ഡോം ഖത്തർ ‘മൽഹാർ’ ആഘോഷം ഇന്ന്
text_fieldsഡയസ്പോറ ഓഫ് മലപ്പുറം സംഘടിപ്പിക്കുന്ന ‘മൽഹാർ’
ആഘോഷങ്ങളുടെ വിശദാംശങ്ങൾ സംഘാടകർ
വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) ജില്ല പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘മൽഹാർ’ സീസൺ രണ്ട് അൽവക്റയിലെ ഡി.പി.എസ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച അരങ്ങേറുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന ചടങ്ങിൽ അക്കാദമിക്, സ്പോർട്സ്, ആർട്സ്, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച മലപ്പുറം ജില്ലക്കാരെ എക്സലൻസ് അവാർഡ് നൽകി ആദരിക്കും. മലപ്പുറം ജില്ലയിൽ നിന്നുള്ള ഗാർഹിക ജീവനക്കാരെയും ആദരിക്കും. അഞ്ച് വർഷത്തിൽ കുറയാത്ത കാലയളവിൽ ഖത്തറിൽ ജോലി ചെയ്ത ഗാർഹിക ജോലിക്കാരായ വനിതകളെയാണ് ആദരിക്കുന്നത്. പ്രവാസി ക്ഷേമനിധി പദ്ധതിയിൽ അഞ്ച് വർഷത്തേക്കുള്ള പ്രിമീയവും നൽകും. പ്രശസ്ത മജീഷ്യനും മോട്ടിവേഷൻ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് പ്രവാസി കുടുംബങ്ങൾക്ക് ഉപകാരപ്രദമായ വിഷയങ്ങളിൽ സംവദിക്കും.
കണ്ണൂർ ഷരീഫ്, ശൈഖ അബ്ദുല്ല എന്നിവരുടെ നേതൃത്വത്തിൽ ദോഹയിൽനിന്നുള്ള പ്രശസ്തരായ ഗായകരെയും ഉൾപ്പെടുത്തി സംഗീതനിശയും ദോഹയിലെ പ്രമുഖ കൂട്ടായ്മകളിൽനിന്നുള്ള ഒപ്പന, ക്ലാസിക്കൽ ഡാൻസ്, കൈകൊട്ടി കളി, ഖവാലി തുടങ്ങിയ ദൃശ്യാവിഷ്കാരങ്ങളും പരിപാടിയോട് ബന്ധപ്പെട്ട് നടക്കുന്നതാണ്.
വാർത്തസമ്മേളനത്തിൽ ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ, ജനറൽ സെക്രട്ടറി മൂസ താനൂർ, ട്രഷറർ ബിജേഷ് കൈപ്പട, മുഖ്യ ഉപദേശകൻ മഷ്ഹൂദ് തിരുത്തിയാട്, വൈസ് പ്രസിഡന്റ് നബ്ഷാ മുജീബ്, പ്രോഗ്രാം കോഓഡിനേറ്റർ അബി ചുങ്കത്തറ, വേൾഡ് മലയാളി ഫെഡറേഷൻ ഖത്തർ കോഓഡിനേറ്റർ അജാസ്അലി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

