സാൻസിബാറിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച് ഇ.എ.എ
text_fieldsസാൻസിബാറിൽ ഖത്തറിന്റെ ഇ.എ.എ പദ്ധതി പ്രകാരം വിദ്യാർഥികൾക്ക് പരിസ്ഥിതി പ്രവർത്തനത്തിൽ പരിശീലനം നൽകുന്നു
ദോഹ: സാൻസിബാറിൽ ലക്ഷത്തിൽ അധികം വിദ്യാർഥികളെ ശാക്തീകരിക്കുന്നതിനുള്ള ബൃഹത് പദ്ധതിക്ക് എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ (ഇ.എ.എ) തുടക്കംകുറിച്ചു. സാൻസിബാർ ഗവൺമെന്റുമായും യൂനിസെഫുമായും സഹകരിച്ച് റീച്ച് ഔട്ട് ടു ഓൾ (റോട്ട) പ്രോഗ്രാമിലൂടെയാണ് ഇ.എ.എയുടെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലായി മാറുന്ന സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
സാൻസിബാറിലെ സുസ്ഥിര വികസനത്തിന് യുവ നേതൃത്വത്തിലുള്ള കാലാവസ്ഥ വ്യതിയാന പ്രവർത്തനങ്ങൾ എന്ന പ്രമേയത്തിൽ സാൻസിബാറിലെ 11 ജില്ലകളിലും ഉൻഗുജ, പെംബ ദ്വീപുകളിലുമായി 216 സെകൻഡറി സ്കൂളുകളിലാണ് ഇ.എ.എ പദ്ധതി നടപ്പാക്കുന്നത്.
ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്, യൂനിസെഫ് എന്നിവയുടെ പിന്തുണയോടെ ഇ.എ.എ നൽകുന്ന സഹ-ധനസഹായമായ 35 ലക്ഷം ഡോളർ ചെലവിട്ട് നടപ്പാക്കുന്ന പദ്ധതിയിൽ കാലാവസ്ഥയുമായി പൊരുത്തപ്പെടുക, പ്രതിരോധം, കാലാവസ്ഥാ വ്യതിയാന ലഘൂകരണ ശ്രമങ്ങൾ എന്നീ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിന് 15നും 24നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് പരിശീലനം നൽകും. ഇതുകൂടാതെ സ്കൂളിന് പുറത്തുള്ള അയ്യായിരത്തിലധികം യുവാക്കളെയും പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നു.
സെക്കൻഡറി സ്കൂൾ പാഠ്യപദ്ധതിയിൽ കാലാവസ്ഥ വ്യതിയാന വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുക, സ്കൂളിന് പുറത്തുള്ള യുവാക്കൾക്കിടയിൽ കാലാവസ്ഥ പ്രതിരോധം, കാലാവസ്ഥയുമായി പൊരുത്തപ്പെടൽ, അറിവ് വർധിപ്പിക്കൽ എന്നിവയും, സ്കൂളുകളിലും സമൂഹങ്ങളിലും ഹരിതവത്കരണ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നതിന് വിദ്യാർഥികളെയും യുവാക്കളെയും അണിനിരത്തലും ഈ സംരംഭത്തിന്റെ ഭാഗമാണ്.
കാലാവസ്ഥ പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ഹരിതഗൃഹ വാതകം പുറന്തള്ളപ്പെടുന്നത് കുറക്കുക, സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുക, വൃത്തിയുള്ളതും ആരോഗ്യകരവും സുസ്ഥിരവുമായ അന്തരീക്ഷത്തിനായുള്ള കുട്ടികളുടെ അവകാശങ്ങൾ ഉറപ്പാക്കുക എന്നിവ ലക്ഷ്യമിടുന്ന സാൻസിബാറിന്റെ വികസന, പരിസ്ഥിതി നയങ്ങളുമായും ഇ.എ.എ സംരംഭം യോജിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

