പഠിച്ചുവളരാൻ ഓർമിപ്പിച്ച് വിദ്യാഭ്യാസ ദിനാചരണം
text_fieldsവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ ഓഡിയോ എജുക്കേഷൻ കോംപ്ലക്സ് സന്ദർശിക്കുന്നു
ദോഹ: വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം സമൂഹത്തിലേക്ക് പകർന്നുകൊണ്ട് അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനാചരണം. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി തുടരുന്ന വിവിധ പരിപാടികളോടെയാണ് ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ഖത്തർ ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ദിനം ആഘോഷിച്ചത്.
‘വിദ്യാഭ്യാസം, എല്ലാവരുടെയും ഉത്തരവാദിത്തം’ എന്ന പ്രമേയത്തിലായിരുന്നു ഇത്തവണ വിദ്യാഭ്യാസ ദിനം. വിവിധ മേഖലകളിലെ രാജ്യത്തിന്റെ വിദ്യാഭ്യാസ കുതിപ്പിനെ അടയാളപ്പെടുത്തുന്നതായിരുന്നു ദിനാഘോഷം. മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ ഓഡിയോ എജുക്കേഷൻ കോംപ്ലക്സ് സന്ദർശിച്ചു.
ശ്രവണ വൈകല്യമുള്ളവരുടെ പഠനങ്ങൾക്കായി ഒരുക്കിയ സൗകര്യങ്ങളിലൂടെ മന്ത്രി പര്യടനം നടത്തി. ആംഗ്യ ഭാഷാ അവതരണത്തിന് മന്ത്രി സാക്ഷ്യം വഹിച്ചു. കേന്ദ്രത്തിലെ വിവിധ പഠന വിഭാഗങ്ങൾ സന്ദർശിച്ച മന്ത്രി വിദ്യാർഥികളുടെ പ്രകടനങ്ങൾ ആസ്വദിച്ച് അവരെ അഭിനന്ദിച്ചു.
വിദ്യാഭ്യാസ ദിനത്തിന്റെ ഭാഗമായി അക്കാദമിക് മേഖലയിൽ മികവ് പുലർത്തിയതിന് മൈ വൈറ്റ് ഫ്ലാഗ് പുരസ്കാരം നേടിയവരെ മന്ത്രാലയം ആദരിച്ചു. കിൻഡർഗാർട്ടൻ ക്ലാസുകളിൽ വിവിധ തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം സമ്മാനിച്ചത്. വിദ്യാഭ്യാസത്തിന്റെ അടിത്തറ പാകുന്ന നഴ്സറി ക്ലാസുകളിൽ മികച്ച വിദ്യാഭ്യാസ സംസ്കാരം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഉമർ അബ്ദുൽഅസീസ് അൽ നാമ വ്യക്തമാക്കി.
വിവിധ പരിപാടികൾ, പ്രദർശനം, ശിൽപശാല, മത്സരങ്ങൾ എന്നിവയുമായി സർക്കാർ, സ്വകാര്യ സ്കൂളുകൾ കേന്ദ്രീകരിച്ചും അന്താരാഷ്ട്ര ദിനം ആചരിക്കുന്നുണ്ട്.
ആയിരങ്ങൾ അണിനിരന്ന് വിദ്യാഭ്യാസ നടത്തം
ദോഹ: വിദ്യാഭ്യാസ മുന്നേറ്റത്തിന് ആഹ്വാനം ചെയ്തുകൊണ്ട് വ്യാഴാഴ്ച രാത്രിയിൽ മിയ പാർക്കിലെ നടത്തത്തിൽ അണിനിരന്നത് ആയിരങ്ങൾ.
എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ (ഇ.എ.എ) നേതൃത്വത്തിൽ ഇസ്ലാമിക് മ്യൂസിയവുമായി ചേർന്നായിരുന്നു അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനത്തിന്റെ ഭാഗമായി ‘വാക് ഫോർ എജുക്കേഷൻ’ എന്ന പേരിൽ നടത്തം സംഘടിപ്പിച്ചത്.
ഇ.എ.എ നേതൃത്വത്തിൽ സംഘടിപ്പിച്ച വാക് ഫോർ എജുക്കേഷൻ പരിപാടിയിൽ പങ്കെടുത്തവർ
വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ ഇ.എ.എ പിന്തുണയോടെ പ്രവർത്തിക്കുന്ന അസ്സലാം സ്കൂളുകളുടെ പ്രവർത്തനത്തിന് ബഹുജന പിന്തുണ തേടിക്കൊണ്ട് നടന്ന പരിപാടിയിൽ കളിയും വിനോദവും വിജ്ഞാനവുമായി നിരവധി പേർ പങ്കുചേർന്നു. കുടുംബങ്ങൾമുതൽ വിവിധ കോർപറേറ്റ് സ്ഥാപനങ്ങൾവരെ പരിപാടിയിൽ പങ്കെടുത്തു. ഉച്ചക്ക് രണ്ട്, വൈകുന്നേരം നാല്, രാത്രി ഏഴ് മണി സമയങ്ങളിലായി വിദ്യാഭ്യാസം ഉറപ്പാക്കാൻ പ്രത്യേക നടത്തവും സംഘടിപ്പിച്ചു. വിദ്യാഭ്യാസ ഉന്നമനത്തിൽ നാട് ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു പതിനായിരങ്ങളുടെ പങ്കാളിത്തമെന്ന് ഇ.എ.എ ഫൗണ്ടേഷൻ കമ്യൂണിക്കേഷൻസ് ഡയറക്ടർ താജ് സുലൈമാൻ പറഞ്ഞു.
ഫുട്ബാൾ ടൂർണമെന്റ്, കലാമത്സരങ്ങൾ, കാലിഗ്രഫി ശിൽപശാല ഉൾപ്പെടെ വിവിധ പരിപാടികളും അരങ്ങേറി. ‘ഒരു ഇഷ്ടിക വാങ്ങൂ, ഒരു സ്കൂൾ പണിയൂ’ എന്ന സന്ദേശവുമായി നടന്ന കാമ്പയിനിലും നിരവധി പേർ സംഭാവനകളുമായി പങ്കുചേർന്നു. അസ്സലാം സ്കൂൾ വികസന പ്രവർത്തനങ്ങൾക്കുവേണ്ടിയായിരുന്നു ഈ കാമ്പയിൻ.
ഖത്തർ ഫൗണ്ടേഷൻ സംഗമത്തിൽ ശൈഖ മൗസ പങ്കെടുത്തു
ദോഹ: അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസം എല്ലാവരുടെയും ഉത്തരവാദിത്തമാണ് എന്ന തലക്കെട്ടിൽ ഖത്തർ ഫൗണ്ടേഷൻ ഫോർ എജ്യുക്കേഷൻ, സയൻസ് ആൻഡ് കമ്യൂണിറ്റി ഡെവലപ്മെന്റ് (ക്യു.എഫ്) പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ അൽ മിസ്നദ് പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി അറബി ഭാഷയുടെ സംരക്ഷണം സാമൂഹിക ഉത്തരവാദിത്തമാണ് എന്ന പ്രമേയത്തിൽ ഖത്തർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടന സെഷനിലാണ് ശൈഖ മൗസ എത്തിയത്. ജോർഡനിലെ റോയൽ സയന്റിഫിക് സൊസൈറ്റി പ്രസിഡന്റ് സുമയ ബിൻത് എൽ ഹസൻ ബിൻ തലാൽ, ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സനും സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി, ഹരിരി ഓർഗനൈസേഷൻ പ്രസിഡന്റ് ബഹിയ ഹരീരി എന്നിവരും നിരവധി ശൈഖുമാരും മന്ത്രിമാരും ഉന്നത വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.
പരിപാടിയോടനുബന്ധിച്ച് നടന്ന പാനൽ ചർച്ചയിൽ നേതൃത്വം, വിദ്യാഭ്യാസം, അറബി ഭാഷ എന്നിവയിൽ വിദഗ്ധയായ ഹദീൽ അൽ അബ്ബാസി, വിദേശ ഭാഷാ പ്രഭാഷകർക്കുള്ള അറബി ലെക്ചററായ ഡോ. ലൈല ഫെമലർ, ബാല സാഹിത്യകാരിയും വിദ്യാഭ്യാസ വിചക്ഷണയുമായ അമൽ ഫറാ, ഖത്തർ ഫൗണ്ടേഷൻ പ്രീ യൂനിവേഴ്സിറ്റി എജുക്കേഷനിലെ ശൈഖ നൗഫ് അഹ്മദ് ബിൻ സൈഫ് ആൽഥാനി എന്നിവർ പങ്കെടുത്തു.
ഖത്തർ ഫൗണ്ടേഷൻ വിദ്യാഭ്യാസ ദിന പരിപാടിയിൽ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ അൽ മിസ്നദ് പങ്കെടുക്കുന്നു
അറബി ഭാഷയുടെ ഉപയോഗം വർധിപ്പിക്കുന്നതിനും അറബ് സമൂഹത്തിൽ അതിന്റെ സ്വാധീനവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടുന്നതിനും നൂതന രീതികൾ ഉപയോഗിക്കേണ്ട ആവശ്യകതയും പാനൽ ചൂണ്ടിക്കാട്ടി.
അറബി ഭാഷ പഠിപ്പിക്കുന്നതിനുള്ള നൂതന വിദ്യാഭ്യാസ ഉപകരണങ്ങളുടെ പങ്കിനെക്കുറിച്ചും കുട്ടികളുടെ ഭാഷയുമായുള്ള ബന്ധം വർധിപ്പിക്കുന്നതിൽ സംസാര ഭാഷയുടെ പ്രാധാന്യവും ഡോ. ലൈല ചർച്ചക്കിടെ പറഞ്ഞു.
വളർന്നുവരുന്ന തലമുറകളുടെ സാംസ്കാരിക വ്യക്തിത്വം കെട്ടിപ്പടുക്കുന്നതിൽ ബാലസാഹിത്യത്തിന്റെ പങ്കിനെക്കുറിച്ചും അറബി ഭാഷയുടെ പദവി ഉയർത്തുന്നതിൽ ബാലസാഹിത്യം പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക മൂല്യങ്ങൾ സംബന്ധിച്ചും അമൽ ഫറാ സംസാരിച്ചു. അന്താരാഷ്ട്ര വിദ്യാഭ്യാസ പദ്ധതിയിൽ അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യം ശൈഖ നൗഫ് ആൽഥാനി വ്യക്തമാക്കി.
അന്താരാഷ്ട്ര പാഠ്യപദ്ധതിക്കുള്ളിൽ അറബി ഭാഷയിലുള്ള വിദ്യാഭ്യാസത്തെ പിന്തുണക്കുകയെന്ന ലക്ഷ്യത്തോടെ റാസിഖ് സംരംഭത്തിന്റെ ചട്ടക്കൂടിനുള്ളിൽ വിദ്യാഭ്യാസ മന്ത്രാലയവും തമ്മിലുള്ള പങ്കാളിത്തവും ചടങ്ങിൽ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

