ഓടാൻ ഒരുങ്ങി എജുക്കേഷൻ സിറ്റി ഗ്രീൻ ലൈൻ ട്രാം
text_fieldsഎജുക്കേഷൻ സിറ്റി ട്രാം സർവിസ്
ദോഹ: ഖത്തർ ഫൗണ്ടേഷനിലെ ഗതാഗത ശൃംഖല കൂടുതൽ കരുത്തുറ്റതാക്കി ഗ്രീൻ ലൈൻ ട്രാം സർവിസ് പ്രവർത്തന സജ്ജമാവുന്നു. നിലവിലെ ബ്ലൂ, യെല്ലോ ലൈനുകൾക്കു പുറമെയാണ് കൂടുതൽ മേഖലകളിലെ യാത്ര അനായാസമാക്കുന്ന ഗ്രീൻ ലൈനും ഓടാൻ ഒരുങ്ങുന്നത്. നിർമാണമെല്ലാം പൂർത്തിയായ ലൈനിൽ വരും ദിവസങ്ങളിൽ ട്രയൽ റൺ ആരംഭിക്കുമെന്ന് ഖത്തർ ഫൗണ്ടേഷൻ അറിയിച്ചു. പരീക്ഷണയോട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമായിരിക്കും പൊതുജനങ്ങൾക്ക് പ്രവേശനം നൽകി സജീവ യാത്ര ആരംഭിക്കുന്നത്.
ഏജുക്കേഷൻ സിറ്റി മെട്രോ സ്റ്റേഷനിലെത്തുന്ന വിദ്യാർഥികളും പൊതുജനങ്ങളും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാനുള്ള യാത്രാ സംവിധാനമാണ് ട്രാമുകൾ. ഖത്തർ നാഷനൽ കൺവെൻഷൻ സെന്റർ, സിദ്ര മെഡിസിൻ, ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പാർക്ക് എന്നിവ ഉൾപ്പെടുന്ന എജുക്കേഷൻ സിറ്റിയുടെ നോർത് കാമ്പസിനെ ഖത്തർ ഫൗണ്ടേഷൻ യൂനിവേഴ്സിറ്റി, സ്കൂളുകൾ, സ്റ്റേഡിയം തുടങ്ങിയവ ഉൾപ്പെടുന്ന സൗത്ത് കാമ്പസുമായി ബന്ധിപ്പിക്കുന്നതാണ് ഗ്രീൻ ലൈൻ ട്രാം സർവിസ്.
അക്കാദമി, കമ്യൂണിറ്റി ഹൗസിങ് 1, കമ്യൂണിറ്റി ഹൗസിങ് 2, റിസേർച്ചറി വെസ്റ്റ്, റിസേർച്ചറി, ഹോട്ടൽസ്, ക്യൂ.എൻ.സി.സി, സിദ്ര എന്നിവയാണ് ലൈനിലെ സ്റ്റോപ്പുകൾ. എജുക്കേഷൻ സിറ്റിയിലൂടെയുള്ള ഗറാഫ -അൽ റയ്യാൻ റോഡ് ജങ്ഷൻ മുറിച്ചുകടന്നുകൊണ്ടായിരിക്കും ഗ്രീൻ ലൈൻ ട്രാമുകളുടെ സഞ്ചാരം. ഇവിടെ റോഡ് സുരക്ഷക്കുള്ള തയാറെടുപ്പുകളെല്ലാം ഒരുക്കിയിട്ടുണ്ട്.
ട്രാഫിക് സിഗ്നൽ, സ്പീഡ് കാമറി, ട്രാം കടന്നുപോകുമ്പോൾ ആവശ്യമായ തടസ്സങ്ങൾ എന്നിവ സജ്ജീകരിച്ചു. കാൽനടക്കാരും, വാഹനയാത്രികരും റോഡിലെ നിർദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. കാമ്പസിനുള്ളിൽ പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനം സജീവമാക്കുന്നതിന്റെ ഭാഗമായാണ് ട്രാം സർവിസ് സജീവമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

