സമാധാനവും പരിസ്ഥിതി സന്ദേശവുമായി പ്രാവുകൾ പറന്നു
text_fieldsദോഹ എക്സ്പോ വേദിയിൽ പ്രാവുകളെ പറത്തുന്നു
ദോഹ: പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി അൽ റയ്യാൻ മുനിസിപ്പാലിറ്റിയും കായിക യുവജനകാര്യ മന്ത്രാലയവും ദോഹ എക്സ്പോ വേദിയിൽ പ്രതീകാത്മക പക്ഷി പറത്തൽ നടത്തി. ഖത്തരി ഹോമിങ് പീജിയോൺ അസോസിയേഷനുമായി സഹകരിച്ചായിരുന്നു രാജ്യത്തിന്റെ പരിസ്ഥിതി, ജൈവ വൈവിധ്യങ്ങളുടെ സംരക്ഷണത്തിൽ ബോധവത്കരണവുമായി പ്രാവുകളെ ആകാശത്തേക്ക് തുറന്നുവിട്ടത്. പ്രാദേശിക പരിസ്ഥിതിയിൽനിന്നുള്ള ആയിരത്തോളം പക്ഷികളെ ആകാശത്തേക്ക് തുറന്നുവിടുക എന്നതും ഈ പ്രചാരണ കാമ്പയിനിന്റെ ഭാഗമാണ്. വിദ്യാർഥികളിൽ വന്യജീവികളുടെയും ചുറ്റുപാടുമുള്ള ജീവജാലങ്ങളുടെയും സംരക്ഷണത്തിന്റെ പാഠങ്ങൾ പകരുകയാണ് ലക്ഷ്യമെന്ന് അൽ റയാൻ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ജാബിർ അൽ ജാബിർ പറഞ്ഞു. ഒപ്പം, പ്രാവുകളെ പറത്തിവിട്ട് ലോക സമാധാനമെന്ന സന്ദേശവും നൽകുന്നു.
ലോകത്തിനാകെ ഖത്തറിൽ നിന്നുള്ള സമാധാന സന്ദേശം പകരുകയാണെന്ന് ഫ്രണ്ട്സ് ഓഫ് എൻവയോൺമെന്റ് സെന്റർ എക്സിക്യൂട്ടിവ് ഡയറക്ടർ ഫർഹുദ് അൽ ഹജ്രി പറഞ്ഞു.
പ്രാദേശിക പരിസ്ഥിതിയും ജീവജാലങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ സന്ദേശവും ഇതുവഴി നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

