ദോഹ സൗത്ത് മലിനജല സംസ്കരണ പ്ലാന്റ് ആദ്യഘട്ട നിർമാണം പുരോഗമിക്കുന്നു
text_fieldsപദ്ധതി പ്രദേശം അഷ്ഗാൽ പ്രസിഡന്റ് എൻജിനീയർ മുഹമ്മദ് അൽ മീർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചപ്പോൾ
ദോഹ: ദോഹ സൗത്ത് മലിനജല സംസ്കരണ പ്ലാന്റ് പദ്ധതിയുടെ ആദ്യഘട്ട നിർമാണം ത്വരിതഗതിയിൽ പുരോഗമിക്കുന്നു. പദ്ധതിയുടെ 65 ശതമാനം പ്രവൃത്തിയും പൂർത്തിയാക്കി. 2028 രണ്ടാം പാദത്തോടെ പദ്ധതി പൂർത്തീകരിക്കുമെന്ന് ഖത്തർ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു. പൊതു -സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ഖത്തറിൽ നടപ്പാക്കുന്ന ആദ്യ മലിനജല അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണിത്. ആദ്യഘട്ടത്തിൽ മൂന്ന് ലക്ഷത്തിലധികം ജനങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ആകെ 630 കോടി ഖത്തരി റിയാൽ നിക്ഷേപമുള്ള പദ്ധതിയിൽ ഏകദേശം 230 കോടി റിയാൽ വിദേശ നിക്ഷേപമാണ്.
ദേശീയ അടിസ്ഥാന സൗകര്യ വികസനത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്. പദ്ധതി പ്രദേശം അഷ്ഗാൽ പ്രസിഡന്റ് എൻജിനീയർ മുഹമ്മദ് അൽ മീറും മുതിർന്ന ഉദ്യോഗസ്ഥരും സന്ദർശിച്ച് നിർമാണ പുരോഗതിയും തുടർപ്രവർത്തനങ്ങളും വിലയിരുത്തി. മലിനജല സംസ്കരണം, സ്ലഡ്ജ് പ്രോസസിങ്, ഊർജ ഉൽപ്പാദനം തുടങ്ങി പ്ലാന്റിലെ പ്രധാന സംവിധാനങ്ങളും സാങ്കേതികവിദ്യകളും സംഘം പരിശോധിച്ചു.
നിർമ്മാണ ഘട്ടങ്ങൾ, പ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങൾ, ഭാവിയിലെ വിപുലീകരണ പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ എൻജിനീയർ മുഹമ്മദ് അൽ മീർ ചോദിച്ചറിഞ്ഞു. നിർമാണ സമയക്രമം കൃത്യമായി പാലിക്കേണ്ടതിന്റെയും ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യവും വിശദീകരിച്ചു.അൽ വക്റ, അൽ വുകൈർ, അൽ മെഷാഫ് എന്നിവിടങ്ങളിലെയും ഇൻഡസ്ട്രിയൽ ഏരിയയുടെ ചില ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന മലിനജലം അഷ്ഗാൽ നേരത്തെ നിർമിച്ച മെയിൻ ട്രങ്ക് സീവർ (എം.ടി.എസ്) വഴിയാണ് പ്ലാന്റിലേക്ക് എത്തുക.
ആദ്യഘട്ടത്തിൽ പ്രതിദിനം 1,50,000 ക്യുബിക് മീറ്റർ മലിനജലം സംസ്കരിക്കാൻ പ്ലാന്റിന് സാധിക്കും. 2045 വരെയുള്ള ആവശ്യകത കണക്കിലെടുത്ത് ഭാവിയിൽ പ്രതിദിനം 6,00,000 ക്യുബിക് മീറ്ററായി ഉയർത്താൻ കഴിയുന്ന തരത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. 60 മീറ്ററിലധികം ആഴത്തിൽ ഫിൽട്രേഷൻ യൂണിറ്റുകളുള്ള പ്രൈമറി ട്രീറ്റ്മെന്റ് പ്ലാന്റ്, ദുർഗന്ധ നിയന്ത്രണ സംവിധാനങ്ങൾ, പ്രതിദിനം 6,00,000 ക്യുബിക് മീറ്റർ ശുദ്ധീകരിച്ച ജലം വിതരണ ശൃംഖലയിലേക്ക് എത്തിക്കാൻ ശേഷിയുള്ള പമ്പിങ് സ്റ്റേഷൻ എന്നിവ പദ്ധതിയുടെ ഭാഗമാണ്. അന്താരാഷ്ട്ര നിലവാരത്തിൽ ശുദ്ധീകരിക്കുന്ന ജലം കുടിവെള്ള ഇതര ആവശ്യങ്ങൾക്കായി ഉപയോഗിക്കും. പൊതുപാർക്കുകൾ, ഹരിത ഇടങ്ങൾ, അലങ്കാരച്ചെടികൾ, കാലിത്തീറ്റ ഫാമുകൾ എന്നിവയുടെ ജലസേചനത്തിനും കൂളിങ് പ്രോജക്ടുകൾക്കും നിർമാണ സ്ഥലങ്ങളിലെ പൊടി നിയന്ത്രണത്തിനും ഈ ജലം പ്രയോജനപ്പെടുത്തും. അധികമുള്ള ജലം ഭാവി ആവശ്യങ്ങൾക്കായി സംഭരണികളിലേക്ക് മാറ്റും.
കൂടാതെ, മലിനജല അവശിഷ്ടങ്ങളിൽ നിന്നുള്ള ജൈവവസ്തുക്കൾ സംസ്കരിച്ച് ബയോഗ്യാസ് ഉൽപ്പാദിപ്പിക്കുകയും, ഇതിലൂടെ പ്ലാന്റിന്റെ പ്രവർത്തനത്തിനാവശ്യമായ വൈദ്യുതി ഉറപ്പാക്കുകയും ചെയ്യും. ഇത് പ്രധാന വൈദ്യുതി ഗ്രിഡിനെ ആശ്രയിക്കുന്നത് കുറക്കാൻ സഹായിക്കും. ഖത്തർ നാഷണൽ വിഷൻ 2030-ന് അനുസൃതമായി പരിസ്ഥിതി വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും, ജല -ഊർജ കാര്യക്ഷമത വർധിപ്പിക്കാനും കാർബൺ ബഹിർഗമനം കുറക്കാനും ലക്ഷ്യമിടുന്ന മൂന്നാമത് നാഷണൽ ഡെവലപ്മെന്റ് സ്ട്രാറ്റജിക്കും കരുത്തുപകരുന്നതാണിത്.
25 വർഷത്തെ കരാർ പ്രകാരം പ്ലാന്റിന്റെ രൂപകൽപ്പന, ധനസഹായം, നിർമാണം, പ്രവർത്തനം, അറ്റകുറ്റപ്പണികൾ എന്നിവയുടെ ഉത്തരവാദിത്തം പ്രോജക്റ്റ് ഡെവലപ്പർക്കായിരിക്കും. കരാർ കാലാവധി പൂർത്തിയാകുമ്പോൾ അഷ്ഗാൽ പ്ലാന്റിന്റെ ചുമതല ഏറ്റെടുക്കും. തദ്ദേശീയ -അന്തർദേശീയ പങ്കാളികളുടെ സാങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ഇത് ഖത്തരി കമ്പനികൾക്കും കരാറുകാർക്കും വലിയ അവസരങ്ങൾ നൽകുമെന്നും പ്രോജക്റ്റ് അധികൃതർ അഭിപ്രായപ്പെട്ടു.

