സൗദി, യു.എ.ഇ എന്നിവിടങ്ങളിൽ ഡ്രോൺ ആക്രമണം: രാഷ്ട്ര നേതാക്കളുമായി നിർണായക ചർച്ചകൾ നടത്തി ഖത്തർ
text_fieldsദോഹ: അബൂദാബിയിലും സൗദിയിലും ഉണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ വിവിധ രാഷ്ട്ര നേതാക്കളുമായി നിർണായക ചർച്ചകൾ നടത്തി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. സൗദി അറേബ്യ, യു.എ.ഇ, പാകിസ്താൻ, ഈജിപ്ത്, പോർച്ചുഗൽ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായാണ് ഖത്തർ പ്രധാനമന്ത്രി ടെലിഫോണിൽ ആശയവിനിമയം നടത്തിയത്.
അബൂദബിയിൽ ആണവനിലയത്തിനു നേരെ ആക്രമണമുണ്ടായതിന് തൊട്ട് പിന്നാലെ ഖത്തർ പ്രധാനമന്ത്രി യു.എ.ഇ വിദേശകാര്യ മന്ത്രിയുമായി ആശയവിനിമയം നടത്തി. ആക്രമണത്തിൽ ശക്തമായി അപലപിക്കുകയും ഖത്തറിന്റെ പൂർണ ഐക്യദാഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശെരീഫുമായി ഖത്തർ പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചു. സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കാനും സമഗ്രമായ ഒരു കരാറിലേക്ക് ഉടൻ എത്തിച്ചേരേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു.
ശേഷം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായും ഖത്തർ പ്രധാനമന്ത്രി ആശയവിനിമയം നടത്തി. അന്താരാഷ്ട്ര നിയമങ്ങളും നല്ല അയൽപക്ക ബന്ധങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു. ഹുർമുസ് കടലിടുക്ക് ഗൾഫ് രാജ്യങ്ങളെ ഭീഷണിപ്പെടുത്താൻ ആയുധമാക്കരുതെന്ന് മുന്നറിയിപ്പ് നൽകി. പോർച്ചുഗീസ് വിദേശകാര്യ മന്ത്രി പൗലോ റാൻഷൽ, ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദല്ലാത്തി തുടങ്ങിയ അന്താരാഷ്ട്ര നേതാക്കളുമായി ഖത്തർ പ്രധാമന്ത്രി ചർച്ച നടത്തി.
സൗദിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതിന് പിന്നാലെ സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രിയുമായും ഖത്തർ പ്രധാനമന്ത്രി ആശയവിനിമയം നടത്തി. ആക്രമണശ്രമത്തെ ഖത്തർ അപലപിച്ചു. സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ഖത്തർ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
നിലവിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് അന്താരാഷ്ട്ര തത്വങ്ങൾ പാലിച്ചുകൊണ്ടുള്ള ചർച്ചകൾ അടിയന്തിരമായി ആവശ്യമാണെന്ന് സംഭാഷണങ്ങളിൽ രാഷ്ട്ര നേതാക്കളുമായി ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിസന്ധിയുടെ വേരുകൾ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കാൻ എല്ലാ കക്ഷികളും മുന്നോട്ട് വരണമെന്നും ആഹ്വാനം ചെയ്തു. സുസ്ഥിരമായ സമാധാനവും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും ഉറപ്പാക്കിക്കൊണ്ട് മേഖലയെ കൂടുതൽ വലിയ അപകടങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള ഖത്തറിന്റെ നയതന്ത്ര ശ്രമങ്ങളുടെ തുടർച്ചയായാണ് അടിയന്തര ഇടപെടൽ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

