ദോഹ ലോക സമാധാനത്തിന്റെ മേൽവിലാസം
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി
ദോഹ: പതിനഞ്ചുമാസം നീണ്ട ഇസ്രായേലിന്റെ മനുഷ്യക്കുരുതിക്ക് അവസാനമായി ഞായറാഴ്ച മുതൽ ഗസ്സയിൽ പുതിയ പ്രഭാതം പിറക്കുകയാണ്. പ്രാദേശിക സമയം രാവിലെ 8.30 മുതൽ വെടിയൊച്ചകൾക്ക് വിരാമമാവുന്ന കരാർ പ്രാബല്യത്തിൽ വരുമ്പോൾ ഖത്തറിന്റെ സുദീർഘമായ ഒരു സമാധാന ദൗത്യം കൂടി വിജയം കാണുകയായി. ദോഹ സമാധാന കരാർ എന്ന അർഥത്തിൽ ‘സലാം ദോഹ’ എന്നാണ് ഖത്തർ, ഈജിപ്ത്, അമേരിക്ക രാജ്യങ്ങളുടെ നേതൃത്വത്തിൽ നടന്ന വെടിനിർത്തൽ കരാറിനെ അറബ് വാർത്താമാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
പതിറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വെടിയൊച്ചകളും യുദ്ധവും അവസാനിപ്പിച്ചും പട്ടിണിയും തർക്കങ്ങളും സഘർഷവും നിർത്തിയും മുറിവുകളുണക്കിയും സമാധാനം തുടരുന്ന ഖത്തറിന്റെ മറ്റൊരു വിജയം കൂടിയായി ‘സലാം ദോഹ’ മാറുന്നു. പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിലും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും യുദ്ധങ്ങൾ, സ്വേച്ഛാധിപത്യം, ശത്രുത എന്നിവക്കു പകരം നീതിയും സുരക്ഷയും സമാധാനവും പരസ്പര സഹവർത്തിത്വവും നിറഞ്ഞ ഒരു ലോകത്തെ കെട്ടിപ്പടുക്കുന്നതിലും ഖത്തർ ലോകത്തിന് മാതൃകയാവുകയാണ്. ഗസ്സയിൽ വെടിമുഴങ്ങുമ്പോഴെല്ലാം ഖത്തർ സമാധാനശ്രമങ്ങളുമായി രംഗത്തിറങ്ങാറുണ്ട്.
2011ലെ ദർഫർ സമാധാന രേഖ ദോഹയിൽ ഒപ്പുവെച്ചപ്പോൾ
2009, 2012, 2014, 2021 വർഷങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിൽ നിർണായകമായത് ഖത്തറിന്റെ മധ്യസ്ഥതയായിരുന്നു. 2021 മേയ് 10 നും 20 നുമിടയിൽ ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ 11 ദിവസത്തെ ആക്രമണത്തിന് അന്ത്യംകുറിച്ച് വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കിയതും അന്താരാഷ്ട്ര സമൂഹവുമായി സഹകരിച്ചുള്ള ഖത്തറിന്റെ മധ്യസ്ഥതത തന്നെയായിരുന്നു. അങ്ങനെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ലോകം കണ്ടത് ഒട്ടനവധി രാഷ്ട്രീയ, നയതന്ത്ര പദ്ധതികൾ. ലിബിയ മുതൽ ഗസ്സവരെ തുടരുന്ന ഖത്തറിന്റെ മധ്യസ്ഥ, നയതന്ത്ര ദൗത്യങ്ങളുടെ വിജയഗാഥയിലൂടെ.
റഷ്യ വിട്ടയച്ച യുക്രെയ്ൻ കുട്ടികൾക്കൊപ്പം മുൻ ഖത്തർ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രിയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുമായ ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ
2007: ബൾഗേറിയൻ നഴ്സുമാരുടെ മോചനം
സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ ലോകം ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു ലിബിയയിൽ തടങ്കലിലായ ഫലസ്തീൻ ഡോക്ടറുടെയും ബൾഗേറിയൻ നഴ്സുമാരുടെയും കേസ്. വധശിക്ഷ വിധിക്കപ്പെട്ട ഇവിടെ എട്ട് വർഷത്തെ ജയിൽവാസത്തിനുശേഷം മോചിപ്പിക്കാൻ ഖത്തറിന്റെ മധ്യസ്ഥ ശ്രമം വഴി സാധ്യമായി.
450 കുട്ടികൾക്ക് എയ്ഡ്സിന് കാരണമാകുന്ന വൈറസ് കുത്തിവെച്ചെന്ന് ആരോപിച്ചാണ് ലിബിയ ഇവരെ പിടികൂടിയതും വധശിക്ഷക്ക് വിധിച്ചതും. അത് പിന്നീട് ജീവപര്യന്തം തടവായി കുറച്ചു. ഖത്തറിന്റെ തുടർ മധ്യസ്ഥതയിൽ അവരെ വിട്ടയക്കുകയും ചെയ്തു.
2008: യമൻ സർക്കാർ-ഹൂതി മധ്യസ്ഥം
യമൻ സർക്കാറും ഹൂതികളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനും അവസാനിപ്പിക്കുന്നതിനുമായുള്ള ചർച്ചകൾക്ക് വേദിയൊരുക്കിയത് ദോഹയായിരുന്നു.
യമൻ സർക്കാറിനുവേണ്ടി അന്നത്തെ പ്രസിഡന്റായിരുന്ന അലി അബ്ദുല്ല സാലിഹിന്റെ പ്രതിനിധി അബ്ദുൽ കരീം അൽ ഇർയാനിയും ഹൂതികൾക്കുവേണ്ടി അബ്ദുൽ മലിക് അൽ ഹൂതിയുടെ പ്രതിനിധിയായി സാലിഹ് അഹ്മദ് അലി ഹബ്രയും ദോഹയിലെത്തി സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചു.
2008: ലബനാനുവേണ്ടി ദോഹ കരാർ
2008ൽ ലബനാനെ പിടിച്ചുലച്ച 18 മാസത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് അന്ത്യംകുറിച്ചത് ഖത്തറിന്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച കരാറിലൂടെയായിരുന്നു. കരാർ പ്രകാരം അന്നത്തെ ലബനാൻ സൈനിക കമാൻഡർ മൈക്കൽ സുലൈമാനെ പ്രസിഡന്റായി തെരഞ്ഞെടുക്കുന്നതിലേക്കാണ് അത് നയിച്ചത്. ദേശീയ ഐക്യസർക്കാറിന്റെ രൂപവത്കരണത്തിനുപുറമേ തലസ്ഥാനമായ ബൈറൂത്തിനെ മൂന്ന് മേഖലകളാക്കിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് നിയമത്തിന്റെ അംഗീകാരവും ദോഹ കരാറിലൂടെ യാഥാർഥ്യമായി.
2011: ദർഫർ സമാധാന രേഖ
2011 ജൂലൈ 14ന് സുഡാൻ സർക്കാറിന്റെയും ലിബറേഷൻ ആൻഡ് ജസ്റ്റിസ് മൂവ്മെന്റിന്റെയും പ്രതിനിധികൾ ദർഫറിലെ സമാധാന കരാർ ഒപ്പുവെച്ചത് ദോഹയിൽ വെച്ചായിരുന്നു.
രണ്ടര വർഷമായിത്തുടർന്ന ചർച്ചകളാണ് ഖത്തറിന്റെ മധ്യസ്ഥതക്കൊടുവിൽ സമാധാന ഉടമ്പടിയിലേക്ക് വഴിയൊരുക്കിയത്.
2011: ജിബൂതി-എരിത്രിയ അനുരഞ്ജനം
ദീർഘകാലമായി തുടർന്നിരുന്ന അതിർത്തി തർക്കം അവസാനിപ്പിച്ച് ജിബൂതിയും എരിത്രിയയും തമ്മിലുള്ള സമാധാന കരാർ സാധ്യമാക്കുന്നതിൽ ഖത്തർ മധ്യസ്ഥത വലിയ പങ്ക് വഹിക്കുകയും ഇരുരാഷ്ട്രങ്ങളും കരാറിൽ ഒപ്പുവെക്കുകയും ചെയ്തു.
2012: ഫതഹും ഹമാസും തമ്മിലെ അനുരഞ്ജനം
ഇസ്ലാമിക് റെസിസ്റ്റന്റ് മൂവ്മെന്റും (ഹമാസ്) ഫലസ്തീൻ ലിബറേഷൻ മൂവ്മെന്റും (ഫതഹ്) തമ്മിലുള്ള തർക്കങ്ങൾ അവസാനിപ്പിച്ച് ഫലസ്തീൻ മേഖലയെ ഒറ്റക്കെട്ടാക്കി മാറ്റാൻ ഖത്തറിനായി. ദീർഘകാലത്തെ ചർച്ചകൾക്കൊടുവിൽ 2012 ഫെബ്രുവരി ആറിന് ദോഹയിൽ വെച്ച് ഫതഹിനുവേണ്ടി മഹ്മൂദ് അബ്ബാസും ഹമാസിനുവേണ്ടി ഖാലിദ് മിഷ്അലും സമാധാന കരാറിൽ ഒപ്പുവെച്ച് ജനങ്ങളുടെ വികാരത്തിനൊപ്പം നിലകൊണ്ടു.
2013: ദർഫർ കരാർ
സുഡാനിലെ ആഭ്യന്തര സംഘർഷങ്ങൾക്ക് അറുതിവരുത്തി രക്തചൊരിച്ചിൽ അവസാനിപ്പിച്ച മറ്റൊരു കരാറിനും ഖത്തർ സാക്ഷിയായി. സുഡാൻ സർക്കാറിനെയും മറുവശത്ത് ലിബറേഷൻ ആൻഡ് ജസ്റ്റിസ് മൂവ്മെന്റിനെയും ഒരു മേശക്ക് ചുറ്റുമിരുത്തി വെടിനിർത്തൽ കരാറിലെത്തി.
2014: കന്യാസ്ത്രീകളുടെ മോചനം
ലോകമാധ്യമങ്ങളിൽ വലിയ തലക്കെട്ടായ സംഭവമായിരുന്നു 13 കന്യാസ്ത്രീകളെ സിറിയൻ വിമത പോരാളികൾ തടവിലാക്കിയ കേസ്. സിറിയയിലെ ആഭ്യന്തര സംഘർഷങ്ങളുടെ തുടർച്ചയായിരുന്നു ഈ തട്ടിക്കൊണ്ടുപോകൽ. മൂന്നു മാസം വിമതരുടെ തടവിലായിരുന്നവരുടെ മോചനത്തിനായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശ പ്രകാരം 2013 ഡിസംബറിൽ ചർച്ചകൾ ആരംഭിച്ചു.
സിറിയൻ ഭരണകൂടത്തിന്റെ ജയിലുകളിൽ തടവിലായിരുന്ന 153ലധികം വനിതാ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി 13 കന്യാസ്ത്രീകളെ വിമതർ വിട്ടയച്ചു.
2014: താലിബാൻ-അമേരിക്ക തടവുകാരുടെ കൈമാറ്റം
കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറയിലായിരുന്ന അഞ്ച് മുതിർന്ന താലിബാൻ തടവുകാരെ മോചിപ്പിക്കുന്നതിനു പകരമായി അമേരിക്കൻ സൈനിക സർജന്റ് ബോവ് ബെർഗ്ദാലിനെ മോചിപ്പിച്ച് അഫ്ഗാനിലെ അമേരിക്കൻ സൈനികർക്ക് കൈമാറിയത് ഖത്തറിന്റെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥത ചർച്ചകളെത്തുടർന്നായിരുന്നു. താലിബാൻ മൂന്ന് വർഷത്തിലേറെയായി തടവിലാക്കിയിരുന്ന അമേരിക്കൻ പൗരൻ കെവിൻ കിങ്ങിന്റെയും ആസ്ട്രേലിയൻ പൗരൻ തിമോത്തി വീക്സിന്റെയും മോചനത്തിനും ഖത്തർ വഴിയൊരുക്കി.
2015: ലബനാൻ സൈനികരുടെ മോചനം
2014ൽ തീവ്രവാദി സംഘം തട്ടിക്കൊണ്ടുപോയ 16 ലബനാൻ സൈനികരെ മോചിപ്പിച്ചത് ഖത്തർ നേതൃത്വം നൽകിയ മധ്യസ്ഥ ചർച്ചകളുടെ ഫലമായിരുന്നു. സൈനികർക്ക് പകരമായി ലബനാൻ തടവിലാക്കിയ 17 സ്ത്രീകളടക്കമുള്ള 25 തടവുകാരും അന്ന് മോചിപ്പിക്കപ്പെട്ടു.
2016: ജിബൂതിയൻ തടവുകാരുടെ മോചനം
എരിത്രിയയിലെ ജിബൂതിയൻ തടവുകാരുടെ മോചനത്തിനും ഖത്തർ മധ്യസ്ഥത വഹിച്ചു. 2015 മാർച്ചിൽ സ്വകാര്യ വിമാനത്തിൽ നിലവിലെ പ്രധാനമന്ത്രിയായ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിക്കൊപ്പമായിരുന്നു തടവുകാർ രാജ്യത്തേക്ക് മടങ്ങിയത്.
2015: അഫ്ഗാൻ-താലിബാൻ ചർച്ച
അഫ്ഗാനിസ്താനിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി താലിബാനും അഫ്ഗാൻ സർക്കാറും തമ്മിൽ നിരവധി തവണ ചർച്ചകൾക്ക് ദോഹ സാക്ഷിയായി.
2017: സുഡാനിലെ സമാധാന കരാർ
എന്നും ആഭ്യന്തര സംഘർഷം കാരണം പുകയുന്ന സുഡാനിൽ വീണ്ടും ഖത്തറിന്റെ സമാധാന ശ്രമം. 2017 ജനുവരി 23ന് ദർഫറിൽ സമാധാന പ്രക്രിയ പൂർത്തീകരിച്ചതിന്റെ ഭാഗമായി സുഡാൻ സർക്കാറും സുഡാൻ ലിബറേഷൻ ആർമി-സെക്കൻഡ് റെവല്യൂഷൻ മൂവ്മെന്റും തമ്മിലുള്ള കരാർ ഒപ്പുവെച്ചത് ദോഹയിൽ വെച്ചായിരുന്നു.
2019: അഫ്ഗാനിലെ അമേരിക്കൻ സേനാ പിന്മാറ്റം
20 വർഷത്തോളം നീണ്ട അഫ്ഗാനിലെ അമേരിക്കൻ അധിനിവേശത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള ചർച്ചകൾക്കും ദോഹ വേദിയായി. 2019 മേയ് മാസത്തിലായിരുന്നു അഫ്ഗാനിസ്താനിൽനിന്ന് അമേരിക്കയുടെയും സഖ്യസേനയുടെയും പിന്മാറ്റം ചർച്ച ചെയ്യുന്നതിനായി വാഷിങ്ടണും താലിബാനും തമ്മിൽ ഖത്തർ മധ്യസ്ഥതയിൽ ദോഹയിൽ ചർച്ചകൾ ആരംഭിക്കുന്നത്. ഒടുവിൽ 2020 ഫെബ്രുവരി അവസാനത്തിൽ ദോഹ കരാറിൽ ഇരു കക്ഷികളും ഒപ്പുവെച്ചു. 20 വർഷം നീണ്ടുനിന്ന അഫ്ഗാൻ യുദ്ധം നിർത്തി സൈന്യത്തെ പിൻവലിക്കുന്നതിലേക്ക് കരാർ നയിച്ചു.
2022: ഇറാൻ ആണവ ചർച്ച
ആണവ വിഷയത്തിൽ ഇറാനും അമേരിക്കക്കും ഇടയിൽ നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിന് യൂറോപ് മുൻകൈയെടുത്ത പരോക്ഷ ചർച്ചകൾക്ക് വേദിയായത് ഖത്തറായിരുന്നു. വിയന്നയിൽ നടന്ന ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിലാണ് ദോഹയിലേക്ക് ചർച്ച മാറ്റിയത്.
2023: അമേരിക്ക -ഇറാൻ തടവുകാരുടെ കൈമാറ്റം
ആഗസ്റ്റിൽ അമേരിക്കയും ഇറാനും തമ്മിലുള്ള തടവുകാരുടെ കൈമാറ്റ കരാറിൽ ഖത്തർ മധ്യസ്ഥത വഹിച്ചു. ചർച്ചകൾക്കൊടുവിൽ അമേരിക്ക തടവിലാക്കിയ അഞ്ച് ഇറാനികളെയും തെഹ്റാനിലെ ആറ് ബില്യൻ ഡോളർ ആസ്തികൾക്ക് മേലുള്ള ഉപരോധം നീക്കുകയും ചെയ്തു. പകരമായി ദോഹയിലെത്തിച്ച അഞ്ച് അമേരിക്കൻ തടവുകാരെയും മോചിപ്പിച്ചു. കരാർ പ്രകാരം ദക്ഷിണ കൊറിയയിൽ മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകൾ ഖത്തരി ബാങ്കുകളിൽ നിക്ഷേപിക്കുകയും ചെയ്തു.
2024: യുക്രെയ്ൻ കുട്ടികളുടെ മോചനം
2022ൽ ആരംഭിച്ച റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്റെ ബാക്കി പത്രമായിരുന്നു യുദ്ധം വേർപെടുത്തിയ കുട്ടികൾ. കുടുംബങ്ങളിൽനിന്നും വേർപെട്ട് ഇരു രാജ്യങ്ങളിലായി ആയിരത്തിലേറെ കുട്ടികളുണ്ടെന്നാണ് കണക്ക്.
ഈ സങ്കീർണതയിലും ഖത്തർ ഇടപെട്ടു. തുടർച്ചയായ മധ്യസ്ഥ ശ്രമങ്ങളിലൂടെ ഘട്ടം ഘട്ടമായി കുട്ടികളുടെ മോചനം സാധ്യമാവുന്നു.
ചർച്ചകൾക്കൊടുവിൽ 37 കുട്ടികൾ ഉൾപ്പെടെ 20 റഷ്യൻ, യുക്രെയ്ൻ കുടുംബങ്ങൾ ഖത്തറിലെത്തുകയും കുടുംബങ്ങളിലേക്ക് തിരികെയെത്തുകയും ചെയ്തു.
കഴിഞ്ഞ വർഷം തന്നെ ചാഡ് സർക്കാറും സൈന്യവും തമ്മിലെ സമാധാന കരാർ ഒപ്പിടുന്നതിനും ദോഹ സാക്ഷ്യം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

