സുഡാനിലെ അനാഥകൾക്കായുള്ള വിദ്യാഭ്യാസ നഗരം ഉടൻ തുറക്കും
text_fieldsദോഹ: സുഡാനിൽ അനാഥകൾക്കായി ഖത്തർ ചാരിറ്റി നിർമിച്ച ഏറ്റവും വലിയ വിദ്യാഭ്യാസ നഗരം ഉടൻ തുറന്നു കൊടുക്കും.സുഡാനിലെ അനാഥ സംരക്ഷണ രംഗത്ത് ഏറ്റവും വലിയ സംരംഭമായിട്ടാണ് ഖത്തർ ചാരിറ്റിയുടെ ത്വയ്ബ എജ്യുക്കേഷൻ സിറ്റിയെ സുഡാൻ വിദ്യാഭ്യാസ മന്ത്രാലയം കണ്ടിരിക്കുന്നത്. സുഡാനിലെ ഉംദുർമാൻ മേഖലയിൽ ഖത്തറിൽ നിന്നുള്ള ഉദാരമതികളുടെ സഹായത്താലാണ് പദ്ധതി നടപ്പാക്കുന്നത്. 600 അനാഥകൾക്ക് ഒരേ സമയം മികച്ച സംരക്ഷണവും പരിരക്ഷയും ഉറപ്പുവരുത്താൻ എജ്യുക്കേഷൻ സിറ്റിയിലൂടെ സാധിക്കും. പദ്ധതിയിലൂടെ അനാഥകൾ, അവരുടെ കുടുംബാംഗങ്ങൾ, സുഡാനിലെ ഖാർതൂം പ്രവിശ്യയിലെ അർഹരായവർ എന്നിവരുൾപ്പെടെ 6500ലധികം പേർ പദ്ധതിയുടെ ഗുണഭോക്താക്കളാകും.
പദ്ധതി 95 ശതമാനം പൂർത്തിയായതായി സുഡാനിലെ ഖത്തർ ചാരിറ്റി ഓഫീസ് മേധാവി ഹുസൈൻ കർമാഷ് പറഞ്ഞു. സുഡാനിലെ കോവിഡ്–19 നിയന്ത്രണങ്ങൾ അവസാനിക്കുന്നതോടെ ഒന്നര മാസത്തിനുള്ളിൽ എജ്യുക്കേഷൻ സിറ്റി തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്തംബറിൽ അധ്യായന വർഷം ആരംഭിക്കുന്നതിന് മുമ്പ് ത്വയ്ബ എജ്യുക്കേഷൻ സിറ്റി പദ്ധതി പൂർത്തിയാകുമെന്നും സുഡാനിലെ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ സഹകരണത്തോടെ അർഹരായവരെയും അനാഥകളെയും തെരഞ്ഞെടുക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണെന്നും ഹുസൈൻ കർമാഷ് വ്യക്തമാക്കി.
രാജ്യത്തെ അർഹരായ അനാഥകൾക്ക് സമഗ്രമായ വിദ്യാഭ്യാസ സേവനം നൽകാൻ എജ്യുക്കേഷൻ സിറ്റി പ്രാപ്തമാണെന്നും അനാഥകളുടെ സംരക്ഷണത്തിന് സമൂഹം കൽപിക്കുന്ന മൂല്യത്തിെൻറ പ്രത്യക്ഷമായ അടയാളമാണിതെന്നും ഖാർതൂമിലെ വിദ്യാഭ്യാസ മന്ത്രാലയം ഡയറക്ടർ ജനറൽ മുഹമ്മദ് ഇബ്റാഹിം അലി ഫദലല്ലാഹ് പറഞ്ഞു.
9000 ചതുരശ്ര മീറ്ററിലുള്ള സിറ്റിയിൽ ഒമ്പത് ക്ലാസ്റൂമുകളും കമ്പ്യൂട്ടർ ലാബുമായി ഫൗണ്ടേഷൻ സ്കൂളും, നാല് ക്ലാസ് റൂമുകളും കമ്പ്യൂട്ടർ ലാബും ലബോറട്ടറി സംവിധാനങ്ങളുമുള്ള സെക്കൻഡറി സ്കൂളുമാണുള്ളത്. കൂടാതെ ഭരണനിർവഹണ കാര്യാലയങ്ങളും വിദ്യാർഥികൾക്കും സമീപ പ്രദേശങ്ങളിലെ അർഹരായവർക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രാഥമികാരോഗ്യ കേന്ദ്രവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
വിവിധോദ്ദേശ്യ ഹാളുകളും കായിക സൗകര്യങ്ങളും 600 വിദ്യാർഥികൾക്ക് താമസിക്കാനുള്ള ഡോർമിറ്ററിയും ഇവിടെ സജ്ജമാക്കുന്നുണ്ട്. ഖാർതൂമിൽ മാത്രം 60000 അനാഥകളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
