ഗസ്സയുടെ സ്വപ്നങ്ങൾക്ക് കൈപിടിച്ച് ഇ.എ.എ
text_fieldsഇ.എ.എ ഫൗണ്ടേഷൻ, യു.എൻ.ഡി.പി പ്രതിനിധികൾ കരാർ ഒപ്പുവെക്കൽ ചടങ്ങിൽ
ദോഹ: വീടും സ്കൂളും മുതൽ എല്ലാം തകർത്ത യുദ്ധത്തിനിടയിലും ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് പ്രതീക്ഷയുടെ ഇത്തിരിവെട്ടം പകർന്ന് ഖത്തർ ആസ്ഥാനമായ എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷൻ. പട്ടിണി മാറ്റാനും, യുദ്ധം അവസാനിപ്പിച്ച് അടിസ്ഥാന സൗകര്യങ്ങളെത്തിക്കാനും ലോകം ശ്രമിക്കുമ്പോൾ ഗസ്സയിലെ കുരുന്നുകളുടെ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷനും ഐക്യരാഷ്ട്രസഭക്കു കീഴിലെ യു.എൻ.ഡി.പിയും. ‘റീബിൽഡിങ് ഹോപ് ഫോർ ഗസ്സ’ പദ്ധതിയുടെ രണ്ടാം ഭാഗത്തിന് ഇരു വിഭാഗങ്ങളും ചേർന്ന് തുടക്കംകുറിച്ചു.
യുദ്ധത്തിനിടയിലും 90,000 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ ഡിജിറ്റൽ സൗകര്യങ്ങളൊരുക്കുകയാണ് രണ്ടാം ഘട്ടത്തിൽ. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെ (ക്യു.എഫ്.എഫ്.ഡി) പിന്തുണയോടെയാണ് ദോഹയിൽ ഇ.എ.എയും യു.എൻ.ഡി.പിയും തമ്മിൽ കരാറിൽ ഒപ്പുവെച്ചത്. ഇസ്രായേലിന്റെ ആക്രമണം ബാധിച്ച 90,000 വിദ്യാർഥികൾക്ക് സെക്കൻഡറി, സീനിയർ സെക്കൻഡറി പരീക്ഷയായ തൗജീഹി ഡിജിറ്റലായി എഴുതുന്നതിനുള്ള രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.കരാറിന്റെ ഭാഗമായി ഇ.എ.എ നേതൃത്വത്തിൽ ഇന്റർനെറ്റും വൈദ്യുതിയും ഉൾപ്പെടെ പൂർണമായും സജ്ജീകരിച്ച 100 പഠന കേന്ദ്രങ്ങൾ സ്ഥാപിക്കും. സുരക്ഷിതമായ ഡിജിറ്റൽ പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കുകയും ആവശ്യമുള്ള വിദ്യാർഥികൾക്ക് 10,000 ടാബ് ലെറ്റുകൾ വിതരണം ചെയ്യുകയും ചെയ്യും.
നിലവിലുള്ളതും പഴയതുമായ തൗജീഹി വിദ്യാർഥികൾക്ക് സുരക്ഷിത സാഹചര്യങ്ങളിൽ പരീക്ഷ ഉറപ്പാക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങൾ ചൂണ്ടിക്കാട്ടി, ആവശ്യമായ സാങ്കേതിക, ലോജിസ്റ്റിക്കൽ പിന്തുണ നൽകുന്നതിന് സന്നദ്ധരാണെന്ന് കരാറിന് നന്ദി പ്രകടിപ്പിച്ച് ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രി അംജദ് ബർഹാം പറഞ്ഞു. ഫലസ്തീന്റെ വിദ്യാഭ്യാസ മേഖലക്ക്, പ്രത്യേകിച്ച് ഗസ്സയിലെ സുപ്രധാന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് യു.എൻ.ഡി.പിക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘റീബിൽഡിങ് ഹോപ് ഫോർ ഗസ്സ’ സംരംഭത്തിന്റെ ഭാഗമായി ക്ലാസുകൾ, പ്രാക്ടിക്കൽ പരീക്ഷകൾ, ഓറിയന്റേഷൻ ശിൽപശാലകൾ എന്നിവയുൾപ്പെടെയുള്ള വിദ്യാഭ്യാസ പദ്ധതികളിലൂടെ 30,000 വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കും. ഈ വർഷവും അടുത്ത വർഷവുമായി ഒന്നിലധികം തൗജീഹി കൂട്ടായ്മകൾക്ക് സേവനം നൽകുന്നതിന് അഞ്ച് പരീക്ഷ സൈക്കിളുകളും പദ്ധതിയിലുൾപ്പെടും. യുദ്ധത്തിൽ കഷ്ടപ്പെടുന്നവർക്ക് പ്രത്യാശ പുനർനിർമിക്കാനുള്ള ശ്രമങ്ങളിൽ സുപ്രധാന ചുവടുവെപ്പാണ് ഈ കരാറെന്ന് ഇ.എ.എ ആക്ടിങ് സി.ഇ.ഒ മുഹമ്മദ് അൽ കുബൈസി പറഞ്ഞു. ഇ.എ.എക്ക് കീഴിലുള്ള അൽ ഫഖൂറ പ്രോഗ്രാം മാത്രം പതിനായിരത്തിലധികം ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകളാണ് ഇതുവരെ പ്രത്യേകിച്ചും ഗസ്സയിൽ മാത്രം നൽകിയതെന്നും കരാർ ഒപ്പുവെക്കൽ ചടങ്ങിൽ അൽ കുബൈസി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

