സൈക്കിളിലേറി പാറിപ്പറന്ന് ദുബൈ...
text_fieldsദുബൈ: പ്രമുഖ ഡെലിവറി സേവന ദാതാക്കളായ കരീം ബൈക്കുമായി കൈകോർത്ത് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) എമിറേറ്റിൽ ആരംഭിച്ച സൈക്കിൾ സർവിസ് ഒരു കോടിയിലധികം ട്രിപ്പുകൾ പൂർത്തിയാക്കി. കരീം ബൈക്കിന്‍റെ സൈക്കിൾ സേവനങ്ങൾ ആരംഭിച്ച 2020 ഫെബ്രുവരി മുതൽ 2026 ഏപ്രിൽ വരെയുള്ള കണക്കുകളാണ് ആർ.ടി.എ പുറത്തുവിട്ടത്.
ഇക്കാലയളവിൽ ഏതാണ്ട് 10 ലക്ഷം പേർ സൈക്കിളുകൾ ഉപയോഗിച്ചുവെന്നാണ് കണക്ക്. ഈ നേട്ടം അടയാളപ്പെടുത്തുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ആറു വർഷത്തിനിടെ ഏറ്റവും കൂടുതൽ തവണ സൈക്കിൾ ട്രിപ്പുകൾ നടത്തിയ ഉപഭോക്താക്കളെ ആർ.ടി.എയും കരീമും ചേർന്ന് ആദരിക്കുകയും ചെയ്തു. ഇവർക്ക് കോംപ്ലിമെന്‍ററി സബ്സ്ക്രിബ്ഷനുകളും കരീം ഡൈൻഔട്ട് വൗച്ചറുകളും ഉൾപ്പെടെ നിരവധി സമ്മാനങ്ങളാണ് നൽകിയത്. ആറു വർഷത്തിനിടെ ഏറ്റവും കൂടുതൽ ട്രിപ്പുകൾ നടത്തിയ ഉപഭോക്താവിനെയും ആർ.ടി.എ കണ്ടെത്തി. ഏതാണ്ട് 5,000 ട്രിപ്പുകളാണ് ഇദ്ദേഹം നടത്തിയത്. പുതിയ നേട്ടം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി പുതിയ ഉപഭോക്താക്കൾക്ക് പ്രത്യേക പ്രോത്സാഹന പാസുകളും ആർ.ടി.എ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഏപ്രിൽ 11, 12 തീയതികളിൽ BIKE10M എന്ന കോഡ് ഉപയോഗിച്ചാൽ 19 ദിർഹത്തിന് പകരം 9.5 ദിർഹം നൽകിയാൽ മതി. സുസ്ഥിരമായ ഗതാഗത മാർഗങ്ങളിലേക്കുള്ള സാന്നിധ്യം വ്യാപിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പ്രകൃതി സൗഹൃദപരവും സുസ്ഥിരവുമായ ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി 2020 ഫെബ്രുവരിയിലാണ് കരിം ബൈക്കുമായി ചേർന്ന് ആർ.ടി.എ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സൈക്ലിങ് സർവിസിന് തുടക്കമിടുന്നത്.
അടിസ്ഥാന സൗകര്യങ്ങളിൽ ആർ.ടി.എ വലിയ രീതിയിലുള്ള വിപുലീകരണവും ഇതിനായി നടത്തിയിരുന്നു. 2009ലെ ആറ് കിലോമീറ്ററിൽ നിന്ന് സൈക്ലിങ് ട്രാക്കുകളുടെ നീളം 2025ൽ 636 കിലോമീറ്റായി വ്യാപിപ്പിച്ചു. 2030ഓടെ ഇത് 1000 കിലോമീറ്ററിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ആർ.ടി.എയുടെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു. ട്രാക്കുകൾ വിപുലീകരിച്ചതു വഴി സൈക്ലിങ് ട്രിപ്പുകളുടെ എണ്ണത്തിൽ 23 ശതമാനത്തിന്‍റെ വർധനവാണുണ്ടായത്. 2024ൽ 46.6 ദശലക്ഷമായിരുന്ന ട്രിപ്പുകൾ 2025ൽ എത്തിയപ്പോൾ 57.3 ദശലക്ഷമായി ഉയർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കരീം ബൈക്ക് ട്രിപ്പുകൾ ആരംഭിച്ചത് മുതൽ ഏതാണ്ട് 6509 ടൺ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നത് കുറക്കാനും സാധിച്ചു. അതായത് 2084 വാഹനങ്ങൾ ഓടുമ്പോഴുണ്ടാകുന്നത്ര അന്തരീക്ഷ മലിനീകരണമാണ് ഇല്ലാതായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

