പ്രവാസിയാത്രക്കാരുടെ ഇരട്ട പി.സി.ആർ ടെസ്റ്റ് ഒഴിവാക്കണം; ഇൻകാസ് നിവേദനം നൽകി
text_fieldsദോഹ: കോവിഡ് മാനദണ്ഡപ്രകാരം ഗൾഫിൽനിന്നുള്ള യാത്രക്കാർക്ക് ഇരട്ട പി.സി.ആർ ടെസ്റ്റ് ഒഴിവാക്കണമെന്നും പകരം കേരളത്തിൽ മാത്രം ടെസ്റ്റ് നടത്തണമെന്നും ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഏകദേശം 8000ത്തിലധികം ഇന്ത്യൻ രൂപ ഖത്തറിൽ സ്വകാര്യ ആശുപത്രികളിൽ പരിശോധനക്കാവശ്യമാണ്. ഖത്തറിലെ ദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും സാധാരണ തൊഴിലാളികൾക്കും വീട്ടു ജോലിക്കാർക്കും ഇതു വലിയ പ്രയാസമാണ്. ഈ പരിശോധനക്കും റിപ്പോർട്ടിനുമായി രണ്ടു ദിവസത്തോളം താമസിക്കേണ്ടിവരുന്നതിനാൽ വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാകുന്നത്. ഖത്തറിലെ സാധാരണ പ്രവാസികൾക്ക് രണ്ട് സർക്കാർ ഹെൽത്ത് സെൻററിൽ മാത്രമേ സൗജന്യമായി ഈ സൗകര്യം നൽകുന്നുള്ളൂ. അതുകൊണ്ടുതന്നെ ഭൂരിപക്ഷം തൊഴിലാളികളും സ്വകാര്യ ക്ലിനിക്കുകളെയാണ് ആശ്രയിക്കുന്നത്. ഇത്തരക്കാർക്കു പരിശോധനക്കും മറ്റു സൗകര്യങ്ങൾക്കുമായി വിമാന ടിക്കറ്റിനു പുറമെ അധിക ചെലവ് വരുന്നു. വലിയ പ്രയാസത്തിൽ അകപ്പെട്ട പ്രവാസികളെ ഈ നിലക്ക് ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സമീർ ഏറാമല ആവശ്യപ്പെട്ടു.
അതിനു പകരമായി നാട്ടിലെ എയർപോർട്ടിൽനിന്ന് മാത്രം ടെസ്റ്റ് ചെയ്യുന്ന സംവിധാനം വേണം. കേന്ദ്ര മാനദണ്ഡപ്രകാരം സംസ്ഥാന സർക്കാറിന് ഈ കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരമുണ്ടെന്നാണ് അറിയുന്നത്. കേരളത്തിൽ മാത്രം ടെസ്റ്റ് നടത്താൻ സംസ്ഥാനസർക്കാർ നടപടിയെടുക്കണം. നെഗറ്റിവ് റിപ്പോർട്ടുള്ളവർക്കു ക്വാറൻറീൻ ഒഴിവാക്കണം. കേരളമൊഴിച്ച് മറ്റൊരു സംസ്ഥാനത്തും നെഗറ്റിവ് റിപ്പോർട്ടുണ്ടായാൽ ക്വാറൻറീൻ ഇല്ല.
കൂടാതെ, ഖത്തറില്‍നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് നേരത്തേ പി.സി.ആര് ടെസ്റ്റിന് പകരം ഇഹ്തിറാസ് ആപ് മാനദണ്ഡമായി പരിഗണിച്ചിരുന്നത് തുടരുക, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ടെസ്റ്റും ക്വാറൻറീനും നാട്ടിൽ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കണം.
ഈ ആവശ്യങ്ങൾ എല്ലാം ഉന്നയിച്ച് കേരള മുഖ്യമന്ത്രി, കേന്ദ്ര ആരോഗ്യമന്ത്രി എന്നിവർക്ക് ഇൻകാസ് നിവേദനം അയച്ചിട്ടുണ്ട്. പ്രവാസികളെ ഗൗരവമായി ബാധിക്കുന്ന ഈ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപെടുത്തി എത്രയും പെട്ടെന്ന് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് പ്രതിപക്ഷ നേതാവ്, കേരളത്തിലെ യു.ഡി.എഫ് എം.പിമാർ, എം.എൽ.എമാർ എന്നിവർ ഉറപ്പ് നൽകിയതായി സമീർ ഏറാമല പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.