പൈതൃക ആശയങ്ങൾക്ക് എർത്നാ അംഗീകാരം
text_fieldsഎർത്നാ പുരസ്കാര വിജയികൾ ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ, വൈസ് ചെയർപേഴ്സനും സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി
എന്നിവർക്കൊപ്പം
ദോഹ: ഭൂമിയുടെയും ആകാശത്തിന്റെയും സുസ്ഥിരതയെ കുറിച്ചുള്ള ചിന്തകളും ചർച്ചകളും സംവാദങ്ങളുമായി എർത്നാ ഉച്ചകോടിക്ക് ദോഹയിൽ തുടക്കമായി. ദോഹയിലെ രണ്ടു വേദികളിലായി ആരംഭിച്ച രണ്ടു ദിന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ പങ്കെടുത്തു.
ഉച്ചകോടിയിൽ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന പ്രഥമ എർത്നാ പുരസ്കാര ജേതാക്കളെയും പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു നിന്നുള്ള ഉർവി ഫൗണ്ടേഷൻ ഉൾപ്പെടെ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി 12 പ്രോജക്ടുകൾ ഫൈനൽ റൗണ്ടിൽ ഇടംപിടിച്ച 10 ലക്ഷം ഡോളറിന്റെ എർത്നാ പുരസ്കാരവിജയികളെയാണ് പ്രഖ്യാപിച്ചത്.
നീരുറവകളെ സംരക്ഷിച്ചുകൊണ്ട് കാമറൂണിൽ ജലസംരക്ഷണത്തിന്റെ മാതൃക തീർത്ത ‘ദ ഫാർമർ തനോത് ഫൗണ്ടേഷൻ’, ഗോത്ര വിഭാഗങ്ങളുടെ അപൂർവ അറിവുകൾ ഉപയോഗപ്പെടുത്തി കാലാവസ്ഥാ വ്യതിയാന വെല്ലുവിളി തടയാൻ ശ്രമിക്കുന്ന കൊളംബിയയിൽ നിന്നുള്ള വുഅസികമാസ് എനോനീറ, പരമ്പരാഗത കാർഷിക അറിവുകൾ ഉപയോഗപ്പെടുത്തി ഭക്ഷ്യക്ഷാമം പരിഹരിക്കുന്ന കെനിയയിലെ ബ്ലൂമിങ് വേൾഡ് ഇന്റർനാഷനലിന്റെ സീഡ്സ് ഓഫ് ചേഞ്ച് ഇനിഷ്യേറ്റിവ്, തീരദേശ സമൂഹവുമായി ചേർന്ന് മത്സ്യസമ്പത്ത് നിലനിർത്താനും മീൻപിടിത്ത ജീവിതത്തിന് പിന്തുണയും നൽകുന്ന ത്രൈവിങ് ഫിഷേഴ്സ് എന്നിവരാണ് പുരസ്കാര ജേതാക്കളായത്. വിജയികൾക്ക് ശൈഖ മൗസ എർത്നാ പുരസ്കാരം സമ്മാനിച്ചു.
രണ്ടു ദിനത്തിലായി ലോകത്തെ പ്രമുഖ ചിന്തകരും പരിസ്ഥിതി പ്രവർത്തകരും തങ്ങളുടെ ആശയങ്ങൾ പങ്കുവെക്കുന്ന ഉച്ചകോടിയുടെ ഫലം ഇവിടെനിന്ന് ആരംഭിക്കണമെന്ന് ഉച്ചകോടിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ശൈഖ മൗസ പറഞ്ഞു.
പരിസ്ഥിതി വെല്ലുവിളികൾ നേരിടുന്നതിന് നമ്മുടെ അറിവും കൂട്ടായ്മയും ഉപയോഗപ്പെടുത്തുന്ന ദൗത്യങ്ങൾക്കുള്ള അംഗീകാരമാണ് എർത്നാ പുരസ്കാരമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഗോൺസാലോ കാസ്ട്രോ ഡി ല മാട്ട പറഞ്ഞു. പുതു സാങ്കേതികവിദ്യകൾ മാത്രമല്ല യഥാർഥ നവീകരണമെന്ന് പുരസ്കാര വിജയികൾ തെളിയിച്ചു. സുസ്ഥിര ഭാവിക്കായി കാലം തെളിയിച്ച രീതികളുടെ പുനരുജ്ജീവനം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
നൊബേൽ പുരസ്കാര ജേതാവും ബംഗ്ലാദേശ് സർക്കാർ ഉപദേഷ്ടാവുമായ മുഹമ്മദ് യൂനുസ് ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു. രണ്ടാം ദിനമായ ബുധനാഴ്ച വിവിധ വിഷയങ്ങളിൽ ചർച്ചകൾ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

