പുണ്യരാവിൽ പെയ്തിറങ്ങിയത് കോടി നന്മകൾ
text_fieldsഖത്തർ ചാരിറ്റിയും സമൂഹമാധ്യമ സെലിബ്രിറ്റികളും ചേർന്ന് 27ാം രാവിൽ നടത്തിയ ഓൺലൈൻ ഫണ്ട് സമാഹരണത്തിൽനിന്ന്
ദോഹ: പുണ്യങ്ങളുടെ കവാടങ്ങൾ തുറന്ന രാവിൽ സുമനുസ്സുകളുടെ ദാനം കോടികളായി പെയ്തിറങ്ങി. ഖത്തർ ചാരിറ്റിയും ഖത്തറിൽനിന്നുള്ള സാമൂഹിക മാധ്യമതാരങ്ങളും ഒന്നിച്ച് ഓൺലൈൻവഴി നടത്തിയ ഡൊണേഷൻ ഡ്രൈവിൽ ഒരു രാത്രിയിലെ മൂന്ന് മണിക്കൂറിൽ സമാഹരിച്ചത് മൂന്ന് കോടി റിയാലിലധികം തുക.
റമദാനിലെ 27ാം രാവിലായിരുന്നു യമനിലെയും സിറിയയിലെയും പതിനായിരങ്ങളുടെ കണ്ണീരൊപ്പാനുള്ള പദ്ധതിയുമായി ഖത്തർ ചാരിറ്റിയും സമൂഹമാധ്യമ താരങ്ങളും ഒന്നിച്ചത്. പുണ്യങ്ങൾ പെയ്തിറങ്ങുന്ന വിശുദ്ധ രാത്രിയിലെ മൂന്ന് മണിക്കൂറിൽ തത്സമയമായിരുന്നു ഡൊണേഷൻ ഡ്രൈവ് സംഘടിപ്പിച്ചത്.
ഖത്തർ ചാരിറ്റിയും വിവിധ സോഷ്യൽ മീഡിയ താരങ്ങളും തങ്ങളുടെ പേജുകളിലൂടെ തത്സമയം രംഗത്തുവന്നപ്പോൾ സംഭാവനകൾ കൂമ്പാരമായി. മൂന്നുമണിക്കൂർ നീണ്ട ഡ്രൈവ് സമാപിച്ചപ്പോൾ സംഭാവനയായി എത്തിയത് 3.40 കോടി റിയാൽ.
‘ഇരുപത്തിയേഴാം രാവ് ചലഞ്ച്’ എന്ന് പേരിട്ട ഒാൺലൈൻ സംഭാവന ഡ്രൈവ് രാത്രി ഒമ്പതിനായിരുന്നു തുടങ്ങിയത്. ആരംഭിച്ച് മൂന്ന് മണിക്കൂർകൊണ്ട് അവസാനിച്ചപ്പോൾ എണ്ണായിരത്തിലധികംപേർ തങ്ങളുടെ സംഭാവനകളുമായി പങ്കാളികളായി. 10 ലക്ഷം റിയാലും 20 ലക്ഷം റിയാലും വരെ ഒറ്റയടിക്ക് സംഭാവന നൽകിയവരും ചെറിയ തുകകൾ നൽകിയവരുമായി ആയിരങ്ങളുടെ പങ്കാളിത്തത്തിലാണ് ഒറ്റ രാത്രിയിൽ കുറഞ്ഞ സമയത്തിനുള്ളിൽ വലിയൊരു തുക സമാഹരിച്ചത്.
യമനിലും സിറിയയിലുമായി അഭയാർഥികളാക്കപ്പെട്ട 10,496 കുടുംബങ്ങൾക്ക് വീടൊരുക്കാനാണ് തുക ഉപയോഗിക്കുന്നത്. ഖത്തർ ചാരിറ്റി ട്വീറ്റ് പ്രകാരം യൂട്യൂബ് ലൈവിൽ ഇത്തരത്തിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഡൊണേഷൻ ഡ്രൈവായിരുന്നു ഇത്.
അബ്ദുറഹ്മാൻ അൽ ഹറമി, അബ്ദുല്ല അൽ ഗഫ്രി, മുഹമ്മദ് അദ്നാൻ എന്നിവരാണ് ഡ്രൈവിന് നേതൃത്വം നൽകിയത്. അൽ ഹസ്ം മാളിലായിരുന്നു ലൈവ് വിവിധ പേജുകൾ വഴി സംപ്രേക്ഷണം ചെയ്തത്.
സിറിയയിലെ അൽ കരാമ ഗ്രാമത്തിലുള്ളവർക്ക് 1680 വീടുകളാണ് സജ്ജമാക്കുന്നത്. യമനിലെ മൂന്ന് വ്യത്യസ്ത നഗരങ്ങളിലായി 1500 മൊബൈൽ അപ്പാർട്മെന്റുകളും ഡ്രൈവിലൂടെ നൽകും. റമദാനിലെ അവസാന 10 ദിവസങ്ങൾ വിശ്വാസികൾക്ക് ഏറെ വിശേഷപ്പെട്ടതാണ്.
അതിൽ, ഏറ്റവും സവിശേഷമായ രാത്രിയെന്ന നിലയിൽ 27ാം രാവിൽ വിശ്വാസികൾ ആരാധനകളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാകുന്ന പശ്ചാത്തലത്തിലായിരുന്നു ഖത്തർ ചാരിറ്റി ശ്രദ്ധേയമായ ഡ്രൈവ് സംഘടിപ്പിച്ചത്. ഒരു ദശാബ്ദത്തിലേറെയായി ആഭ്യന്തര, വൈദേശിക ഇടപെടലുകളിൽ കടുത്ത ദുരിതത്തിൽ കഴിയുന്ന സിറിയയിലും യമനിലുമായി ഇതിനകം ലക്ഷക്കണക്കിനാളുകളാണ് അഭയാർഥികളായതും കുടിയിറക്കപ്പെട്ടതും.
2011 മുതൽ 14 ദശലക്ഷത്തിലധികം പേരാണ് തങ്ങളുടെ വീടുകളുപേക്ഷിച്ചത്. ഇതിൽ 6.8 ദശലക്ഷം പേരും ആഭ്യന്തരമായി പലായനം ചെയ്തവരാണ്. 2015 മുതൽ യമനിൽ തുടരുന്ന ആഭ്യന്തര സംഘർഷങ്ങളിൽ ഇതുവരെ 4.5 ദശലക്ഷം പേരാണ് കുടിയിറക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

