പരിസ്ഥിതി സൗഹൃദം അൽ വക്റ നടപ്പാത
text_fieldsദോഹ: അൽ വക്റയിൽ സ്ഥാപിച്ച നടപ്പാത മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ഉദ്ഘാടനം ചെയ്തു. ഖത്തർ സുസ്ഥിരതാ വാരാഘോഷം 2020െൻറ ഭാഗമായും യുനെസ്കോയുടെ ഗ്ലോബൽ നെറ്റ്വർക്ക് ഓഫ് ലേണിങ് സിറ്റീസിൽ (ജി.എൻ.എൽ.സി) അൽ വക്റ അംഗത്വം നേടിയതിനോടനുബന്ധിച്ചുമാണ് പുതിയ നടപ്പാത തുറന്നുകൊടുത്തത്. പരിസ്ഥിതി സുസ്ഥിരത മാനദണ്ഡങ്ങൾ പാലിച്ചാണ് നടപ്പാത സ്ഥാപിച്ചിരിക്കുന്നത്.
പൂർണമായും പരിസ്ഥിതി സൗഹൃദ വസ്തുക്കളാണ് ഇവിടെ വെളിച്ചത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പുനഃചംക്രമണം ചെയ്ത വസ്തുക്കളാണ് നടപ്പാതക്കും ഇരിപ്പിടങ്ങൾക്കുമായി ഉപയോഗിച്ചതെന്നും വക്റ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥൻ ഒമർ അൽ ജാബിർ പറഞ്ഞു.
350 മീറ്റർ നീളത്തിലുള്ള നടപ്പാതയുടെ ഓരോ നിർമാണ ഘട്ടത്തിലും പരിസ്ഥിതി സൗഹൃദ വസ്തുക്കളാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഖത്തർ സുസ്ഥിരതാ വാരം മുന്നോട്ടുവെച്ച ആശയങ്ങളാണ് ഇതിന് പ്രചോദനമായതെന്നും അൽ ജാബിർ കൂട്ടിച്ചേർത്തു.
ഒരിക്കൽ ഉപയോഗിച്ചവ പാഴാക്കിക്കളയാതെ പുനരുപയോഗിക്കുന്ന കാര്യത്തിൽ രാജ്യം വൻ മാതൃകയാണ് വിവിധ പദ്ധതികളിൽ കാണിക്കുന്നത്. സൗരോര്‍ജത്താല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുക, വെള്ളത്തിെൻറ ഉത്തമ ഉപയോഗവും പുനരുപയോഗവും, വായു മലിനീകരണം കുറക്കല്‍, മാലിന്യ പുനഃചക്രമണം, ഊര്‍ജ കാര്യക്ഷമത വര്‍ധിപ്പിക്കല്‍, ഹരിത ഇടങ്ങള്‍ വര്‍ധിപ്പിക്കുക, ഹരിത സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പുനരുപയോഗ ഊര്‍ജ മേഖലയില്‍ രാജ്യത്തിെൻറ ലക്ഷ്യങ്ങൾ. കമ്യൂണിറ്റി വികസനം, സാമ്പത്തിക പുരോഗതി, പരിസ്ഥിതി സുസ്ഥിരത എന്നിവ ഉള്‍ക്കൊള്ളുന്ന സുസ്ഥിര വികസനമാണ് 2030 ഖത്തര്‍ ദേശീയ ദര്‍ശന രേഖയുടെ പ്രധാന ലക്ഷ്യം. ഭക്ഷ്യ സുരക്ഷ, ഉല്‍പാദനം വര്‍ധിപ്പിക്കല്‍, പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരത എന്നിവ ഉറപ്പാക്കുന്നതില്‍ വലിയ പുരോഗതിയാണ് രാജ്യം കൈവരിച്ചത്.
പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥ വ്യതിയാനം, പ്രകൃതി വിഭവ സംരക്ഷണം തുടങ്ങിയ കാര്യത്തില്‍ വലിയ ശ്രദ്ധയാണ് രാജ്യം നല്‍കുന്നത്. അന്തരീക്ഷ വായുവിെൻറ ശുദ്ധീകരണം ഉറപ്പാക്കുന്നതിലും സുസ്ഥിരതയെ പിന്തുണക്കുന്നതിനും അഞ്ച് പദ്ധതികളാണ് മന്ത്രാലയം നടപ്പാക്കിയത്. നഗരാസൂത്രണ മേഖലയില്‍ മികച്ച ജീവിതനിലവാരം ഉറപ്പാക്കാനുള്ള നടപടികളും പുരോഗതിയിലാണ്. മന്ത്രാലയത്തിലെ പ്രധാന വിഭാഗങ്ങളുടെ സജീവ പങ്കാളിത്തത്തില്‍ നഗര വികസനം, ആധുനിക നഗരങ്ങള്‍ക്കായുള്ള മികച്ച ആസൂത്രണം എന്നിവയിലൂടെയാണ് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഒരുങ്ങുന്നത്.
2022 ലോകകപ്പ് സ്റ്റേഡിയങ്ങള്‍ പ്രഥമ കാര്‍ബണ്‍രഹിത സ്റ്റേഡിയങ്ങളാക്കി മാറ്റുന്നതിലും ഖത്തര്‍ വിജയം കൈവരിച്ചു. പരിസ്ഥിതി സൗഹൃദ ടൂര്‍ണമെൻറ് ലക്ഷ്യമിട്ടാണ് സൗരോര്‍ജത്തിൽ പ്രവര്‍ത്തിക്കുന്ന സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുന്നത്. ഊര്‍ജ കാര്യക്ഷമത ഉറപ്പാക്കുന്ന ശീതീകരണ സംവിധാനങ്ങളും വെളിച്ച സാങ്കേതിക വിദ്യകളുമാണ് സ്റ്റേഡിയങ്ങളില്‍ ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സുസ്ഥിരത ഉറപ്പാക്കി ഹരിത കെട്ടിടങ്ങളാക്കി മാറ്റുന്നതിലും വലിയ വിജയം കൈവരിച്ചു. സുസ്ഥിരത മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഹരിത കെട്ടിടങ്ങളുടെ നിര്‍മാണത്തിനായി സ്വകാര്യ മേഖലയെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.വിവിധ റോഡ്പദ്ധതികളിലും പുനരുപയോഗ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. അതിെൻറ ഭാഗമായാണ് അൽ വക്റ നടപ്പാതയും പണിതീർത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

