വ്രതവിശുദ്ധിയുടെ നാളുകൾക്കൊടുവിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷം
text_fieldsപെരുന്നാൾ സന്തോഷം പങ്കുവെക്കുന്ന ഖത്തറിലെ കുടുംബം (ചിത്രം: രശ്മി ഫ്രെയിം ലെൻസ്)
ദോഹ: 29 ദിവസം നീണ്ട വ്രതദിനങ്ങൾക്കൊടുവിൽ ഇതര ഗൾഫ് നാടുകൾക്കൊപ്പം ഖത്തറിനും ഇന്ന് സന്തോഷപ്പെരുന്നാൾ. 30 തികച്ച് തിങ്കളാഴ്ചയാകുമോ പെരുന്നാൾ എന്ന കാത്തിരിപ്പുകൾക്കൊടുവിലാണ് ശനിയാഴ്ച വൈകുന്നേരത്തോടെ മാസപ്പിറ തെളിഞ്ഞ വാർത്തകളെത്തിയത്. ഇതോടെ, നാട്ടിലെ ബന്ധുക്കളേക്കാൾ നേരത്തേ പ്രവാസത്തിൽ പെരുന്നാളായി. ഗൾഫ് നാടുകളിൽ മാർച്ച് ഒന്നിനാണ് റമദാൻ ആരംഭിച്ചതെങ്കിൽ, നാട്ടിൽ ഒരു ദിവസം വൈകിയായിരുന്നു നോമ്പ് തുടങ്ങിയത്.
രാവിലെ 5.43നാണ് ഖത്തറിൽ പെരുന്നാൾ നമസ്കാരം പ്രഖ്യാപിച്ചത്. ഈദ് ഗാഹുകളും പള്ളികളും ഉൾപ്പെടെ 690 കേന്ദ്രങ്ങൾ നമസ്കാരത്തിനായി സജ്ജമായി കഴിഞ്ഞു. എജുക്കേഷൻ സിറ്റി സ്റ്റേഡിയം, ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളി, മുശൈരിബ് തുടങ്ങി ദോഹയിലും നഗരത്തിന് പുറത്തുമായി വിവിധ ഇടങ്ങളിൽ പെരുന്നാൾ നമസ്കാരത്തിനായി ഒരുക്കം പൂർത്തിയാക്കിക്കഴിഞ്ഞു.
അതിരാവിലെ ജനങ്ങൾ ഈദ് നമസ്കാര സ്ഥലങ്ങളിലേക്ക് ഒഴുകുന്നതിനാൽ റോഡിലും മറ്റും തിരക്ക് പരിഗണിച്ച് വിപുലമായ സൗകര്യങ്ങളാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയത്.
സ്കൂളുകളിൽ നേരത്തേ അവധി ആരംഭിക്കുകയും, സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിൽ വെള്ളിയാഴ്ചയോടെ അവധി തുടങ്ങുകയും ചെയ്തതോടെ നേരത്തേ തന്നെ ഖത്തറും പെരുന്നാൾ ആരവങ്ങളിൽ മുങ്ങിയിരുന്നു. വെള്ളി, ശനി ദിവസങ്ങളിൽ രാത്രി വൈകിയും സൂഖിലും മാളുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
വിവിധ ഇടങ്ങളിൽ മലയാള പരിഭാഷ
ശൈഖ് അബ്ദുല്ലാഹ് ബിൻ സയ്ദ് ആൽ മഹ്മൂദ് ഇസ്ലാമിക് കൾചറൽ സെന്റർ ആഭിമുഖ്യത്തിൽ പ്രവാസി മലയാളികൾക്കായി വിവിധ ഇടങ്ങളിൽ പെരുന്നാൾ ഖുതുബയുടെ മലയാള പരിഭാഷ ഒരുക്കി.
വുകൈർ മസ്ജിദ് ശൈഖ് അബ്ദുറഹ്മാൻ ആൽഥാനിയിൽ കെ.ടി. മുബാറക്, അബുഹമൂർ ജാസിം ദർവിഷ് ഈദ്ഗാഹിൽ അനൂപ് ഹസൻ, അൽഖോർ ലുലു ഈദ്ഗാഹിൽ ജംഷീദ് ഇബ്രാഹിം, അൽ അറബി സ്റ്റേഡിയത്തിൽ പി.പി റഹീം, ഡി റിങ് റോഡ് ലുലു ഹൈപ്പർമാർക്കറ്റ് പാർക്കിങ് ഗ്രൗണ്ടിലെ ഈദ് ഗാഹിൽ ഹാഫിദ് അസ്ലം, മുൻതസ പാർക്കിനോട് ചേർന്നുള്ള അബൂബക്കർ സിദ്ദീസ് സ്കൂളിന് സമീപത്തെ മസ്ജിദിൽ ഉമർ ഫൈസി എന്നിവർ പരിഭാഷ നിർവഹിക്കും.
കച്ചവടം പൊടിപൊടിച്ച് ഈദ് ബസാർ; ഇന്ത്യൻ വിപണിയുമായി ഐ.സി.സിയിലെ ഈദ് ബസാർ
ദോഹ: മൈലാഞ്ചിയും പുതുവസ്ത്രങ്ങളും പരമ്പരാഗത ഉടുപ്പുകളും ആഭരണങ്ങളും കരകൗശല വസ്തുക്കളുമായി ഇന്ത്യൻ കൾചറൽ സെന്ററിനെ സജീവമാക്കി ഈദ് ബസാർ മേള. വെള്ളി, ശനി ദിവസങ്ങളിലായി നടന്ന ഈദ് ബസാറിൽ പ്രവാസി ഇന്ത്യക്കാരുടെ തിരക്ക്കൊണ്ട് ശ്രദ്ധേയമായി.
ഐ.സി.സി അശോക ഹാളിലും പരിസരത്തുമായാണ് വിപുലമായ വിൽപന മേളയും മെഹന്ദി നൈറ്റും സംഘടിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. കോൺസുലർ ഡോ. വൈഭവ് തണ്ഡലെ മുഖ്യാതിഥിയായി. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ സംസാരിച്ചു. ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് സ്വാഗതവും, സന്ദീപ് ശ്രീറാംറെഡ്ഢി നന്ദിയും പറഞ്ഞു.

അപെക്സ് ബോഡി ഭാരവാഹികളായ ഇ.പി. അബ്ദുൽറഹ്മാൻ, താഹ മുഹമ്മദ്, ദീപക് ഷെട്ടി എന്നിവർ പങ്കെടുത്തു. രണ്ടു ദിവസങ്ങളിലായി നടന്ന മേളയിൽ ഇന്ത്യൻ വൈവിധ്യങ്ങളുമായി 60ഓളം സ്റ്റാളുകൾ അണിനിരന്നു. കരകൗശല വസ്തുക്കൾ, തുകൽ ഉൽപന്നങ്ങൾ, ആഭരണങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവയുമായി വിവിധ ഇന്ത്യൻ സംരംഭകർ അണിനിരന്നു.
ഇന്ത്യൻ ഭക്ഷ്യരുചികളുമായി ഒരുക്കിയ ഫുഡ് കോർട്ടും ശ്രദ്ധേയമായി. പെരുന്നാളിന് ഒരുങ്ങാനെത്തിയവരെ മൈലാഞ്ചിയണിയിക്കുന്ന ലൈവ് ഹൈന്നയും ആകർഷകമായി.

പെരുന്നാൾ നമസ്കാരവും ആഘോഷവുമായി എജുക്കേഷൻ സിറ്റി സ്റ്റേഡിയം
ദോഹ: പെരുന്നാൾ ദിനത്തിൽ ഈദ് നമസ്കാരവും ആഘോഷങ്ങളുമായി വിശ്വാസികളെ കുടുംബസമേതം വരവേൽക്കാൻ എജുക്കേഷൻ സിറ്റി സ്റ്റേഡിയം. ലോകകപ്പ് ഫുട്ബാളിനു പിന്നാലെ ഖത്തറിൽ എല്ലാ പെരുന്നാളിനും ഈദ് ഗാഹ് വേദിയായി മാറിയ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ തുടർച്ചയായി മൂന്നാം വർഷമാണ് ഈദാഘോഷമൊരുങ്ങുന്നത്.
കഴിഞ്ഞ പെരുന്നാളിന് 30,000ത്തിലേറെ പേര് സ്റ്റേഡിയത്തില്‍ നമസ്കാരത്തിനും തുടര്‍ന്നു നടന്ന ആഘോഷ പരിപാടികള്‍ക്കും എത്തിയിരുന്നു. ഇത്തവണയും വിപുലമായ സൗകര്യങ്ങളാണ് വിശ്വാസികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ 6,13,17,24,28,35, 39 ഗേറ്റുകളിലൂടെയാണ് പ്രവേശനം.
വെസ്റ്റ് കാര്‍ പാര്‍ക്ക്, ഇ.സി ഹോസ്പിറ്റാലിറ്റി പാര്‍ക്കിങ്, ഓക്സിജന്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ പാര്‍ക്കിങ് സൗകര്യവുണ്ട്. ഓക്സിജന്‍ പാര്‍ക്കില്‍നിന്നും അല്‍ ഷഖബില്നിന്നും ട്രാം സര്‍വിസുണ്ടാകും. നമസ്കാരത്തിന് പിറകെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങളും വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.എജുക്കേഷന്‍ സിറ്റി പള്ളിയില്‍ പെരുന്നാള്‍ നമസ്കാര സൗകര്യമില്ല.
രാഷ്ട്രനേതാക്കൾക്ക് അമീറിന്റെ ഈദ് ആശംസ
ദോഹ: വിവിധ ഇസ്ലാമിക രാഷ്ട്ര നേതാക്കൾക്കും, സൗഹൃദ രാഷ്ട്രത്തലവന്മാർക്കും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പെരുന്നാൾ ആശംസകൾ നേർന്നു. ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി എന്നിവരും പെരുന്നാൾ ആശംസകൾ നേർന്നു.

അമീറിന്റെ ഈദ് നമസ്കാരം ലുസൈലിൽ
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലുസൈലിൽ ഈദ് നമസ്കാരത്തിൽ പങ്കെടുക്കും. ലുസൈലിലെ പ്രാർഥനാ മൈതാനിയിൽ പൊതുജനങ്ങൾക്കും മന്ത്രിമാർ, ശൈഖുമാർ ഉൾപ്പെടെയുള്ളവർക്കുമൊപ്പമാണ് അമീർ പെരുന്നാൾ നമസ്കാരം നിർവഹിക്കുക. തുടർന്ന് രാവിലെ സമൂഹത്തിലെ വിവിധ വ്യക്തികളെ ലുസൈൽ പാലസിൽ സ്വീകരിക്കുകയും ഈദ് ആശംസകൾ കൈമാറുകയും ചെയ്യും. ശൈഖുമാർ, മന്ത്രിമാർ, ശൂറാ കൗൺസിൽ സ്പീക്കർ, കൗൺസിൽ അംഗങ്ങൾ, ഉദ്യോഗസ്ഥർ, പൗരന്മാർ എന്നിവർ രാവിലെ ആറു വരെ ഈദ് ആശംസ കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

