പെരുന്നാൾ: രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ
text_fieldsദോഹ: ബലി പെരുന്നാളിനോടനുബന്ധിച്ച് ദോഹയിലും പരിസര പ്രദേശങ്ങളിലും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ. മൂന്ന് മാസത്തോളമായി തുടരുന്ന ഉപരോധത്തിന് നടുവിലാണെങ്കിലും ആഘോഷ പരിപാടികൾക്ക് കോട്ടമൊന്നും തട്ടിയിട്ടില്ല. ജി.സി.സി, അറബ് രാജ്യങ്ങളിൽ നിന്നടക്കം സന്ദർശകരെ സ്വീകരിക്കാനും അവർക്ക് ആനന്ദം പകരാനും ഉതകുന്ന തരത്തിലുള്ള വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
ഒമാൻ, കുവൈത്ത് എന്നീ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള നിരവധി സന്ദർശകരാണ് ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയിട്ടുള്ളത്. ദോഹ സൂഖ് വാഖിഫ്, കതാറ കൾച്ചറൽ വില്ലേജ്, വക്റ സൂഖ് വാഖിഫ്, വിവിധ മാളുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വ്യത്യസ്ത പരിപാടികൾ ഒരുക്കിയതായി സംഘാടകർ അറിയിച്ചു. ശക്തമായ ഉഷ്ണമാണെങ്കിലും സ്വദേശികളുടെയും വിദേശികളുടെയും വലിയ സാന്നിധ്യമാണ് ഇവിടങ്ങളിൽ അനുഭവപ്പെട്ടത്.
കതാറയിൽ സംഘടിപ്പിച്ച പരിപാടികൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ്. കതാറയിൽ അറബ് നാടൻ കലകളിലൂന്നി തയാറാക്കിയ പരിപാടികൾക്ക് വലിയ തോതിലാണ് കാഴ്ചക്കാർ എത്തുന്നത്. സൂഖ് വാഖിഫിൽ കുട്ടികൾക്ക് ആടാനും പാടാനും കളിവണ്ടികളിൽ കയറാനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അയൽ രാജ്യങ്ങൾ പ്രഖ്യാപിച്ച ഉപരോധത്തിനിടയിലും രാജ്യത്തിന് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കാനെത്തിയ ആയിരങ്ങളെ വലിയ ആവേശത്തോടെയാണ് ഖത്തർ ടൂറിസം വകുപ്പ് സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
