ഈദ് അവധി ചൊവ്വാഴ്ച മുതൽ
text_fieldsദോഹ: ഖത്തറിൽ ബലിപെരുന്നാൾ അവധി ചൊവ്വാഴ്ച ആരംഭിക്കും. രാജ്യത്തെ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മറ്റ് പൊതു സ്ഥാപനങ്ങൾക്കും മേയ് 26 ചൊവ്വാഴ്ച മുതൽ 30 ശനിയാഴ്ച (ദുൽഹജ്ജ് 9- 13) വരെ അഞ്ച് ദിവസമാണ് അവധി പ്രഖ്യാപിച്ചത്.
ബലിപെരുന്നാൾ അവധി സംബന്ധിച്ച് ഞായറാഴ്ച രാവിലെയാണ് അമിരി ദിവാൻ ഉത്തരവ് പുറപ്പെടുവിച്ചത്. ബുധനാഴ്ചയാണ് ഖത്തർ ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളിൽ പെരുന്നാൾ ആഘോഷങ്ങൾ. പെരുന്നാൾ അവധിക്ക് ശേഷം മേയ് 31 ഞായറാഴ്ച ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.
അതേസമയം, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള മൂന്ന് ദിവസത്തെ അവധി തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. ലേബർ നിയമപ്രകാരം പൂർണ്ണ ശമ്പളത്തോടു കൂടിയ മൂന്ന് ദിവസത്തെ അവധിയാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഭിക്കുക. ഈദ് അവധി ദിവസങ്ങളിൽ ജീവനക്കാരെ ജോലിക്ക് നിയോഗിക്കേണ്ടി വരികയാണെങ്കിൽ, ലേബർ നിയമത്തിലെ ആർട്ടിക്കിൾ (74) അനുസരിച്ചുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും.
ഖത്തറിലെ ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളിലും മേയ് 26 ചൊവ്വാഴ്ച മുതൽ ഈദ് അവധി ആരംഭിക്കുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. മേയ് 28 വ്യാഴാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം, വെള്ളി, ശനി ദിനങ്ങളിലെ വാരാന്ത്യ അവധിയും കഴിഞ്ഞ് മേയ് 31 ഞായറാഴ്ചയാകും രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും പതിവുപോലെ തുറന്ന് പ്രവർത്തിക്കുകയെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

