കുടുംബ യാത്രക്ക് ഇ-വേഗം; കുട്ടികൾക്കുമുണ്ട് ഇ-ഗേറ്റ്
text_fieldsഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇ-ഗേറ്റ് വഴി എമിഗ്രേഷൻ പൂർത്തിയാക്കുന്ന യാത്രക്കാർ
ദോഹ: വേനൽ കനക്കുന്നതിനിടെ അവധിക്കാലം വരവായി. ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ പൊതു-സ്വകാര്യ സ്കൂളുകൾ പരീക്ഷാ തിരക്കും കഴിഞ്ഞ് ജൂലൈ ആദ്യവാരത്തോടെ അവധിയിലേക്ക് പ്രവേശിക്കുന്നു. നാട്ടിലേക്ക് പോകുന്ന പ്രവാസികളും, വിവിധ രാജ്യങ്ങളിലേക്ക് അവധിക്കാലം ആസ്വദിക്കാനായി യാത്രചെയ്യുന്ന സ്വദേശികളും മറ്റു ദേശക്കാരും ഉൾപ്പെടെ വരാനിരിക്കുന്നത് വിമാനത്താവളത്തിലെ തിരക്കേറിയ നാളുകൾ.
രാജ്യത്തിന് അകത്തേക്കും പുറത്തേക്കും സന്ദർശക തിരക്കേറുേമ്പാൾ വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കാൻ വിപുലമായ സംവിധാനങ്ങളാണ് അധികൃതർ ഒരുക്കുന്നത്. അതിൽ പ്രധാനമാണ് ഹമദ് വിമാനത്താവളത്തിൽ കുട്ടികൾക്കും ഇലക്ട്രോണിക് ഗേറ്റുകൾ (ഇ-ഗേറ്റ്) ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്ന സംവിധാനമെന്ന് എയർപോർട്ട് പാസ്പോർട്ട് വിഭാഗത്തിലെ ക്യാപ്റ്റൻ അലി അഹ്മദ് അൽ കുവാരി പറഞ്ഞു. കുട്ടികളുമായി യാത്രചെയ്യുന്ന കുടുംബങ്ങൾക്ക് വിമാനത്താവളത്തിലെ കാത്തിരിപ്പ് സമയം കുറച്ച്, ഇ-ഗേറ്റ് വഴി വേഗത്തിൽ ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കി യാത്ര സാധ്യമാക്കും.
മാനുഷിക ഇടപെടലുകളില്ലാതെ പൂർണമായും ഓട്ടോമേറ്റഡ് ആയ ഇ-ഗേറ്റ് സേവനം യാത്രക്കാർക്ക് സമയലാഭവും സുഗമമായ യാത്രയും ഉറപ്പാക്കുന്നതായും അലി അഹ്മദ് അൽ കുവാരി പറഞ്ഞു. ഈ സേവനം ഉപയോഗപ്പെടുത്താൻ അർഹരായ മുഴുവൻ യാത്രക്കാരും ഇ-ഗേറ്റ് വഴിതന്നെ യാത്രചെയ്യണമെന്ന് നിർദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്കാനിങ്, ടെൻ പ്രിൻറ് ഫിംഗർപ്രിന്റിങ്, മുഖം തിരിച്ചറിയൽ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളോടെയാണ് ഹമദിലെ ഇ-ഗേറ്റ് പ്രവർത്തിക്കുന്നത്.
അടുത്തിടെയാണ് ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഇ-ഗേറ്റ് അനുവദിച്ചത്. നേരത്തേ 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ ഇ-ഗേറ്റിലൂടെ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ എന്നത് കുട്ടികളുള്ള കുടുംബങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഖത്തറിലെ സ്വദേശികൾക്കും പ്രവാസി താമസക്കാർക്കും പാസ്പോർട്ട് അല്ലെങ്കിൽ ഖത്തർ ഐ.ഡി ഉപയോഗിച്ച് ഇ-ഗേറ്റിലൂടെ പ്രവേശിക്കാം. ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും പാസ്പോർട്ട് ഉപയോഗിച്ച് ഇ-ഗേറ്റ് കടക്കാം.
അതേസമയം, ജി.സി.സി രാജ്യങ്ങളിലെ വിസയുള്ളവർക്ക് തങ്ങളുടെ രണ്ടാമത്തെ സന്ദർശന സമയങ്ങളിൽ ഇ-ഗേറ്റ് ഉപയോഗിക്കാൻ കഴിയും. ആദ്യസന്ദർശനത്തിൽ മാനുവൽ ഇമിഗ്രേഷൻ വഴിയായിരിക്കും നടപടികൾ. കുട്ടികളുടെ ഇ-ഗേറ്റ് സേവനം എളുപ്പം പൂർത്തിയാക്കുന്നതിനായി ട്രാവൽ ഓഥറൈസേഷൻ നടപടികൾ മെട്രാഷ് മൊബൈൽ ആപ്പിലൂടെ രക്ഷിതാക്കൾ പൂർത്തിയാക്കണമെന്നും അൽ കുവാരി പറഞ്ഞു.
ഹമദ് വിമാനത്താവളത്തിലെ സേവനങ്ങൾ സ്മാർട്ടാക്കി മാറ്റുന്നതിൽ നിർണായകമായ ഇ-ഗേറ്റ്, ഇതിനകംതന്നെ ഏറെ പ്രശംസ പിടിച്ചുപറ്റിയ സംവിധാനമാണ്.
ഇ-ഗേറ്റ് വഴി കുട്ടികളുടെ പ്രവേശനം
ഖത്തർ റെസിഡൻറുകളായ കുട്ടികൾക്കാണ് ഇ-ഗേറ്റ് ഉപയോഗിക്കാൻ കഴിയുന്നത്. ഏഴ് വയസ്സിന് മുകളിലുള്ളവരായിരിക്കണം. ഒപ്പം നിർദിഷ്ട ഉയരവുമുണ്ടെങ്കിലേ ഇ-ഗേറ്റിലെ ബയോമെട്രിക് സംവിധാനങ്ങൾ വഴി ഇമിഗ്രേഷൻ പൂർത്തിയാകൂ. 120-130 സെൻറീമീറ്റർ ഉയരണം വേണമെന്നാണ് നിർദേശം.
കുട്ടികളുടെ പാസ്പോർട്ട് അല്ലെങ്കിൽ ഖത്തർ ഐഡിയിലുള്ള ഫോട്ടോ വ്യക്തവും സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായിരിക്കണം. മുഖം കൃത്യമായി തിരിച്ചറിയുന്നതിന് വേണ്ടിയാണിത്.
ഇ-ഗേറ്റുകളിലെത്തുമ്പോൾ രക്ഷിതാക്കൾ ആദ്യം കുട്ടികളെ വേണം അകത്തേക്ക് പ്രവേശിപ്പിക്കാൻ. തൊട്ടുപിന്നാലെ രക്ഷിതാക്കൾക്കും പ്രവേശിക്കാം. നേരത്തേ 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് ഇ-ഗേറ്റ് വഴി പ്രവേശനം അനുവദിച്ചിരുന്നത്. ഇതുകാരണം കുട്ടികളുമായി യാത്രചെയ്യുന്ന രക്ഷിതാക്കൾക്ക് സാധാരണ ഇമിഗ്രേഷൻ കൗണ്ടറുകൾ വഴി മാത്രമേ പ്രവേശനം സാധ്യമായിരുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

