ഇ.എഫ് സർഗോത്സവം; ടി.കെ.എം കോളജ് അലുമ്നിക്ക് ഓവറോൾ കിരീടം
text_fieldsഇ.എഫ് ഹെക്സാ ടെക് സർഗോത്സവത്തിൽ വിജയികളായ കൊല്ലം ടി.കെ.എം കോളജ് ഓഫ് എൻജിനീയറിങ് അലുമ്നി ടീം അംഗങ്ങളുടെ ആഹ്ലാദം
ദോഹ: ഖത്തറിലെ മലയാളി എൻജിനീയർമാരുടെ കൂട്ടായ്മയായ എൻജിനീയേഴ്സ് ഫോറം കലാ മാമാങ്കമായ ഇ.എഫ് ഹെക്സാ ടെക് സർഗോത്സവത്തിന് പ്രൗഢഗംഭീരമായ കൊടിയിറക്കം. പഴയ കലാലയകാലം ഓർമിപ്പിച്ച് അംഗങ്ങൾ മാറ്റുരച്ച മേളയിൽ 365 പോയന്റുകളുമായി കൊല്ലം ടി.കെ.എം കോളജ് ഓഫ് എൻജിനീയറിങ് അലുമ്നി ഓവറോൾ ചാമ്പ്യന്മാരായി.
കൊച്ചിൻ യൂനിവേഴ്സിറ്റി ഖത്തർ അലുമ്നി അസോസിയേഷൻ (266) രണ്ടാം സ്ഥാനത്തും കണ്ണൂർ എൻജിനീയറിങ് കോളജ് അലുമ്നി അസോസിയേഷൻ (259) മൂന്നാം സ്ഥാനത്തും എത്തി.
മേയ് 9, 16, 22, 23 എന്നീ തീയതികളിലായിരുന്നു കേരളത്തിൽനിന്നുള്ള എൻജിനീയറിങ് കോളജ് അലുമ്നി സംഘടനകൾ സർഗ ശേഷിയിൽ മാറ്റുരച്ച മത്സര പരിപാടികൾ വുകൈറിലെ നോബിൾ ഇന്റർനാഷനൽ സ്കൂളിൽ അരങ്ങേറിയത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ അംഗങ്ങളുടെ മക്കളും, ഇ.എഫ് അംഗങ്ങളും അവരുടെ ജീവിത പങ്കാളികളും മുതിർന്നവർക്കായുള്ള വിഭാഗങ്ങളിലും 42 ഇനങ്ങളിൽ നടന്ന വാശിയേറിയ മത്സരങ്ങളിൽ കൊമ്പുകോർത്തു.
1750ൽ ഏറെ പേർ വിവിധ വിഭാഗങ്ങളിലായി രജിസ്റ്റർ ചെയ്ത് പങ്കാളികളായി. നാട്ടിൽനിന്നെത്തിയ ബിജു ധ്വനി തരംഗ്, കലാമണ്ഡലം പൗർണമി ചന്ദ്രൻ, കലാമണ്ഡലം സ്വാതി, കലാമണ്ഡലം ഗീത സേതുമാധവൻ, ലുലു മുഹമ്മദലി എന്നിവർ വിദഗ്ധ ജഡ്ജിങ് പാനൽ അംഗങ്ങളായി. സമാപന മത്സരങ്ങളുടെ ഉദ്ഘാടനം ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ് നിർവഹിച്ചു. ഇ.എഫ് പ്രസിഡന്റ് ആഷിഖ് അഹ്മദ് അധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ സ്വാഗതം പറഞ്ഞു. നോബ്ൾ സ്കൂൾ ജനറൽ സെക്രട്ടറി ബഷീർ പുളിക്കൽ, ബി.ഒ.ജി ചെയർമാൻ ഷൗക്കത്തലി ടി.എ.ജെ, ഇ.എഫ് ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സംജാദ് ഹുസൈൻ നന്ദി പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ സലീം അബൂബക്കർ, തനൂജ എന്നിവർ സമ്മാനദാനത്തിന് നേതൃത്വം നൽകി. ആർട്സ് സെക്രട്ടറി സംജാദ് ഹുസൈൻ, ആർട്സ് അസോസിയേറ്റ് ശ്രീജിഷ ഗണേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മത്സര പരിപാടികൾ ഏകോപിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

