നാടക ദിനാചരണവുമായി നാടക സൗഹൃദം ദോഹ
text_fieldsനാടക സൗഹൃദം ദോഹയുടെ ലോകനാടകദിനാചരണത്തോടനുബന്ധിച്ച് ജമാൽ വേളൂർ അവതരിപ്പിച്ച ഏകപാത്ര ആവിഷ്കാരം
ദോഹ: കോവിഡ് പ്രതിസന്ധികളില്‍നിന്നും നിയന്ത്രണങ്ങളില്‍ നിന്നും വിടുതല്‍ നേടുന്ന പശ്ചാത്തലത്തില്‍ നാടക സൗഹൃദം ദോഹ ലോകനാടകദിനം ആചരിച്ചു. ആഷിക് മാഹി അധ്യക്ഷത വഹിച്ചു. നാടക സൗഹൃദം രക്ഷാധികാരി കെ.കെ. ഉസ്മാന് ലോകനാടക ദിനം ഉദ്ഘാടനം ചെയ്തു.
ഇന്റര്‍നാഷനല്‍ തിയറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടി അമേരിക്കന്‍ ഓപറ തിയറ്റര്‍ ഡയറക്ടര്‍ ആയ പീറ്റര്‍ സെല്ലേര്‍സ് തയാറാക്കിയ, 2022 ലോക നാടകദിന സന്ദേശം സുധീര്‍ എലന്തോളി വായിച്ചു. മലയാള നാടകവേദിയുടെ പരിണാമങ്ങളെ കുറിച്ച് ബിജു പി. മംഗലം പ്രഭാഷണം നടത്തി.
രാജന് പി. ദേവ് അടക്കം പ്രഗല്ഭരായ നാടക, സിനിമ പ്രവര്‍ത്തകര്‍ക്കൊപ്പം ദീര്‍ഘകാലം പ്രഫഷനല്‍ നാടകരംഗത്ത് പ്രവര്‍ത്തിച്ച മല്ലിക തെൻറ നാടകാനുഭവങ്ങള്‍ പങ്കുവെച്ചു. ഖത്തറിലെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും നാടകപ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമായ അന്‍വര്‍ ബാബു, മുസ്തഫ ഏലത്തൂർ എന്നിവർ നാടകാനുഭവങ്ങള്‍ വിവരിച്ചു.
കടമ്മനിട്ടയുടെ മുഖപ്രസംഗം എന്ന കവിതയുടെ ഏകപാത്ര ആവിഷ്കാരം ജമാല്‍ വേളൂര്‍ അവതരിപ്പിച്ചു. ചിരകാലത്തെ സംഭാവനകള്‍ പരിഗണിച്ച് മജീദ് സിംഫണി, മുത്തു ഐ.സി.ആര്.സി, മല്ലിക, സുധീര്‍ എലന്തോളി, ജമാല്‍ വേളൂര്‍ എന്നിവരെ ആദരിച്ചു. റേഡിയോ സുനോ നാടക മത്സരത്തില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹരായ നാടക പ്രവര്‍ത്തകരെയും ആദരിച്ചു. ജനറല്‍ സെക്രട്ടറി പ്രദോഷ് കുമാര്‍ സ്വാഗതവും നിമിഷ നന്ദിയും പറഞ്ഞു.