പ്രവാസത്തിൽ ആഘോഷപ്പെരുന്നാൾ
text_fieldsത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ആഘോഷമായി ഗൾഫ് നാടുകളിൽ ഇന്ന് ബലിപെരുന്നാൾ,പുത്തനുടുപ്പണിഞ്ഞ് പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങുന്ന ഖത്തറിലെ പ്രവാസി കുടുംബം. ഫോട്ടോ; അഷ്കർ ഒരുമനയൂർ
ഫോട്ടോ;അഷ്കർ ഒരുമനയൂർ
ഖത്തറിലെ പ്രവാസി കുടുംബം
ദോഹ: ത്യാഗസ്മരണകളുമായി പ്രവാസത്തിൽ ഇന്ന് പെരുന്നാൾ പുലരി. നാട്ടിലെ ബന്ധുക്കളും പ്രിയപ്പെട്ടവരും പെരുന്നാളിനെ ശനിയാഴ്ച വരവേൽക്കുമ്പോൾ പതിവുപോലെത്തന്നെ പ്രവാസത്തിൽ ഒരു ദിവസം മുമ്പേ പെരുന്നാളെത്തി. വെള്ളിയാഴ്ച രാവിലെ 4.58നാണ് പെരുന്നാൾ നമസ്കാരം പ്രഖ്യാപിച്ചത്. പള്ളികളിലും ഈദ്ഗാഹുകളിലുമായി 710 ഇടങ്ങളിലാണ് നമസ്കാര സൗകര്യം ഒരുക്കിയത്. എട്ട് ഇടങ്ങളിൽ ഈദ് നമസ്കാര ഖുതുബയുടെ മലയാള പരിഭാഷാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വേനൽ കടുത്തതിന് പിന്നാലെയാണ് ബലിപെരുന്നാളുമെത്തുന്നത്. ചൂടിന്റെ കാഠിന്യം ശക്തമാകും മുമ്പുതന്നെ നമസ്കാരങ്ങൾ പൂർത്തിയാക്കി റൂമുകളിലും വീടുകളിലും തിരികെയെത്താമെന്ന പ്രതീക്ഷയിലാണ് വിശ്വാസി സമൂഹം. പെരുന്നാൾ പ്രമാണിച്ച് പൊതുമേഖല, സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അവധി വ്യാഴാഴ്ചതന്നെ ആരംഭിച്ചുകഴിഞ്ഞു. ചൊവ്വാഴ്ചയാണ് പ്രവൃത്തി ദിനം പുനരാരംഭിക്കുന്നത്. നിരവധി സ്വകാര്യ സ്ഥാപനങ്ങളിലും വ്യാഴാഴ്ചതന്നെ അവധി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി പെരുന്നാൾ വിപണി സജീവമാണ്. പുത്തനുടുപ്പുകൾ തേടിയും വീടുകളിലേക്കുള്ള അവശ്യ വസ്തുക്കൾ സംഘടിപ്പിക്കാനുമായി ഹൈപ്പർമാർക്കറ്റുകൾ മുതൽ ചില്ലറ വിൽപന കേന്ദ്രങ്ങൾ വരെ വൻതിരക്ക് അനുഭവപ്പെട്ടു.
നാടെങ്ങും ഇനി പെരുന്നാൾ ആഘോഷങ്ങൾ
കതാറ കോർണിഷ്, അൽ വക്റ ഓൾഡ് സൂഖ്, ഓൾഡ് ദോഹ പോർട്ട്, ഏഷ്യൻ ടൗൺ, മുശൈരിബ്, പേൾ ഐലൻഡ്, ജിവാൻ ഐലൻഡ്, 974 ബീച്ചിലെ ഈദ് കാർണിവൽ, സിറ്റി സെന്ററിലെ ഈസ്റ്റ് ഫ്ലവേഴ്സ്, ക്യു.എൻ.സി.സി ഹാളിലെ ലെഗോ ഷോ തുടങ്ങി പെരുന്നാളിന് വിപുലമായ ആഘോഷങ്ങളാണ് ഖത്തറിലെങ്ങും. സ്വദേശികളും പ്രവാസികളും ആവേശത്തോടെ കാത്തിരിക്കുന്ന വെടിക്കെട്ടിന് കതാറ കോർണിഷും അൽ വക്റ ഓൾഡ് സൂഖുമാണ് ഇത്തവണ വേദിയാകുന്നത്. ജൂൺ ആറ് മുതൽ എട്ട് വരെ രാത്രി 8.30നാണ് കതാറയിലെ വെടിക്കെട്ട്. ആറ് മുതൽ ഒമ്പതുവരെ നാലു ദിവസങ്ങളിലാണ് അൽ വക്റ സൂഖിലെ വെടിക്കെട്ട്. രാത്രി 8.30ന് ആകാശത്ത് വർണവിസ്മയവുമായി ആഘോഷങ്ങളുയരും.
കതാറയില സാംസ്കാരിക പരിപാടികൾ, പരമ്പരാഗത കലാ പ്രദർശനങ്ങൾ, ഖത്തരി അർദ നൃത്തം, അൽതുറായ പ്ലാനറ്റേറിയം ഷോ, കരകൗശല മാർക്കറ്റ് എന്നിവക്കു പുറമെ, കുട്ടികൾക്ക് കൈനിറയെ സമ്മാനങ്ങളും കാത്തിരിക്കുന്നു. പെരുന്നാൾ ദിനമായ വെള്ളിയാഴ്ച മുതൽ എട്ടു വരെയാണ് കതാറയിലെ പെരുന്നാൾ. വൈകീട്ട് ആറ് മുതൽ രാത്രി 10 വരെ പരിപാടികൾ സജീവമാകും.
ഓൾഡ് പോർട്ടിൽ കടൽ ആഘോഷങ്ങൾ
ഖത്തറിലെ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയ ഓൾഡ് ദോഹ പോർട്ടിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് നാലു ദിവസങ്ങളിൽ ആഘോഷ നാളുകൾ. വെള്ളിയാഴ്ച തുടങ്ങി ജൂൺ ഒമ്പത് വരെയായി സമുദ്ര വിനോദ പരിപാടികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് കാർണിവൽ ഒരുക്കുന്നത്. ദിവസവും വൈകീട്ട് 6.30ന് തുടങ്ങി രാത്രി 10 വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാനാവുന്നതാണെന്ന് ഓൾഡ് ദോഹ പോർട്ട് അധികൃതർ അറിയിച്ചു. പരമ്പരാഗത കടൽതീര ബാൻഡ് സംഘം നയിക്കുന്ന ഷോ, പൈതൃക കഥകൾ പരിചയപ്പെടുത്തുന്ന കലാകാരന്മാരുടെ പ്രകടനങ്ങൾ എന്നിവ ആകർഷകമാകും. ഇതോടൊപ്പം പൊയ്കാൽ നടത്തം, റോളർ സ്കേറ്റിങ്, ബൈക്ക് പരേഡ് എന്നിവ കൂടി ചേരുമ്പോൾ ആഘോഷം കളറാകും.
ദോഹ ഓൾഡ് പോർട്ട്
ഖത്തറിന്റെ ഭൂതകാലത്തെ ആഘോഷിക്കുന്ന അപൂർവമായ അനുഭവങ്ങളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഓൾഡ് പോർട്ട് സി.ഇ.ഒ എൻജി. മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു. ജനങ്ങളെ സമുദ്ര പാരമ്പര്യവുമായി ബന്ധിപ്പിക്കുന്നതിനൊപ്പം, രാജ്യത്തിന്റെ പൈതൃകത്തിലേക്കുള്ള യാത്രകൂടി വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

