ദുഖാൻ സൗരോർജ പ്ലാന്റ് നിർമാണം ഉടൻ
text_fieldsദോഹ: കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപിച്ച ദുഖാൻ സൗരോർജ പ്ലാന്റിന്റെ നിർമാണം ഈ വർഷംതന്നെ ആരംഭിക്കാൻ പദ്ധതിയിട്ട് ഖത്തർ എനർജി. ഈ വർഷം അവസാനത്തോടെ 2000 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള ഭീമൻ സൗരോർജ നിലയത്തിന്റെ നിർമാണം ആരംഭിക്കുമെന്ന് ഖത്തർ ടി.വി റിപ്പോർട്ട് ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്ന പദ്ധതി ഖത്തറിന്റെ സൗരോർജ ഉൽപാദന ശേഷി ഇരട്ടിയാക്കി ഉൽപാദനം 4000 മെഗാവാട്ടായി വർധിപ്പിക്കും.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഖത്തർ എനർജി സി.ഇ.ഒയും പ്രസിഡന്റുമായ സഅ്ദ് ശരീദ അൽകഅ്ബിയാണ് ദുഖാനിലെ സൗരോർജ നിലയം നിർമാണം പ്രഖ്യാപിച്ചത്. പ്രതിവർഷം 47 ലക്ഷം ടണ്ണിലധികം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളപ്പെടുന്നത് കുറക്കാൻ ഇതിലൂടെ സാധിക്കും.
2030ഓടെ ഖത്തറിന്റെ ആകെ വൈദ്യുതി ഉൽപാദന ശേഷിയുടെ 30 ശതമാനത്തെ ഇത് പ്രതിനിധാനം ചെയ്യുമെന്നും ഖത്തർ ടി.വി റിപ്പോർട്ടിൽ പറയുന്നു.ഖത്തർ എനർജിയുടെ സൗരോർജ പോർട്ട്ഫോളിയോയിൽ 800 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന അൽ ഖർസാ സൗരോർജ നിലയം ഉൾപ്പെടും. ഇതിന് പുറമേ 230 കോടി റിയാൽ നിക്ഷേപത്തിൽ 875 മെഗാവാട്ട് ശേഷിയുള്ള രണ്ട് കൂറ്റൻ സൗരോർജ നിലയങ്ങൾ മിസൈദിലും റാസ് ലഫാനിലുമായി ഈ ഏപ്രിൽ മാസത്തോടെ പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു.
ഖത്തറിന്റെ ഊർജ പരിവർത്തനത്തിലും വൈദ്യുതി ഉൽപാദനം വൈവിധ്യവത്കരിക്കാനുള്ള നീക്കങ്ങളിലും പുതിയ ദുഖാൻ നിലയം വലിയ പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

