Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഈദ് അവധി; ഗതാഗതവും...

ഈദ് അവധി; ഗതാഗതവും സുരക്ഷയും ഉറപ്പാക്കി ആഭ്യന്തര മന്ത്രാലയം കർമപദ്ധതി

text_fields
bookmark_border
ഈദ് അവധി; ഗതാഗതവും സുരക്ഷയും ഉറപ്പാക്കി ആഭ്യന്തര മന്ത്രാലയം കർമപദ്ധതി
cancel

ദോഹ: പെരുന്നാൾ ദിനങ്ങളിലെയും തുടർന്നുള്ള ദിവസങ്ങളിലെയും തിരക്ക് കണക്കിലെടുത്ത് ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനും ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച കർമപദ്ധതി വിജയകരം. ആഘോഷ വേളകളിൽ ഖത്തറിലെ റോഡുകളിൽ ക്രമസമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷനൽ കമാൻഡ് സെന്ററും (എൻ.സി.സി) ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും സ്വീകരിച്ച മുൻകരുതൽ നടപടികൾ വലിയ പങ്കുവഹിച്ചു.

തിരക്കേറിയ സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം നിലനിർത്തുന്നതിനും ട്രാഫിക് പട്രോളിങ് ആൻഡ് ഇൻവെസ്റ്റിഗേഷൻ വകുപ്പ് ഇക്കാലയളവിൽ കഠിനപ്രയത്നം നടത്തിയതായി ക്യാപ്റ്റൻ ഫഹദ് മുഹമ്മദ് അൽ സുലൈത്തി പറഞ്ഞു.

ഈദ് സമയത്ത് ഏറ്റവും കൂടുതലായി കാണുന്ന നിയമലംഘനം ഗതാഗതം തടസ്സപ്പെടുത്തലുകളാണ്. പ്രത്യേകിച്ച് വാണിജ്യ കേന്ദ്രങ്ങൾക്കും ഈദ് ആഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളിലും ഇത് വ്യാപകമാവും -ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

കുട്ടികൾ വാഹനങ്ങളുടെ വിൻഡോയിലൂടെ തലകൾ പുറത്തേക്ക് നീട്ടുന്നതും കാറിന്റെ സൺറൂഫ് തുറന്നു നിൽക്കുന്നതും സുരക്ഷാ വീഴ്ചകളാണെന്നും ഇത്തരത്തിലുള്ള ചില സംഭവങ്ങൾ നിരീക്ഷിച്ചതായും അൽ സുലൈത്തി കൂട്ടിച്ചേർത്തു. റോഡ് ഉപയോക്താക്കൾക്കിടയിൽ അവബോധം വളർത്തുന്നതിന് ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് വലിയ പദ്ധതി വികസിപ്പിച്ചിട്ടുണ്ടെന്നും, വകുപ്പ് ആസ്ഥാനത്തും സർവകലാശാലകളിലും ഡ്രൈവിങ് സ്‌കൂളുകളിലും കമ്പനികളിലും സെമിനാറുകളും ശിൽപശാലകളും സംഘടിപ്പിച്ച് നിരവധി ഭാഷകളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു.

ഈ വർഷത്തെ ഈദ് ആഘോഷ വേളയിൽ സമഗ്രമായ ഗതാഗത കർമപദ്ധതിയാണ് നടപ്പാക്കിയതെന്നും, സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിലും പൊതു സുരക്ഷ വർധിപ്പിക്കുന്നതിലും ഇത് വലിയ പങ്കുവഹിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രാഫിക് വകുപ്പ്, നാഷനൽ കമാൻഡ് സെന്റർ, റെസ്‌ക്യൂ പൊലീസ് വകുപ്പ് (അൽ ഫസ) എന്നിവയുൾപ്പെടുന്ന വിവിധ വകുപ്പുകളുടെ ഏകോപിത ശ്രമങ്ങൾ ഈ പദ്ധതിയിലുൾപ്പെടുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

ഈദ് പ്രാർഥനാസ്ഥലങ്ങൾ, പള്ളികൾ, റെസിഡൻഷ്യൽ ഏരിയകൾ, മാളുകൾ, മാർക്കറ്റുകൾ, പാർക്കുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അധിക പട്രോളിങ് നടത്തി. ഗതാഗതക്കുരുക്ക് കുറക്കുന്നതിനും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയുള്ള ഗതാഗതം സുഗമമാക്കുന്നതിനും മെട്രോ, മെട്രോലിങ്ക് പോലുള്ള നൂതന പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid HolidayMinistry of Home AffairsQatar NewsTraffic security
News Summary - Eid holiday; Ministry of Home Affairs action plan to ensure traffic and security
Next Story