ഇന്ത്യയുടെ കാര്യം അവർനോക്കും; അവിടെ ഉൽപാദനം വേണ്ട -ആപ്പിളിനോട് ട്രംപ്
text_fieldsദോഹ: ഐ ഫോൺ നിർമാതാക്കളായ ആപ്പിളിന്റെ ഇന്ത്യയിലെ വിപുലീകരണ ശ്രമങ്ങളോട് നീരസം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ ഡോണൾഡ് ട്രംപ് വ്യാഴാഴ്ച രാവിലെ വ്യവസായ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയിൽ നിർമാണങ്ങൾ വേണ്ടെന്നും ഇന്ത്യയുടെ കാര്യം അവർ നോക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ‘ആപ്പിൾ സി.ഇ.ഒ ടിം കുക്കുമായി എനിക്ക് ചെറിയ പ്രശ്നങ്ങളുണ്ട്. നല്ല രീതിയിലാണ് പെരുമാറുന്നതെന്ന് അദ്ദേഹത്തോട് ഞാൻ പറഞ്ഞു. നിങ്ങൾ 500 ശതകോടി ഡോളർ നേടുന്നുണ്ട്. പക്ഷേ ഇപ്പോൾ ഇന്ത്യയിലുടനീളം നിർമാണം നടത്തുന്നതായി കേട്ടു. നിങ്ങൾ ഇന്ത്യയിൽ നിർമാണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾക്ക് ഇന്ത്യയെ പരിപാലിക്കണമെങ്കിൽ ഇന്ത്യയിൽ നിർമാണം നടത്താം. കാരണം ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് രാജ്യങ്ങളിലൊന്നാണ്. അതിനാൽ ഇന്ത്യയിൽ വിൽക്കാൻ വളരെ ബുദ്ധിമുട്ടാണ്. അവരുടെ കാര്യം അവർ തന്നെ നോക്കട്ടെ’ - ട്രംപ് വ്യക്തമാക്കി.
ചൈനയിൽനിന്ന് ഉൽപാദന പ്ലാന്റുകൾ മാറ്റി, ഇന്ത്യയിൽ കൂടുതൽ വിപുലീകരണ പ്രവർത്തനങ്ങൾക്കായി ആപ്പിൾ ശ്രമിക്കുന്നതായി അടുത്തിടെ വാർത്തകളുണ്ടായിരുന്നു. ഇതേ ചടങ്ങിൽ തന്നെയായിരുന്നു അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യ പൂർണമായും തീരുവ ഒഴിവാക്കാനുള്ള സന്നദ്ധത വാഷിങ്ടണിനെ അറിയിച്ചെന്നും ട്രംപ് വ്യക്തമാക്കിയത്. താരിഫ് വിവാദത്തിന് കൂടുതൽ ചൂട് പകരുന്നതാണ് പുതിയ പരാമർശങ്ങൾ.
നിലവിൽ ആപ്പിളിന് തമിഴ്നാട്ടിൽ രണ്ടും കർണാടകയിൽ ഒന്നും ഉൽപാദന പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഒരെണ്ണം ഫോക്സ്കോൺ ഗ്രൂപ്പിനും രണ്ടെണ്ണം ടാറ്റ ഗ്രൂപ്പിനും കീഴിലാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2200 കോടി ഡോളറിന്റെ ഐ ഫോണുകൾ ഇന്ത്യയിൽ ഉൽപാദിപ്പിച്ചതായാണ് റിപ്പോർട്ട്. മുൻവർഷത്തേക്കാൾ 60 ശതമാനംവരെ വർധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.