മാലിന്യം വലിച്ചെറിയരുത്;ബോധവത്കരണവുമായി മന്ത്രാലയം
text_fieldsലോക ശുചീകരണ ദിനത്തിന്റെ ഭാഗമായി മുനിസിപ്പാലിറ്റി മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ
നടത്തിയ പ്രചാരണ പോസ്റ്ററുകൾ
ദോഹ: ലോക ശുചീകരണ ദിനത്തിൽ മാലിന്യത്തിനെതിരായ ബോധവത്കരണവും പോരാട്ടവും സജീവമാക്കി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. പൊതുജനങ്ങൾ മാലിന്യം വലിച്ചെറിയുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും രാജ്യത്തെ പൊതുശുചിത്വ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും മുനിസിപ്പാലിറ്റി മന്ത്രാലയം ലോക ശുചീകരണ ദിനാചരണത്തോടനുബന്ധിച്ച് അഭ്യർഥിച്ചു. എല്ലാ വർഷവും സെപ്റ്റംബർ 16നാണ് ലോക ശുചീകരണ ദിനമായി ആചരിക്കുന്നത്.
ബീച്ചുകളിലും തെരുവുകളിലും കോർണിഷുകളിലും ഭക്ഷ്യമാലിന്യങ്ങൾ വലിച്ചെറിയുന്നത് പൊതു ഇടങ്ങളുടെ ശുചിത്വവും ഭംഗിയും നഷ്ടപ്പെടുത്തുമെന്നും സമൂഹമാധ്യമ പേജുകളിലൂടെ മന്ത്രാലയം പൊതുജനങ്ങളെ ഉണർത്തി. പൊതുസ്ഥലങ്ങളിൽ ശുചിത്വം പാലിക്കാൻ പൗരന്മാരും താമസക്കാരും ഒരുപോലെ ബാധ്യസ്ഥരാണ്. ഇത് ലംഘിക്കുന്നത് പൊതുശുചിത്വം സംബന്ധിച്ച 2018ലെ 18ാം നമ്പർ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യമാണ്.
മുനിസിപ്പാലിറ്റി നിർദേശിച്ച സ്ഥലങ്ങളിലൊഴികെ മറ്റിടങ്ങളിൽ മാലിന്യങ്ങൾ ഉപേക്ഷിക്കുകയോ വലിച്ചെറിയുകയോ ഒഴുക്കിക്കളയുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നുവെന്നും ലംഘനങ്ങൾ പിടികൂടിയാൽ നിയമലംഘനം നടത്തിയവരുടെ സ്വന്തം ചെലവിൽ അവ നീക്കംചെയ്യാനും ഇതിനുപയോഗിച്ച വാഹനങ്ങൾ മൂന്നുമാസം വരെ തടവിൽ വെക്കാനും അതത് മുനിസിപ്പാലിറ്റിക്ക് അധികാരമുണ്ടെന്നും നിയമത്തിൽ പറയുന്നു.
പൊതു പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിലെ മുഴുവൻ ആളുകൾക്കിടയിലും പൊതുശുചിത്വത്തിന്റെ കൂട്ടുത്തരവാദിത്തബോധം വർധിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി മുനിസിപ്പാലിറ്റി മന്ത്രാലയം നിരന്തരം പരിപാടികൾ നടത്തിവരുന്നുണ്ട്. പൊതുസ്ഥലങ്ങളിലോ തുറസ്സായ സ്ഥലങ്ങളിലോ ഭക്ഷണാവശിഷ്ടങ്ങൾ ഉപേക്ഷിക്കുകയോ വലിച്ചെറിയുകയോ ചെയ്താൽ 10,000 റിയാൽ വരെ പിഴ ചുമത്തപ്പെടാം.
പൊതുശുചിത്വ ലംഘനം സംബന്ധിച്ച പരാതികളും മറ്റും മന്ത്രാലയത്തിന്റെ ഏകീകൃത ഹോട്ട്ലൈനായ 184 വഴിയും ഔൻ ആപ്പിലൂടെയും പൊതുജനങ്ങൾക്ക് അധികാരികളെ അറിയിക്കാം. ആഗോള ചവറ്റുകൊട്ട പ്രതിസന്ധിക്കെതിരെ നടപടിയെടുക്കാനും മാലിന്യങ്ങൾ വൃത്തിയാക്കാനും അഭ്യർഥിച്ചാണ് ഈ വർഷം ലോക ശുചീകരണ ദിനം ആചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

