Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകകപ്പ് ഓർമകളിലെ ദ്വാരക മാഷ്

text_fields
bookmark_border
ലോകകപ്പ് ഓർമകളിലെ ദ്വാരക മാഷ്
cancel

മലയാള സംസ്കാരം ലോകത്തിന് മുന്നിൽ വെളിച്ചമായി വീശിയ മഹാകവി അക്കിത്തത്തിന്റെയും നിള നദിക്കരയിൽ നിന്ന് ജ്ഞാന പീഠത്തിലേക്ക് നീന്തി കയറിയ എം.ടിയുടെയും നാടായ കുമരനെല്ലൂരിലെ ദ്വാരക മാഷിന്റെ വീട്ടിൽ നിന്ന് കണ്ട 1986ലെ ഫുട്ബോൾ കാഴ്ചകളാണ് ഫുട്ബോളിനെ ഇന്നും എന്നെ നെഞ്ചിലേറ്റിയത്. 86ലെ ലോകകപ്പിൽ അർജന്റീനയുടെ ഇതിഹാസ താരമായ മറഡോണയുടെ മിന്നും പ്രകടനങ്ങൾ കണ്ടാണ് ഈ പ്രേമം ഉടലെടുത്തത്. ബ്ലാക്ക് ആന്റ് വൈറ്റ് ടി.വി പോലും വിദൂരമായ കാലത്ത് കുമരനെല്ലൂരിലെ പാലംകടവിലെ ദ്വാരക മമ്മിക്കുട്ടി മാഷിന്റെ വീട്ടിൽ നിന്നാണ് എന്റെ കളിക്കൂട്ടുകാർക്കൊപ്പം ഞാനും കളി കാണാൻ പോയിരുന്നത്.

സഹ അധ്യാപകർക്കും നാട്ടിലെ മുഴുവൻ ഫുട്ബോൾ പ്രേമികൾക്കും കളി കാണാൻ സൗകര്യമൊരുക്കിയ അദ്ദേഹം ഞാനടക്കമുള്ള മാഷിന്റെ വിദ്യാർഥികൾക്കുള്ള സീറ്റുകൾ മുന്നിൽ ഉറപ്പിച്ചു. ഹാളിന്റെ ഒരു സൈഡിൽ ചാരുകസേരയിൽ ഇരുന്ന് ഫുട്ബോളിന്റെ മാസ്മരിക രംഗം ആസ്വദിക്കുന്ന മാഷിന്റെ ചിത്രം ഇന്നും മനസിലുണ്ട്. പാതിരാ സമയത്ത് വീട്ടിൽ ഒത്തുകൂടിയവർക്ക് കളി കാണാൻ മാത്രമല്ല ചായയും വെള്ളവും നൽകാനും മാഷ് ശ്രദ്ധിച്ചിരുന്നു.

ഇതിനിടെ മാഷിന്റെ ഇഷ്ട ടീമായ അർജന്റീനയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്ന സാങ്കേതിക പിഴവുകളെ ചൂണ്ടിക്കാട്ടി ആവേശഭരിതമായ രീതിയിൽ മറ്റു ടീമാരാധകർ വിമർശിക്കുമ്പോഴും,അടങ്ങാത്ത ആവേശ ഗൗരവം ഉള്ളിലൊതുക്കി അതിനെ സൗമ്യതയോടെ നേരിട്ട് ആ ടൂർണമെന്റിൽ ലോക കിരീടം നേടിയെടുത്ത അർജന്റീനയുടെ ത്രസിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത ആ പോരാട്ടത്തെയാണ് ഇന്നും ഒളിമങ്ങാത്ത ഓർമ്മയിൽ തങ്ങി നിൽക്കുന്നത്.

ലോകകപ്പ് ഒഴികെ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ അതിനിർണായകമായ പല ഫുട്ബോൾ മൽസരങ്ങളും കാണാൻ മാഷ് എത്തിപ്പെടാറുണ്ട്. വിവിധ സ്ഥലങ്ങളിലെ സന്തോഷ് ട്രോഫി, അണ്ടർ 17 ഫിഫ കപ്പ്, ഫെഡറേഷൻ കപ്പ്, നെഹ്‌റു കപ്പ്‌ തുടങ്ങിയവ അദ്ദേഹം നേരിട്ട് കണ്ടിട്ടുണ്ട്.

അസമിലും ബംഗാളിലും മറ്റും സന്തോഷ് ട്രോഫി നടക്കുമ്പോൾ ലീവെടുത്ത് പോയിരുന്നു അദ്ദേഹം.കളിക്കളത്തിൽ ഒറ്റയാൾ പോരാട്ടം കൊണ്ട് മാസ്മരിക ഫുട്ബോൾ വിസ്മയം തീർത്ത ഡീഗോ മറഡോണയെന്ന കുറിയ മനുഷ്യന്റെ കാലഘട്ടം മുതൽ ഫുട്ബാളും അർജ്ജന്റീനയും മനസ്സിൽ കയറിക്കൂടിയതാണ്. പോരാട്ടത്തിന്റെ ഇതിഹാസം രചിച്ച അർജന്റീന അമേരിക്കയിലൂടെ നാലാമതും കപ്പ് നേടിയെടുക്കുമെന്ന് തന്നെ വിശ്വസിക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dwarka Mash in World Cup memories
Next Story