അക്ഷരോത്സവത്തിലേക്ക് ദോഹ
text_fieldsദോഹ പുസ്തകമേളയിൽനിന്ന് (ഫയൽ)
ദോഹ: ഖത്തറിന്റെ അക്ഷരമേളയായ ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 34ാമത് പതിപ്പിന് മേയ് എട്ടിന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ (ഡി.ഇ.സി.സി) വേദിയാകും. 17 വരെ നീണ്ടുനിൽക്കുന്ന മേളയിൽ ഇത്തവണ ഫലസ്തീനാണ് അതിഥി രാജ്യമായി പങ്കെടുക്കുന്നത്.
43 രാജ്യങ്ങളിൽ നിന്നായി 552 പ്രസാധകർ വിവിധ വിഷയങ്ങളിലും ഭാഷകളിലുമായുള്ള പുസ്തകങ്ങളുമായി പങ്കുചേരും. അതിഥി രാജ്യമായ ഫലസ്തീനിൽനിന്ന് 11 പ്രസാധകരും മേഖലയിലെ ഏറ്റവും വലിയ പുസ്തകമേളയിൽ ഒന്നായ ദോഹ പുസ്തകോത്സവത്തിനെത്തുന്നുണ്ട്. സിറിയയിലെ ഹൽബൗനി ബുക്സ്, അമേരിക്കൻ, ബ്രിട്ടീഷ് പുസ്തകാലയങ്ങൾ എന്നിവ ആദ്യമായി ദോഹ മേളയിൽ പങ്കെടുക്കാനെത്തുന്നു. 166000ത്തോളം വിവിധ വൈവിധ്യങ്ങളിലെ പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ഇത്തവണത്തെ സവിശേഷത. വിവിധ മന്ത്രാലയങ്ങൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, നയതന്ത്ര സ്ഥാപനങ്ങൾ എന്നിവയും അണിനിരക്കും. പത്തു ദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന പുസ്തകമേളയോടനുബന്ധിച്ച് സാംസ്കാരിക, കലാ പരിപാടികൾ, സെമിനാർ, പ്രഭാഷണങ്ങൾ, ശിൽപശാല എന്നിവയും അരങ്ങേറും.
സംഘാടകരായ ഖത്തർ സാംസ്കാരിക മന്ത്രാലയം മികച്ച പ്രസാധകർക്കും എഴുത്തുകാർക്കുമായി ദോഹ അന്താരാഷ്ട്ര പുസ്തകമേള പുരസ്കാരവും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്.പ്രാദേശിക, അന്താരാഷ്ട്ര പ്രസാധകർ, ബാല സാഹിത്യ പ്രസാധകർ, ക്രിയേറ്റീവ് റൈറ്റർ, യുവ ഖത്തരി എഴുത്തുകാരൻ എന്നീ വിഭാഗങ്ങളിലും പുരസ്കാരങ്ങൾ സമ്മാനിക്കും.കുട്ടികളെയും യുവാക്കളെയും വായനാലോകത്തേക്ക് സ്വാഗതം ചെയ്തുകൊണ്ട് വിപുലമായ സൗകര്യങ്ങളാണ് പുസ്തകമേളയിൽ ഒരുക്കുന്നത്. പ്രാദേശിക, അറബ്, അന്താരാഷ്ട്രതലത്തിലെ വലിയ പങ്കാളിത്തം ഇത്തവണയും ഉറപ്പാക്കുന്നതായി സാംസ്കാരിക മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഡോ. ഗാനിം ബിൻ മുബാറക് അൽ അലി മഅദീദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

