ദോഹ: രക്താർബുദം, മജ്ജാർബുദം എന്നിവക്ക് മികച്ച ചികിത്സ ഖത്തറിൽ തന്നെ ലഭ്യമാണെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ അറിയിച്ചു. ഈ രോഗം ബാധിച്ചവർക്ക് മികച്ച ചികിത്സ തേടി ഇനി മുതൽ വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ടതില്ല. കാൻസർ ഗവേഷണ കേന്ദ്രത്തിൽ ഏറ്റവും നവീനമായ സാങ്കേതിക സൗകര്യങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. വിവിധ ഇനങ്ങളിലുള്ള അർബുദ രോഗങ്ങളെ ചികിത്സിക്കുന്നതിന് വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ ഇനത്തിൽ പെട്ട അർബുദചികിൽസകൾക്കും പ്രഗത്ഭരായ ഡോക്ടർമാരെയാണ് നിയമിച്ചിരിക്കുന്നത്. ഖത്തറിൽ പുരുഷൻമാരിൽ ഏറ്റവും അധികം കണ്ടുവരുന്നത് രക്താർബുദമാണ്.
കുട്ടികളിൽ വരെ ലുക്കീമിയ രോഗം കാണപ്പെട്ട് വരുന്നതായും അധികൃതർ അറിയിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന കാൻസർ ബോധവത്കരണ കാമ്പയിനിൽ പൊതുജനങ്ങളെ ഈ രോഗവുമായി ബന്ധപ്പെട്ട് വ്യാപകമായി ബോധവത്കരണം നടത്താനാണ് തീരുമാനിച്ചത്. രക്താർബുദത്തിലെ വിവിധ ഇനങ്ങളെ സംബന്ധിച്ച പ്രത്യേകം ബോധവത്കരണം നടത്തിയതായും ഹമദ് മെഡിക്കൽ കോർപ്പറേഷൻ അറിയിച്ചു. കാൻസർ ചികിത്സ സങ്കീർണമാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ നേരത്തെ കണ്ടെത്താനുള്ള പരിശോധനകൾ നടത്തുന്നത് ചികിത്സക്ക് സഹായകമാകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.