ആകാശസുരക്ഷക്ക് ഡ്രോണുകൾ എത്തുന്നു
text_fieldsമിലിപോളിൽ പ്രദർശിപ്പിച്ച ഫോർടെം ഡ്രോൺ ഹണ്ടർ
ദോഹ: ലോകകപ്പ് കാലത്ത് സ്റ്റേഡിയങ്ങളും ഫാൻ സോണുകളും ഉൾപ്പെടെ സുപ്രധാന മേഖലകളിൽ തുമ്പികളെപോലെ മൂളിപ്പറക്കുന്ന കുഞ്ഞൻ ഡ്രോണുകളെ കാണുമ്പോൾ അതിശയപ്പെടേണ്ട. വിശ്വമേളക്ക് ലോകമാകെ ഖത്തറിൽ സംഗമിക്കുമ്പോൾ ഏറ്റവും മികച്ച സുരക്ഷ ഒരുക്കുന്നതിന്‍റെ ഭാഗമായി ഡ്രോണുകളും ഉപയോഗിക്കും.
ഖത്തര്‍ ആഭ്യന്തര മന്ത്രാലയം, ഫിഫ ലോകകപ്പ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ഓപറേഷന്‍സ് കമ്മിറ്റി എന്നിവയുമായുള്ള കരാര്‍ പ്രകാരം യു.എസ് ആസ്ഥാനമായ ഫോര്‍ടെം ടെക്‌നോളജീസ് ആണ് സ്റ്റേഡിയങ്ങളുടെ നേര്‍ക്കുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ ഡ്രോണുകളെ നല്‍കുന്നതെന്ന് ബി.ബി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആകാശം വഴിയുള്ള ഭീഷണികളെയും മറ്റും തിരിച്ചറിയുകയും നേരിടുകയുമാണ് ഈ അത്യാധുനിക ഡ്രോണുകളുടെ ലക്ഷ്യം.സാധാരണ നിരീക്ഷണ ഡ്രോണുകള്‍ക്ക് പകരമായാണ് അത്യാധുനിക പ്രതിരോധ സംവിധാനങ്ങളോടുകൂടിയ ഫോര്‍ടെം ഡ്രോണുകളെ വിന്യസിക്കുന്നത്. ആക്രമണലക്ഷ്യവുമായോ മറ്റോ പറന്നുവരുന്ന ഡ്രോണുകളെ വേഗത്തില്‍ തിരിച്ചറിയുകയും അവയെ പ്രതിരോധിക്കുകയും ചെയ്യാന്‍ കഴിവുള്ള, സ്വയം പ്രവര്‍ത്തിക്കുന്ന റഡാര്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള ഇന്റര്‍സെപ്റ്റര്‍ ഡ്രോണുകളായ ഇവയെ ഡ്രോണ്‍ ഹണ്ടേഴ്‌സ് എന്നാണ് പറയുന്നത്.
ആയുധങ്ങള്‍ ഉപയോഗിച്ചാല്‍ ഉണ്ടാകാവുന്ന പരിക്കിന്റെ അപകടസാധ്യതകള്‍ കുറച്ചുകൊണ്ട് ബില്‍റ്റ്-അപ് ലൊക്കേഷനുകളില്‍ ഡ്രോണുകള്‍ സുരക്ഷിതമായി ഇറക്കാന്‍ പര്യാപ്തമായ സംവിധാനമാണ് ഫോര്‍ടെം ഡ്രോണുകള്‍ക്കുള്ളതെന്ന് ഫോർടെം ചീഫ് എക്സിക്യൂട്ടിവും കോഫൗണ്ടറുമായ തിമോത്തി ബീൻ ബി.ബി.സിയോട് പറഞ്ഞു. പാരച്യൂട്ട് പോലെ പ്രവർത്തിക്കുന്ന വലക്കണ്ണികളുടെ കൂടി സഹായത്തോടെയാണ് ഡ്രോൺ സംശയകരമായ രീതിയിൽ പ്രത്യക്ഷപ്പെടുന്നവയെ വലയിലാക്കുന്നത്.
പതുക്കെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് പിടികൂടുന്നവരെ ഇറക്കാനും കഴിയും. ലോകോത്തര സാങ്കേതിക നിലവാരവും സേവനവുമാണ് ഫോർടെം ടെക്നോളജി ഉറപ്പാക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇവ ഉപയോഗിച്ച് മറ്റ് ഡ്രോണുകളെ പിടികൂടുന്ന ദൃശ്യങ്ങൾ ഫോർടെം ടെക്നോളജി അധികൃതർ പുറത്തു വിട്ടിട്ടുണ്ട്.
സ്റ്റേഡിയത്തിലെയും പരിസരത്തെയും ആരാധകരുടെ ശ്രദ്ധയിലൊന്നും പതിയാതെയാവും ഡ്രോണുകൾ പ്രവർത്തിക്കുന്നത്. ഒരു മൈൽ എങ്കിലും ദൂരെനിന്നുതന്നെ തങ്ങളുടെ ജോലി അവ പൂർത്തിയാക്കുമെന്ന് തിമോത്തി ബീൻ പറഞ്ഞു. കഴിഞ്ഞ മേയ് മാസത്തിൽ ദോഹയിൽ നടന്ന ആഭ്യന്തര സുരക്ഷാ പ്രദർശനമായ മിലിപോൾ എക്സിബിഷനിൽ ഫോർടെം പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

