സുഹൈൽ ഫാൽക്കൺ കോൺഫറൻസിൽ പ്രഭാഷകനായി ഡോ. സുബൈർ മേടമ്മൽ
text_fieldsസുഹൈൽ ഫാൽക്കൺ കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ ഡോ. സുബൈർ മേടമ്മൽ
ദോഹ: സുഹൈൽ ഫാൽക്കൺ കോൺഫറൻസിൽ ഫാൽക്കണുകളെ കുറിച്ച് ക്ലാസെടുത്ത് ഗവേഷകനും കാലിക്കറ്റ് യൂനിവേഴ്സിറ്റി ജന്തുശാസ്ത്ര വിഭാഗം പ്രഫസറുമായ ഡോ. സുബൈർ മേടമ്മൽ. ഒമ്പതാം തവണയാണ് സുഹൈൽ ഫാൽക്കൺ കോൺഫറൻസിൽ സുബൈർ പങ്കെടുക്കുന്നത്. 'ഫാൽക്കൺ സംരക്ഷണത്തിൽ ഖത്തറിന്റെ പ്രാധാന്യം' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം നടത്തിയത്. 40 ഇനം ഫാൽക്കണുകൾ ലോകത്തുണ്ടെന്നും അതിൽ എട്ടോളം ഇനങ്ങൾ ഖത്തറിൽ കാണുന്നെന്നും ഡോ. സുബൈർ മേടമ്മൽ പറഞ്ഞു.
പ്രത്യേക കാഴ്ച സാധ്യമാകുന്ന കണ്ണിന്റെ ഘടനയാണ് ഫാൽക്കണുകൾക്കുള്ളത്. ഇരുപതോളം വർഷം ജീവിക്കുന്ന ഫാൽക്കണുകൾ സാധാരണയായി മൂന്നു മുതൽ അഞ്ചുവരെ മുട്ടയാണ് വർഷവും ഇടാറുള്ളത്. ഇതിന്റെ നാസാരന്ധ്രങ്ങളിൽ കാണുന്ന ഒരു പ്രത്യേക സൂചി രൂപത്തിലുള്ള ഭാഗമാണ് അവയെ വേഗത്തിൽ പറക്കാൻ പ്രാപ്തമാക്കുന്നത്. ഇന്ത്യയിൽ കാണപ്പെടുന്ന ഷഹീൻ ഫാൽക്കണുകൾ വേട്ടക്കും വേഗതക്കും പേരുകേട്ടതാണ്. ഏറ്റവും വലിയ തുകക്ക് വിറ്റുപോകുന്ന സെയ്കർ ഫാൽക്കണുകൾ അറബികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാൽക്കണുകളെ കുറിച്ച് ആറുവർഷം യു.എ.ഇയിലും ഖത്തറിലും മറ്റ് വിദേശരാജ്യങ്ങളിലും പഠനം നടത്തി 2004ൽ ഫാൽക്കണുകളിൽ ആദ്യമായി ഡോക്ടറേറ്റ് നേടിയ ഏക ഇന്ത്യക്കാരനാണ്. എമിറേറ്റ്സ് ഫാൽക്കൺ ക്ലബിൽ അംഗത്വമുള്ള സുബൈർ മേടമ്മൽ തിരൂർ വാണിയന്നൂർ സ്വദേശിയാണ്. മൂന്നു പതിറ്റാണ്ടിലേറെയായി ഫാൽക്കൺ ഗവേഷണം തുടരുന്ന ഡോ. സുബൈർ മേടമ്മൽ കാലിക്കറ്റ് സർവകലാശാലയിലെ അന്തർദേശീയ പക്ഷി ഗവേഷണ കേന്ദ്രത്തിന്റെ കോഓഡിനേറ്ററുമാണ്. ഭാര്യ: സജിത വളവന്നൂർ, ബാഫഖി യതീംഖാന ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു അധ്യാപികയാണ്. ആദിൽ സുബൈർ (ഡൽഹി സർവകലാശാല പിഎച്ച്.ഡി. വിദ്യാർഥി), അമൽ സുബൈർ, അൽഫാ സുബൈർ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

