിന്റെ പൈതൃക പാരമ്പര്യങ്ങളിലൊന്നായ ഹയ്യ ബെയ്യ ആഘോഷത്തിന് ഓൾഡ് ദോഹ പോർട്ട് ഇന്നലെ വേദിയായി. ഖത്തറിന്റെ സാംസ്കാരിക പൈതൃകം പുതിയ തലമുറയിലേക്ക് കൈമാറുകയെന്ന ലക്ഷ്യത്തോടെയാണ് ഓൾഡ് ദോഹ പോർട്ട് പരിപാടി സംഘടിപ്പിച്ചത്.
തലമുറകളായി കൈമാറി വരുന്ന ഖത്തറിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായാണ് ഹയ്യ ബെയ്യ ആചരിക്കുന്നത്. പെരുന്നാളിന് ആഴ്ചകൾ മുമ്പ് കുട്ടികൾ ചെറു ഈന്തപ്പനക്കൂടുകളായ അൽ ഹയ്യയിൽ ചെടികൾ നട്ടുവളർത്തുകയും ആഘോഷ ദിവസത്തിൽ നാടോടി ഗാനങ്ങൾ ആലപിച്ച് അവ കടലിലേക്ക് ഒഴുക്കിവിടുകയും ചെയ്യുന്നതാണ് ആഘോഷം.
വേനൽച്ചൂടിന്റെ കാഠിന്യത്തിലും പെരുന്നാളിനെ വരവേൽക്കാൻ മലയാളികളടക്കമുള്ള പ്രവാസികളും പൂർണ്ണമായി ഒരുങ്ങിക്കഴിഞ്ഞു. നാടും വീടും വിട്ട് അകലെയുള്ള പെരുന്നാൾ ആഘോഷങ്ങൾക്ക് ഗൾഫ് മണ്ണിൽ പകിട്ടേറുന്നത് പ്രവാസികളുടെ ഒരുമയിലാണ്. പെരുന്നാൾ ഒരുക്കങ്ങളുടെ ഭാഗമായി ഖത്തറിലെ ഹൈപ്പർമാർക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും വലിയ തിരക്കാണ് കഴിഞ്ഞദിവസങ്ങളിൽ അനുഭവപ്പെടുന്നത്.
നാളെ പുലർച്ചെയുള്ള ഈദ് നമസ്കാരത്തിനായി ഖത്തർ മതകാര്യ മന്ത്രാലയം വിപുലമായ സൗകര്യങ്ങളാണ് രാജ്യത്തുടനീളം ഒരുക്കിയിരിക്കുന്നത്. ഔഖാഫിന് കീഴിലെ ശൈഖ് അബ്ദുല്ല ബിൻ ആൽമഹ്മൂദ് ഇസ്‌ലാമിക് കൾച്ചറൽ സെന്റന്റെ നേതൃത്വത്തിൽ വിവിധ മലയാളി സംഘടനകളുമായി ചേർന്ന് പെരുന്നാൾ ഖുതുബയുടെ മലയാള പരിഭാഷാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി രാജ്യവാപകമായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
പെരുന്നാൾ നമസ്കാരം നടക്കുന്ന ഈദ്ഗാഹുകൾ, പള്ളികൾ, പാർക്കുകൾ, ബീച്ചുകൾ എന്നിവടങ്ങളിൽ പ്രത്യേക ശുചീകരണ കാമ്പയിനുകൾ സംഘടിപ്പിച്ചിട്ടുണ്ട്. പെരുന്നാൾ അവധിക്കാലത്ത് സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്ന പ്രതീക്ഷയിൽ, കുടുംബങ്ങൾക്കും സന്ദർശകർക്കുമായി രാജ്യത്തെ പാർക്കുകൾ, ബീച്ചുകൾ, മറ്റ് വിനോദ കേന്ദ്രങ്ങൾ എന്നിവയെല്ലാം അറ്റകുറ്റപ്പണികളും ശുചീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കി പൂർണ്ണ സജ്ജമാക്കിയിട്ടുണ്ട്. .
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും നഗരശുചിത്വം നിലനിർത്തുന്നതിനുമായി പ്രത്യേക കർമ്മപദ്ധതികളാണ് മന്ത്രാലയം ആവിഷ്കരിച്ചത്. അറവുശാലകൾ, മാംസ വിൽപനശാലകൾ, ബേക്കറികൾ, റെസ്റ്റാറന്റുകൾ എന്നിവ കേന്ദ്രീകരിച്ച് വ്യാപകമായ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തിയിട്ടുണ്ട്.
പെരുന്നാൾ നമസ്കാരം രാവിലെ അഞ്ചിന്
ദോഹ: ഖത്തറിൽ ബലിപെരുന്നാൾ നമസ്കാരത്തിനായി പള്ളികളും ഈദ്ഗാഹുകളും ഉൾപ്പെടെ 733 ഇടങ്ങൾ സജ്ജമാക്കിയതായി ഇസ്‍ലാമിക മതകാര്യമന്ത്രാലയമായ ഔഖാഫ് അറിയിച്ചു. ബുധനാഴ്ച രാവിലെ അഞ്ചിനാണ് ഈദ് നമസ്കാരം. ദോഹയിലെ വിവിധ മേഖലകൾ, അൽ വക്റ, അൽ ഖോർ, ദുഖാൻ, ലുസൈൽ, ഷഹാനിയ, അൽ റയ്യാൻ തുടങ്ങി വ്യത്യസ്ത പ്രദേശങ്ങളിലെല്ലാം ഒരേസമയം ഈദ് നമസ്കാരം നടക്കും.
പള്ളികളുടെയും ഈദ് പ്രാർഥനാ മൈതാനങ്ങളുടെയും വിവരങ്ങൾ ഔഖാഫ് വെബ്സൈറ്റ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദോഹയിൽ വിവിധ സ്റ്റേഡിയങ്ങൾ, മൈതാനങ്ങൾ, പാർക്കിങ് കേന്ദ്രങ്ങൾ എന്നിവടങ്ങളിലും പതിവ്പോലെ നമസ്കാര സൗകര്യമുണ്ട്. സൂര്യോദയത്തിന് തൊട്ടു പിന്നാലെയാണ് നമസ്കാരമെന്നതിനാൽ കടുത്ത വേനൽ ചൂട് ആരംഭിക്കും മുമ്പേ വിശ്വാസികൾക്ക് കർമ്മങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.
വിവിധയിടങ്ങളിൽ മലയാള ഖുതുബ
ദോഹ: ഖത്തർ ഇസ്‍ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിന് കീഴിലെ ശൈഖ് അബ്ദുല്ല ബിൻ അൽ മഹ്മൂദ് ഇസ്‌ലാമിക് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ വിവിധ മലയാളി സംഘടനകളുമായി ചേർന്ന് പെരുന്നാൾ ഖുതുബയുടെ മലയാള പരിഭാഷാ സൗകര്യം ഒരുക്കും. പള്ളികൾ, സ്റ്റേഡിയങ്ങളിലെ ഈദ്ഗാഹ് വേദികൾ എന്നിവടങ്ങളിലാണ് പ്രവാസി മലയാളികൾക്കായി ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.
അൽ ഖോർ ലുലു ഈദ് ഗാഹ് (ജംഷീദ് ഇബ്രാഹിം), മസ്ജിദ് മുനീറ അൽ സുവൈദി-യൂനിവേഴ്സിറ്റി പെട്രാൾ പമ്പിന് സമീപം (ഡോ. അബ്ദുൽ വാസിഅ്), അൽ അറബി സ്റ്റേഡിയം ഈദ് ഗാഹ് (പി.പി. അബ്ദുറഹീം), വക്റ സ്പോർട്സ് ക്ലബ് ഗ്രൗണ്ട് -പഴയ അൽ മീര (കെ.ടി. മുബാറക്), ജാസിം ദർവീസ് ഈദ് ഗാഹ് -റീജൻസി സിഗ്നലിന് സമീപം (യാസിർ അറഫാത്ത്), അൽ മെസില ആയിഷ ബിൻത് മുഹമ്മദ് അൽ സുവൈദി മസ്ജിദ് (മുജീബ് റഹ്മാൻ മദനി), അൽ സദ്ദ് സ്പോർട്സ് ക്ലബ് സ്റ്റേഡിയം (ഉമർ ഫൈസി) എന്നിവർ പരിഭാഷ നിർവഹിക്കും. ഇവിടങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

