‘അനുഗൃഹീത നിമിഷങ്ങൾ സമ്മാനിച്ച പോപ്പ്’
text_fieldsദോഹ: ‘ഭൂമിയിൽ ഏറെ ഭാഗ്യമുള്ള ഒരാളായി ഞാൻ എന്നെ തന്നെ കരുതുന്നു. കാരണം, ഒന്നല്ല, രണ്ട് പ്രാവശ്യമാണ് എനിക്ക് പരിശുദ്ധപിതാവിനൊപ്പം സമയം പങ്കിടാൻ അനുഗ്രഹം ലഭിച്ചത്. 2016ലും ഏതാനും മാസങ്ങൾക്ക് മുമ്പ് 2024 ഡിസംബറിലുമായിരുന്നു അത്.
ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ നേരിട്ട് കണ്ടിരുന്നെങ്കിലും സംസാരിക്കാനോ അടുത്തുനിന്ന് ആശീർവാദം വാങ്ങാനോ കഴിഞ്ഞില്ല. എന്നാൽ, ഫ്രാൻസിസ് മാർപാപ്പയെ കാണാനും സംസാരിക്കാനും നേരിട്ട് ആശീർവാദം വാങ്ങാനും കഴിഞ്ഞു’ -തിങ്കളാഴ്ച രാവിലെ കാലം ചെയ്ത കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുമൊത്തുള്ള ഓർമകൾ പങ്കുവെക്കുകയാണ് ഖത്തറിലെ മുതിർന്ന ഇന്ത്യൻ പ്രവാസി ഡോ. മോഹൻ തോമസ്.
ഗൾഫിലെ സീറോ മലബാർ വിശ്വാസികളുടെ വത്തിക്കാൻ സന്ദർശനത്തിൽ ഏകോപന ചുമതലയുമായാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ കാണാനെത്തുന്നത്. വിവിധ ഗൾഫ് രാജ്യങ്ങളിലുള്ള സീറോ മലബാർ വിശ്വാസികൾക്കായുള്ള സ്വതന്ത്ര രൂപത സ്ഥാപിക്കുന്നത് സംബന്ധിച്ച് അനുവാദം തേടിയായിരുന്നു ആ സന്ദർശനം.
മൂന്നു നാലു ദിവസം വത്തിക്കാനിൽ തങ്ങിയപ്പോൾ, എന്റെ താമസം പോപ്പ് ഫ്രാൻസിസിന്റെ സ്വകാര്യ വസതിയായ സാന്ത മരിയയിലായിരുന്നു. ആ യാത്രയുടെ ഏറ്റവും അനുഗൃഹീത നിമിഷം ദിവസവും ഭക്ഷണം കഴിക്കാൻ വരുമ്പോൾ ഞങ്ങൾ ഫ്രാൻസിസ് പാപ്പയെ അവിടെ കാണുമായിരുന്നു എന്നതാണ്. ഒരു ദിവസം, ഭക്ഷണ സമയത്ത് പിന്നിൽനിന്ന് ഒരു അതിസൗമ്യ ശബ്ദം..! തിരിഞ്ഞുനോക്കിയപ്പോൾ പരിശുദ്ധപിതാവ്. അദ്ദേഹം സ്നേഹപൂർവം അനുഗ്രഹിച്ച് നീങ്ങി. ലക്ഷത്തിൽ ഒരാൾക്കു പോലും കിട്ടാത്ത മഹാഭാഗ്യം എന്നെ തെല്ലൊന്നുമല്ല ആനന്ദിപ്പിച്ചത്.
അടുത്ത ദിവസം ഒരു നിവേദനം നൽകുന്നതിനായി നേരിട്ട് അദ്ദേഹവുമായി സംവദിക്കാനുള്ള അവസരവും ലഭിച്ചു. ഗൾഫിലെ സീറോ മലബാർ വിശ്വാസികളുടെ ആവശ്യങ്ങൾ അദ്ദേഹത്തോട് പങ്കുവെച്ചപ്പോൾ, അദ്ദേഹം അത്രമേൽ കരുതലോടു കൂടി അപേക്ഷ സ്വീകരിച്ചു.
ഇതുസംബന്ധിച്ച നടപടികൾ അവസാനഘട്ടത്തിലെത്തി നിൽക്കെയാണ് മാർപാപ്പ വിടവാങ്ങുന്നത്. ഇക്കഴിഞ്ഞ ഡിസംബർ ഏഴിന് കർദിനാൾ മാർ ജോർജ് കൂവക്കാടിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിൽ എത്തിയപ്പോഴും അദ്ദേഹവുമായി സംസാരിക്കാൻ കഴിഞ്ഞു. ഭാര്യ തങ്കത്തിനൊപ്പം അദ്ദേഹത്തെ സമീപിച്ച്, ഗൾഫ് സീറോ മലബാർ വിശ്വാസികളുടെ നന്ദിയും സ്നേഹവും അറിയിക്കാനും ഈ സമയം ഉപയോഗപ്പെടുത്തി- മുൻ ഐ.എസ്.സി, ഐ.സി.ബി.എഫ് പ്രസിഡന്റും പ്രവാസി ഭാരതീയ സമ്മാന പുരസ്കാര ജേതാവുമായ ഡോ. മോഹൻ തോമസ് ഓർക്കുന്നു.
കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ മാർപാപ്പമാരിലൊരാളാണ് ഫ്രാൻസിസ് മാർപാപ്പ. ഒരിക്കൽ പോലും തന്റെ ലാളിത്യം കൈവിടാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. ഈ വേർപാട് കത്തോലിക്കാ സഭക്കും വലിയൊരു ശൂന്യതയാണ്. ഞാൻ കണ്ട ഏറ്റവും ദിവ്യവ്യക്തിത്വമായിരുന്നു പോപ്പ്. സൗമ്യതയും, ദയയും എളിമയും മാതൃകയാകും -ഡോ. മോഹൻ തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

