ഡോ. ഹനാദി അൽഹമദിന് ലോകാരോഗ്യ സംഘടന ഉന്നത പുരസ്കാരം
text_fieldsഡോ. ഹനാദി അൽ ഹമദ് പുരസ്കാരം ഏറ്റുവാങ്ങുന്നു
ദോഹ: റുമൈല ആശുപത്രി മെഡിക്കൽ ഡയറക്ടറും ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയുമായ ഡോ. ഹനാദി അൽ ഹമദിന് ലോകാരോഗ്യ സംഘടനയുടെ ഉന്നത പുരസ്കാരം. പൊതുജനാരോഗ്യ രംഗത്ത് മികച്ച സംഭാവന നൽകിയ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഏഴ് ആരോഗ്യ പ്രവർത്തകർക്കൊപ്പമാണ് ഖത്തറിൽ നിന്നുള്ള ഹനാദി അൽ ഹമദിനും പുരസ്കാരം ലഭിച്ചിരിക്കുന്നത്. ജനീവയിൽ ലോകാരോഗ്യ അസംബ്ലിയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഖത്തറിലെ വയോജനങ്ങൾക്കായി പ്രവർത്തിക്കുന്ന ദേശീയ പ്രോഗ്രാം മേധാവിയും ദേശീയ ആരോഗ്യ സ്ട്രാറ്റജിക് ഗ്രൂപ് അംഗവും എച്ച്.എം.സി ജെറിയാട്രിക്സ് ആൻഡ് ലോങ് ടേം കെയർ വിഭാഗം ചെയർപേഴ്സനുമാണ് ഡോ. ഹനാദി അൽ ഹമദ്. വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷയിലും ആരോഗ്യ ഉയർച്ചയിൽ ഗവേഷണം നടത്തുന്നവർക്കുള്ള ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് പുരസ്കാരത്തിന് അർഹയായ ഏക വ്യക്തികൂടിയാണ് ഇവർ.
അവാർഡ് ദാന ചടങ്ങിൽ ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി ഉൾപ്പെടുന്ന ഉന്നതതല ഖത്തരി സംഘവും പങ്കെടുത്തു. കുവൈത്ത് ഹെൽത്ത് പ്രമോഷൻ ഫൗണ്ടേഷനുവേണ്ടി കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സഈദ് ഡോ. ഹനാദി അൽ ഹമദിന് പുരസ്കാരം സമ്മാനിച്ചു. വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷക്കായി കഠിനാധ്വാനം നടത്തുന്നതിനുള്ള ഫലമാണ് ഡോ. ഹനാദിയുടെ നേട്ടങ്ങളെന്ന് ഡോ. അൽ സഈദ് ചടങ്ങിൽ പറഞ്ഞു.
തനിക്ക് മാത്രമല്ല, താനുൾപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക് ലഭിച്ചിരിക്കുന്ന അംഗീകാരമായാണ് പുരസ്കാരം സ്വീകരിച്ചിരിക്കുന്നതെന്നും വേൾഡ് ഹെൽത്ത് അസംബ്ലി പ്രസിഡൻറിനും കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. സഈദിനും നന്ദി അറിയിക്കുന്നുവെന്നും പുരസ്കാരമേറ്റു വാങ്ങി ഡോ. ഹനാദി അൽ ഹമദ് പറഞ്ഞു. ഖത്തറിലെയും മേഖലയിലെയും വയോജനങ്ങളുടെ ആരോഗ്യ, ക്ഷേമത്തിനായി ഉന്നതനിലവാരത്തിൽ പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി.
ലോകാരോഗ്യ സംഘടന ഹെൽത്ത് അസംബ്ലി പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ജിബൂതി ആരോഗ്യ മന്ത്രി ഡോ. അഹ്മദ് റുബ്ലെ അബ്ദില്ലെ ചടങ്ങിന് അധ്യക്ഷത വഹിച്ചു. നേരത്തേ ലോകാരോഗ്യ സംഘടനയുടെ എക്സ്റ്റേണൽ ഗ്രൂപ്പിലേക്ക് ഡോ. ഹനാദി അൽ ഹമദിനെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര നിലവാരത്തിൽ ലോകാരോഗ്യ സംഘടന മുന്നോട്ടു വെക്കുന്ന ക്ലിനിക്കൽ മാർഗനിർദേശങ്ങൾ നിരൂപണം ചെയ്യുകയും പരിശോധിക്കുകയും ചെയ്ത് ലോകാരോഗ്യ സംഘടനക്ക് പിന്തുണ നൽകുകയാണ് എക്സ്റ്റേണൽ റിവ്യൂ ഗ്രൂപ്പിന്റെ പ്രധാനപ്രവർത്തനം. ലോകാരോഗ്യ സംഘടനയുടെ വിവിധ അന്താരാഷ്ട്ര പദ്ധതികളിൽ വർഷങ്ങളായി ഡോ. ഹനാദിയും സംഘവും പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

