ഡിസൈലി പറയുന്നു, ഖത്തർ കേമമാവും
text_fieldsമുൻ ഫ്രഞ്ച് താരവും ഖത്തർ ലോകകപ്പ് അംബാസഡറുമായ മാഴ്സൽ ഡിസൈലി ലോകകപ്പ് ട്രോഫിയുമായി
ദോഹ: മിഡിലീസ്റ്റിലെ പ്രഥമ ലോകകപ്പ് ഖത്തറിൽ നടക്കാനിരിക്കുമ്പോൾ ത്രില്ലടിച്ച് കാത്തിരിപ്പിലാണ് ഫ്രഞ്ച് ലോകകപ്പ് ജേതാവും ഖത്തർ ലോകകപ്പ് 2022 അംബാസഡറുമായ മാഴ്സൽ ഡിസൈലി. ഖത്തറിലും മിഡിലീസ്റ്റിലും ലോകകപ്പ് വലിയ സ്വാധീനം ചെലുത്തുമെന്ന് സുപ്രീം കമ്മിറ്റി വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ ഡിസൈലി ആത്മവിശ്വാസത്തോടെ പ്രതികരിച്ചു.
1998ൽ ഫ്രാൻസ് ആതിഥ്യം വഹിച്ച ലോകകപ്പിൽ സിദാന്‍റെ മികവിൽ ഫ്രഞ്ച് ടീം പ്രഥമ ലോക കിരീടം നേടുമ്പോൾ പ്രതിരോധ നിരയിലെ നിർണായക സാന്നിധ്യമായിരുന്നു മാഴ്സൽ ഡിസൈലി. ശേഷം നടന്ന യൂറോ കപ്പിലും ഫ്രഞ്ച് ടീമിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ ഡിസൈലി മുഖ്യപങ്ക് വഹിച്ചു. മാഴ്സെ, എ.സി മിലാൻ, ചെൽസി ക്ലബുകൾക്കായി പന്തുതട്ടിയ ഡിസൈലിയുടെ പേര് ഖത്തറിനും അപരിചിതമല്ല. കരിയറിന്‍റെ അവസാനത്തിൽ അൽഗറാഫ, ഖത്തർ സ്പോർട്സ് ക്ലബ് എന്നിവക്കായി പന്തു തട്ടിയ താരമാണ് ഡിസൈലി. 2004-2005 സീസണിൽ അൽ ഫുഹൂദ് (ചീറ്റ) എന്ന് വിളിപ്പേരുള്ള ഗറാഫക്കായി ഖത്തർ സ്റ്റാർസ് ലീഗ് കിരീടവും ഡിസൈലി നേടിയിരുന്നു.
മിഡിലീസ്റ്റ് ലോകകപ്പിന് വേദിയാകുന്നതിന്റെ ത്രില്ലിലാണ് 1998 ഫ്രഞ്ച് ലോകകപ്പ് ചാമ്പ്യൻ ടീം അംഗവും ഖത്തർ ലോകകപ്പ് അംബാസഡറുമായ ഡിസൈലി
1998ൽ സ്വന്തം നാട്ടിലെ ലോകകപ്പിൽ കിരീടം നേടിയ താരമെന്ന നിലയിൽ, ആതിഥേയർ എന്ന നിലയിലെ പ്രാധാന്യം?
ലോകകപ്പിന് വേദിയാകുകയെന്നത് അതുല്യ നേട്ടമാണ്. മത്സരങ്ങളുടെ ഭാഗമാകുന്നതിലൂടെ നമുക്ക് പ്രത്യേക ഊർജവും ലഭിച്ചുകൊണ്ടിരിക്കും. ഭൂമിയിലെ ഏറ്റവും വലിയ കായിക മാമാങ്കമാണിത്. 1998ൽ ഫ്രാൻസ് ലോകകപ്പിന് വേദിയായതോടെ വലിയ മാറ്റങ്ങളാണ് അവിടെയുണ്ടായത്.
ഖത്തർ ലോകകപ്പിന് വേദിയാകുന്നുവെന്നറിഞ്ഞപ്പോൾ താങ്കളുടെ ആദ്യ പ്രതികരണം?
അന്ന് ഫ്രാൻസിലായിരുന്നു. ഒരിക്കലും ലോകകപ്പിന് വേദിയാകാത്ത ഒരു മേഖലയിലേക്ക്, അതായത് മിഡിലീസ്റ്റിലേക്ക് ലോകകപ്പ് എത്തുന്നുവെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷമാണ് തോന്നിയത്. അത് വ്യത്യസ്ത അനുഭവമായിരിക്കും. ഫുട്ബാളിലൂടെ മിഡിലീസ്റ്റിന് വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ഞാൻ ഏറെ സന്തോഷവാനായിരുന്നു.
അറബ് ലോകത്ത് ലോകകപ്പ് ആദ്യമായി വിരുന്നെത്തുമ്പോൾ എത്രത്തോളം പ്രാധാന്യമുണ്ട്?
വളരെ പ്രാധാന്യമുണ്ട് അതിന്. ലോകകപ്പ് ലോകത്തിന്‍റെ ഓരോ ഭാഗത്തേക്കും പങ്കുവെക്കണം. 2010ൽ നാം ആഫ്രിക്കയിലത് കണ്ടു. ഇനി മിഡിലീസ്റ്റിലാണ് അടുത്ത ഊഴം. അടിസ്ഥാന സൗകര്യങ്ങൾ ഏറെ പുരോഗമിച്ചിരിക്കുന്നു. ലോകകപ്പ് കാരണം മേഖലയിലെ തന്നെ സാമ്പത്തിക മേഖലക്ക് വളർച്ചയുണ്ടായിരിക്കുന്നു. സ്റ്റേഡിയങ്ങൾ, റോഡുകൾ, സബ് വേകൾ എല്ലാം യാഥാർഥ്യമായി. മിഡിലീസ്റ്റിലെ കുഞ്ഞുകുട്ടികൾ വരെ തങ്ങളുടെ നാട്ടിൽ നടക്കുന്ന ലോകകപ്പിന്‍റെ ഭാഗമാകാൻ പോകുന്നതിൽ ത്രില്ലടിച്ചിരിക്കുകയാണ്. ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളായിരിക്കുമത്. ലോകത്തിന്‍റെ എല്ലായിടത്തും ലോകകപ്പ് നടക്കുമ്പോൾ അത് ടെലിവിഷനിലൂടെ ആസ്വദിച്ചിരുന്നവർ അതിന് നേരിട്ട് സാക്ഷ്യംവഹിക്കാൻ പോകുകയാണ്. അവർക്കേറെ സന്തോഷം നൽകുമത്.
ആധുനിക ചരിത്രത്തിലെ ഏറ്റവും കോംപാക്ടായ ലോകകപ്പാണ് ഖത്തറിൽ. സ്റ്റേഡിയങ്ങൾ തമ്മിലുള്ള കൂടിയ ദൂരം 75 കി.മീ. മാത്രം. ഇതിന്റെ പ്രയോജനം എങ്ങനെ വിലയിരുത്തുന്നു?
ഖത്തർ ലോകകപ്പിന്‍റെ ഏറ്റവും പ്രധാന സവിശേഷതയും ഇതുതന്നെയാണ്. ഒരുദിവസം തന്നെ നാല് മാച്ചുകൾ. അവധി ദിവസങ്ങളിൽ ഖത്തറിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനുള്ള അവസരവും, അല്ലെങ്കിൽ അയൽപക്ക രാജ്യങ്ങൾവരെ അവർക്ക് സന്ദർശിക്കാം. ടീമുകൾക്കും ഏറെ ആശ്വാസമാണിത്. ഓരോ മത്സരത്തിന് ശേഷവും കുറഞ്ഞ യാത്ര മതിയാകുമെന്നത് അവർക്ക് ശാരീരികവും മാനസികവുമായ ഊർജം നൽകും. ടൂർണമെന്റിലുടനീളം ഒരേ താമസസ്ഥലവും ഒരേ പരിശീലന സ്ഥലവും ഉപയോഗിക്കാമെന്നതും ഈ ലോകകപ്പിന്‍റെ മാത്രം ഒരു ഭാഗ്യമായിരിക്കും.
ലോകകപ്പിൽ ആദ്യമായി പന്തു തട്ടാനിറങ്ങുന്ന ഖത്തർ ടീമിനോട് പറയാനുള്ളത്?
സമ്മർദത്തെ അതിജീവിക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്. അവരുടെ ശേഷി നൂറുശതമാനവും കടന്ന് 120 ശതമാനത്തിലെത്തിയിരിക്കുകയാണ്. എന്നാൽ, 120 ശതമാനത്തിൽ ഒരു എൻജിൻ പ്രവർത്തനം നിലച്ചാൽ അതേത് നിമിഷവും പൊട്ടിത്തെറിക്കാം. അത് തന്നെയാണിവിടെയും. അതിനെ മാനേജ് ചെയ്യുന്നിടത്താണ് വിജയം. മികച്ച പ്രകടനം പുറത്തെടുക്കാൻ 100 ശതമാനം മാത്രം മതിയാകും. അതിനപ്പുറത്തേക്കുള്ള സമ്മർദത്തിന്‍റെ അളവ് പ്രതികൂലമായി ബാധിക്കും. ഖത്തർ ടീം കൂടുതൽ പ്രചോദിതരാകണം. കാരണം അരുതായ്മകൾ കാണിച്ചാൽ പുറത്തേക്കുള്ള വഴി തുറക്കപ്പെടും.
1998ലെ ലോകകപ്പ് വിജയത്തെക്കുറിച്ച്?
ആ ലോകകപ്പ് വിജയത്തിന്‍റെ പ്രാധാന്യം സംബന്ധിച്ച് ഞാനാദ്യം ബോധവാനല്ലായിരുന്നു. പിന്നീടാണ് എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കിയത്. സത്യത്തിൽ, അതിനുശേഷം നേരിൽ സംസാരിക്കുന്നവരെല്ലാം ലോകകപ്പിനെക്കുറിച്ചും അതിന്റെ നേട്ടങ്ങളെക്കുറിച്ചും വാചാലരാവുകയായിരുന്നു. 1998 ലോകകപ്പ് റഫർ ചെയ്യാതെ ഒരു ദിവസവും എന്നിൽനിന്ന് കടന്നു പോയിട്ടില്ല. സ്വന്തം നാട്ടിൽ സമ്മർദങ്ങളെയെല്ലാം അതിജീവിച്ച് കിരീടം നേടാനായി. ഫുട്ബാൾ ജീവിതത്തിലെ മഹത്തായ നേട്ടമായിരുന്നു അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

