ഗതാഗതക്കുരുക്ക് കുറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ ദോഹ മുന്നിൽ
text_fieldsദോഹ: ഗൾഫ് മേഖലയിലും പശ്ചിമേഷ്യയിലും ഗതാഗതക്കുരുക്ക് ഏറ്റവും കുറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ ഖത്തർ തലസ്ഥാനമായ ദോഹ മുന്നിൽ. ജീവിതനിലവാര സൂചികകളിൽ വൈദഗ്ധ്യമുള്ള നംബിയോയുടെ ‘ട്രാഫിക് ഇൻഡക്സ് ബൈ സിറ്റി 2026’ കണക്കുകൾ പ്രകാരം, 135.1 പോയന്റോടെയാണ് ദോഹ ഈ നേട്ടം കൈവരിച്ചത്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ ഗതാഗതക്കുരുക്കുള്ള രണ്ടാമത്തെ നഗരമാണ് ദോഹ.
ഒമാൻ തലസ്ഥാനമായ മസ്‌കത്താണ് ഒന്നാമത്. അബൂദബി (യു.എ.ഇ), മനാമ (ബഹ്‌റൈൻ), കുവൈത്ത് സിറ്റി (കുവൈത്ത്), റിയാദ് (സൗദി അറേബ്യ) എന്നീ നഗരങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിലുള്ളത്. രാജ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള പട്ടികയിലും ഒമാന് പിന്നിലായി ഖത്തർ രണ്ടാംസ്ഥാനത്താണുള്ളത്. ഖത്തറിന്റെ നാഷനൽ ഡെവലപ്മെന്റ് സ്ട്രാറ്റജിയുടെ ഭാഗമായി നടപ്പാക്കിയ പദ്ധതികളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. അത്യാധുനിക ഗതാഗത സൗകര്യങ്ങൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയും സുസ്ഥിരമായ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിച്ചും രാജ്യത്ത് മൊബിലിറ്റി മേഖലക്ക് പ്രാധാന്യം നൽകിയുമാണ് ഗതാഗത മേഖലയിൽ നേട്ടം കൈവരിച്ചത്.
ഇതിന്റെ ഭാഗമായി 2024ന്റെ ആദ്യ പാദത്തിൽ തന്നെ പൊതുഗതാഗത മേഖലയിൽ 73 ശതമാനം ബസുകൾ ഇലക്ട്രിക് ബസുകളാക്കി മാറ്റിയിരുന്നു. 2030 ഓടെ ഇത് 100 ശതമാനം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കി സർവിസ് നടത്തുന്ന ദോഹ മെട്രോ, ഗതാഗത കുരുക്ക് കുറക്കുന്നതിൽ നിർണായക ഘടകമായി പ്രവർത്തിക്കുന്നു.
2024ലെ കണക്ക് പ്രകാരം ദോഹ മെട്രോ യാത്രക്കാരുടെ സംതൃപ്തി നിരക്ക് 99.66 ശതമാനമാണ് എന്നുള്ളത് ഗതാഗത ആവശ്യങ്ങൾക്കായി ദോഹ മെട്രോയെ ആശ്രയിക്കുന്നവരുടെ സ്വാധീനത്തെ സൂചിപ്പിക്കുന്നു. മെട്രോ സർവിസുകൾ കൃത്യസമയത്തും കൃത്യമായ ഇടവേളകളിലും സർവിസ് നടത്തുന്നുവെന്നും ട്രെയിനുകളുടെ ലഭ്യത 99.90 ശതമാനം ആണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

