ഡോ. മൻമോഹൻ സിങ്, ലീഡർ കെ. കരുണാകരൻ, അഡ്വ. പി.ടി. തോമസ് അനുസ്മരണം
text_fieldsഇൻകാസ് ഖത്തർ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന് മുഖ്യ പ്രഭാഷണം നടത്തുന്നു, അനുസ്മരണ യോഗത്തില്‍ പങ്കെടുത്തവർ (വലത്)
ദോഹ: ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെയും, മുൻ കേരള മുഖ്യമന്ത്രി കെ. കരുണാകരന്റെയും, അഡ്വ. പി.ടി. തോമസിന്റെയും ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഐ.സി.സി ഹാളിൽ നടന്ന ചടങ്ങിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായിൽ അധ്യക്ഷത വഹിച്ചു.
ലോകത്തെത്തന്നെ പിടിച്ചുലച്ച സാമ്പത്തിക മാന്ദ്യകാലത്ത്, വൻ സാമ്പത്തിക ശക്തികൾ പോലും കടപുഴകിയപ്പോൾ, ഡോ. മൻമോഹൻ സിങ്ങിന്റെ ദീർഘവീക്ഷണവും സാമ്പത്തിക നയങ്ങളുമാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിർത്തിയതെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
കേരളത്തിൽ വൻകിട വികസനങ്ങളുടെ ഒരു പുതിയ പന്ഥാവ് വെട്ടിത്തുറന്ന ശക്തനായ ഭരണാധികാരിയായിരുന്നു ലീഡർ കെ. കരുണാകരനെന്ന് നേതാക്കൾ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിന്റെയും, ഇച്ഛാശക്തിയുടെയും പ്രതിഫലനമായിരുന്നു നെടുമ്പാശ്ശേരി എയർപോർട്ടും കലൂർ അന്താരാഷ്ട്ര സ്റ്റേഡിയവും അടക്കമുള്ള വൻകിട പദ്ധതികൾ.
പ്രകൃതിയെയും പരിസ്ഥിതിയെയും എന്നും ചേർത്തുപിടിച്ച നിലപാടുകളായിരുന്നു അഡ്വ. പി.ടി. തോമസിന്റേതെന്നും യോഗം അനുസ്മരിച്ചു. പശ്ചിമഘട്ടത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശങ്കകൾ ശരിയായ രീതിയിൽ കേരളം ഏറ്റെടുത്തിരുന്നെങ്കിൽ, വയനാട് ദുരന്തംപോലുള്ള സംഭവങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് തലശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് അർബാസ് ഒളവിലം, ഇൻകാസ് രക്ഷാധികാരി ജോപ്പച്ചൻ തെക്കെക്കൂറ്റ്, ഉപദേശക സമിതി അംഗവും ഐ.സി.സി ജനറൽ സെക്രട്ടറിയുമായ എബ്രഹാം കെ. ജോസഫ്, ഉപദേശക സമിതി അംഗം നിയാസ് ചെരിപ്പത്ത്, ഉപദേശക സമിതി അംഗവും ഐ.എസ്.സി സെക്രട്ടറിയുമായ ബഷീർ തുവാരിക്കൽ, വൈസ് പ്രസിഡന്റുമാരായ നാസർ വടക്കേക്കാട്, താജുദ്ദീൻ ചീരക്കുഴി, ജനറൽ സെക്രട്ടറി ഈപ്പൻ തോമസ്, അനൂജ റോബിൻ, ദീപക്ക് ചുള്ളിപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. ഇൻകാസ് ജനറൽ സെക്രട്ടറി കെ.വി. ബോബൻ സ്വാഗതവും, വൈസ് പ്രസിഡന്റ് എം.പി. ശ്രീരാജ് നന്ദിയും പറഞ്ഞു.
ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ല കമ്മിറ്റി ഭാരവാഹികളും യൂത്ത് വിങ് - ലേഡീസ് വിങ് ഭാരവാഹികളും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

