അവിസ്മരണീയമാക്കാൻ ഈഗിൾസ് ഓഫ് കാർത്തേജ്
text_fieldsഫാൻ ആക്റ്റിവിറ്റിയിൽ ഭാഗമാവാനെത്തിയ തുനീഷ്യൻ ആരാധകർ അംബാസഡർ നഹ്റു
അൽ അറബിക്കൊപ്പം എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ
ദോഹ: ആഫ്രിക്കൻ ഫുട്ബാളിലെ വമ്പന്മാരിലൊന്നായ തുനീഷ്യ ടീം ഇത്തവണ ഖത്തറിൽ പന്തു തട്ടാനെത്തുമ്പോൾ സവിശേഷതകളേറെയുണ്ട്. അറബ് ലോകത്തും മിഡിലീസ്റ്റിലും ആദ്യമായെത്തുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുകയെന്നത് ഏത് അറബ് രാജ്യത്തെ സംബന്ധിച്ചും ഏറെ പ്രധാനപ്പെട്ടതായിരിക്കും.
ഈജിപ്തും അൾജീരിയയുമടങ്ങുന്ന അറബ് രാജ്യങ്ങൾ ഫൈനൽ റൗണ്ടിലേക്കുള്ള പോരാട്ടത്തിൽ മുട്ടുമടക്കിയപ്പോഴാണ് ഈഗിൾസ് ഓഫ് കാർത്തേജ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തുനീഷ്യൻ ടീം ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചത്.
വലിയൊരു വിഭാഗം തുനീഷ്യക്കാർ പ്രവാസികളായുള്ള ഖത്തറിൽ അവരുടെ ടീമിന്റെ വരവും ആഘോഷം പകരുന്നതാണ്. ഇതിനുപുറമേ ദേശീയ ടീമിനെ പിന്തുണക്കുന്നതിനും അവർക്കുവേണ്ടി ആർപ്പുവിളിക്കുന്നതിനുമായി ആയിരക്കണക്കിന് തുനീഷ്യക്കാർ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറാംതവണ ഫിഫ ലോകകപ്പിൽ പന്തുതട്ടാനിറങ്ങുമ്പോൾ ആർപ്പുവിളികളാൽ ഓരോ വേദിയും പ്രകമ്പനം കൊള്ളും. അവർക്കുവേണ്ടിയുള്ള ആഘോഷമായിരുന്നു ഇത്തവണ സുപ്രീംകമ്മിറ്റി നേതൃത്വത്തിൽ ഒരുക്കിയ ഫാൻ ലീഡേഴ്സ് ആക്ടിവിറ്റി. ലോക കപ്പ് കാണാൻ നിരവധി തുനീഷ്യക്കാർ ഖത്തറിലേക്ക് വിമാനം കയറുമെന്നാണ് ഖത്തറിലെ തുനീഷ്യൻ അംബാസഡർ നഹ്റു അൽഅറബി പറയുന്നത്. ഇവിടെയുള്ള പ്രവാസികളായവർക്കൊപ്പം തുനീഷ്യയിൽനിന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഇവിടെയുണ്ടാകും.
തുനീഷ്യയോടൊപ്പം എല്ലാ അറബ് രാജ്യങ്ങൾക്ക് വേണ്ടിയും അവർ കൈയടിക്കും. ''ഒരു അറബ് രാജ്യം ലോകകപ്പിന് വേദിയാകുകയെന്നതുതന്നെ ഞങ്ങളെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ്. ഖത്തറിനാണ് ആ ഭാഗ്യം ലഭിച്ചിരിക്കുന്നത്'' -നഹ്റു അൽഅറബി വ്യക്തമാക്കി.
1978ലാണ് തുനീഷ്യ ആദ്യമായി ലോകകപ്പിനെത്തിയത്. മെക്സിക്കോയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ലോകകപ്പിൽ ഒരു മത്സരത്തിൽ വിജയം നേടുന്ന ആദ്യ ആറബ്, ആഫ്രിക്കൻ രാജ്യമായി തുനീഷ്യ. തുനീഷ്യയുടെ ഏറ്റവും മികച്ച കളിക്കാരനായിരുന്ന താരിക് ദിയാബ് ഇന്ന് അറിയപ്പെടുന്ന ടി.വി പണ്ഡിറ്റ് കൂടിയാണ്.
ലോകകപ്പ് കളിക്കുകയെന്നതാണ് ഓരോ കളിക്കാരനെ സംബന്ധിച്ചും ഏറെ പ്രധാനം. അറബ് രാജ്യത്തിൽ ആദ്യമായെത്തുന്ന ലോകകപ്പിൽ പന്തു തട്ടുകയെന്നത് അതിലേറെ സവിശേഷതയുള്ളതുമാണ്.
അവസരം അവിസ്മരണീയമാക്കാൻ ടീമിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് താരിക് ദിയാബ് പറയുന്നു. 1978ൽ അർജൻറീനയിൽ തുനീഷ്യക്കുവേണ്ടി പന്തുതട്ടുമ്പോൾ ആരും പിന്തുണക്കാനുണ്ടായിരുന്നില്ല. ഒറ്റക്കായിരുന്നു മറ്റു ടീമുകളോട് മത്സരിച്ചിരുന്നത്.
ഖത്തറിൽ സ്ഥിതിവിശേഷം ഏറെ വ്യത്യസ്തമായിരിക്കുകയാണ്. പതിനായിരത്തിന് മുകളിൽ തുനീഷ്യൻ കാണികൾ ഇവിടെ ടീമിനുവേണ്ടി സ്റ്റേഡിയത്തിൽ ഇരമ്പിയാർക്കുമെന്ന് ദിയാബ് പറയുന്നു.
ഖത്തറിൽ ഗ്രൂപ് ഡിയിൽ ഫ്രാൻസ്, ഡെന്മാർക്ക് എന്നിവർക്കൊപ്പമാണ് തുനീഷ്യ. ആസ്ട്രേലിയ-പെറു ഇന്റർകോണ്ടിനെന്റൽ യോഗ്യത റൗണ്ടിൽ വിജയിക്കുന്നവരും ഗ്രൂപ്പിലെത്തും. നവംബർ 22ന് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഡെന്മാർക്കിനെതിരെയാണ് ഈഗിൾസിന്റെ ആദ്യ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

