ബലിപെരുന്നാൾ ഒരുക്കങ്ങൾ പൂർത്തിയാക്കി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം
text_fieldsദോഹ: ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. രാജ്യത്തെ സ്വദേശികൾക്കും താമസക്കാർക്കും സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷത്തിൽ പെരുന്നാളും അവധി ദിനങ്ങളും ആഘോഷിക്കാൻ ലക്ഷ്യമിട്ട്, ആരോഗ്യ -സുരക്ഷാ പരിശോധനകൾ, ഫീൽഡ് സർവിസുകൾ, പാർക്കുകൾ -മറ്റ് പൊതുസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവ ഉറപ്പാക്കിയുള്ള പ്രവർത്തനങ്ങളാണ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്.
പെരുന്നാൾ പ്രമാണിച്ച് വിവിധ റെസ്റ്റാറന്റുകൾ, ബേക്കറികൾ, ഇറച്ചി -മത്സ്യ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പ്രത്യേക സംഘങ്ങളുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി കൃത്യമായ ഇടവേളകളിൽ സാമ്പിളുകൾ ശേഖരിച്ച് ലാബുകളിലേക്ക് പരിശോധനക്കായി അയക്കും.
ബലിമൃഗങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ അറവുശാലകളിൽ പരിശോധന നടത്തുന്നതിനായി കൂടുതൽ വെറ്ററിനറി ഡോക്ടർമാരെയും ഇൻസ്പെക്ടർമാരെയും നിയോഗിച്ചു. പെരുന്നാൾ ദിനങ്ങളിൽ 24 മണിക്കൂറും ഇവർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ സേവനമനുഷ്ഠിക്കും. ബലി അറുക്കുന്നതിന് മുമ്പും ശേഷവും പരിശോധന നടത്തി രോഗങ്ങളില്ലെന്നും ഭക്ഷ്യ യോഗ്യമാണെന്നും ഉറപ്പാക്കും.
തിരക്ക് ഒഴിവാക്കാനും സുഗമമായ പ്രവർത്തനത്തിനുമായി ഇവിടങ്ങളിൽ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യമുള്ള ബലിമൃഗങ്ങളെ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിനെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി കാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ലൈസൻസുള്ള അറവുശാലകളിൽ മാത്രം ബലിനടത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഈദ് ഗാഹുകൾ, പള്ളികൾ, മാർക്കറ്റുകൾ, താമസ സ്ഥലങ്ങൾ, മാലിന്യ ശേഖരണ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിപുലമായ അണുനശീകരണ -കീടനാശിനി പ്രയോഗങ്ങളും നടത്തിവരുന്നുണ്ട്. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെയും അനുമതിയില്ലാത്ത പരസ്യങ്ങൾ സ്ഥാപിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും.
പെരുന്നാൾ അവധിക്കാലത്ത് സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്ന പ്രതീക്ഷയിൽ, കുടുംബങ്ങൾക്കും സന്ദർശകർക്കുമായി രാജ്യത്തെ പാർക്കുകൾ, ബീച്ചുകൾ, മറ്റ് വിനോദ കേന്ദ്രങ്ങൾ എന്നിവയെല്ലാം അറ്റകുറ്റപ്പണികളും ശുചീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കി പൂർണ്ണ സജ്ജമാക്കിയിട്ടുണ്ട്.
പാർക്കുകളിലെ കളിസ്ഥലങ്ങൾ, വാട്ടർ കൂളറുകൾ, ശുചിമുറികൾ, പൊതു സൗകര്യങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികളും ശുചീകരണവും പൂർത്തിയാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വിലയിരുത്തി. പെരുന്നാൾ അവധിദിനങ്ങളിൽ അടിയന്തിര സേവനങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ, മറ്റ് പരാതികൾ എന്നിവ മന്ത്രാലയത്തിന്റെ 184 എന്ന കോൾ സെന്റർ നമ്പറിലൂടെ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

