ദോഹ–തിരുവനന്തപുരം നോൺസ്റ്റോപ്പ് സർവിസ്; എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് തീരുമാനം സ്വാഗതാർഹം -തൗഫീഖ്
text_fieldsദോഹ: ഖത്തറിൽനിന്നും തിരുവനന്തപുരത്തേക്ക് ശൈത്യകാല ഷെഡ്യൂള്‍ പ്രകാരം നേരിട്ടുള്ള വിമാന സര്‍വിസ് പ്രഖ്യാപിച്ച എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റിനെയും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയെയും തിരുവനന്തപുരം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറം ഇന്‍ ഖത്തര്‍ (തൗഫിഖ്) മാനേജിങ് കമ്മിറ്റി അഭിനന്ദിച്ചു. തൗഫിഖിന്റെ ദീർഘ നാളായുള്ള ആവശ്യത്തിന് ആശ്വാസം എന്നനിലയിലാണ് ഒക്ടോബർ അവസാനം മുതൽ തിരുവനന്തപുരം-ദോഹ സെക്ടറിലേക്ക് നോൺ സ്റ്റോപ് വിമാന സർവിസ് ആരംഭിക്കാൻ അധികൃതർ തീരുമാനിച്ചത്.
കോവിഡ് കാലത്ത് നിലച്ച വിമാന സർവിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കും സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്കും തൗഫിഖ് നിവേദനം നല്‍കിയിരുന്നു. വര്‍ഷങ്ങളായി കടുത്ത യാത്രാദുരിതം അനുഭവിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ– കോട്ടയം ജില്ലകളിലെ തെക്കു കിഴക്കന്‍ ഭാഗങ്ങളില്‍ നിന്നുള്ളവര്‍, തമിഴ്നാട് സംസ്ഥാനത്തിന്റെ നാഗര്‍കോവില്‍, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി മുതലായ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് വലിയ അനുഗ്രഹമാണ് നോൺസ്റ്റോപ് സർവിസ് തീരുമാനം.
തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ടിൽനിന്ന് ഖത്തറിലേക്കു യാത്ര ചെയ്യന്നവരിൽ അധികവും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവരും നിർമാണ മേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികളും കുറഞ്ഞ വരുമാനക്കാരും ആണ്. ഇങ്ങനെയുള്ളവർക്ക് എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് തീരുമാനം ഗുണം ചെയ്യും. ഗള്‍ഫ്-കേരള സെക്ടറില്‍ സീസണ് സമയത്ത് ഉണ്ടാകുന്ന വിമാന ടിക്കറ്റ് നിരക്ക് വര്‍ധനക്കെതിരെയുള്ള നിയമ പോരാട്ടത്തിനു പിന്തുണ നല്കാന് തൗഫീഖ് കമ്മിറ്റ് യോഗം തീരുമാനിച്ചു. ജനറല്‍ കണ്‍വീനര്‍ തോമസ് കുര്യന് നെടുംതറയില്‍ അധ്യക്ഷത വഹിച്ചു. മുഖ്യ ഉപദേശകന് അബ്ദുല്‍ റൗഫ് കൊണ്ടോട്ടി, അനീഷ് വി.എം, ഒ.കെ. പരുമല, റിജോ ജോയ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

