ദോഹ തിയറ്റർ ഫെസ്റ്റിവലിന് ഇന്ന് തിരിതെളിയും
text_fieldsദോഹ: ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള തിയറ്റർ അഫയേഴ്സ് സെന്റർ സംഘടിപ്പിക്കുന്ന 38ാമത് ദോഹ തിയറ്റർ ഫെസ്റ്റിവലിന് ഞായറാഴ്ച വൈകുന്നേരം തുടക്കമാകും. അമച്വർ നാടകസംഘങ്ങൾ അണിനിരക്കുന്ന ഈ കലാമാമാങ്കം നാല് ദിവസങ്ങളിലായാണ് നടക്കുക. ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിലെ അൽ മയാസ തിയറ്ററിൽ നടക്കുന്ന മത്സരത്തിൽ മൂന്ന് അമച്വർ നാടകങ്ങളാണ് അരങ്ങേറുന്നത്. ദോഹ തിയറ്റർ ഗ്രൂപ്പിന്റെ, യാസർ അൽ ഹസൻ രചിച്ച് ഫാലിഹ് ഫായിസ് സംവിധാനം ചെയ്ത ‘അണ്ടർ ദി റബിൾ’ ആണ് ഉദ്ഘാടന നാടകം.
തിങ്കളാഴ്ച വൈകുന്നേരം ഖത്തർ തിയറ്റർ ഗ്രൂപ്പിന്റെ ‘ദി ഡിവൈഡിങ് സിറ്റി'’ അരങ്ങേറും. താലിബ് അൽ ദൂസ് രചിച്ച ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത് മുഹമ്മദ് യൂസഫ് അൽ മുല്ലയാണ്. ചൊവ്വാഴ്ച വൈകുന്നേരം അൽ വതൻ തിയേറ്റർ ഗ്രൂപ്പിന്റെ ‘ദി ബ്ലാക്ക് ഹീൽ’ എന്ന നാടകത്തോടെ മത്സരങ്ങൾ സമാപിക്കും. ഷുഐബ് അൽ കുവാരിയാണ് ഈ നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
മേളയുടെ സമാപന സമ്മേളനവും പുരസ്കാര വിതരണവും ബുധനാഴ്ച രാത്രി എട്ടിന് സാംസ്കാരിക മന്ത്രാലയ കെട്ടിടത്തിലെ ദുഖാൻ ഹാൾ തിയറ്ററിൽ നടക്കും. ഓരോ പ്രദർശനത്തിന് ശേഷവും നാടക നിരൂപകരും വിദഗ്ധരും അണിനിരക്കുന്ന ചർച്ചകളും ശിൽപശാലകളും മേളയിൽ അരങ്ങേറും. ഇതിനുപുറമെ, ഫെസ്റ്റിവൽ വിശേഷങ്ങൾ പങ്കുവെക്കുന്ന പ്രതിദിന ബുള്ളറ്റിനും പുറത്തിറക്കും. കഴിഞ്ഞവർഷം തിയറ്റർ അഫയേഴ്സ് സെന്റർ സംഘടിപ്പിച്ച പ്രധാന സാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തിയുള്ള വാർഷിക പുസ്തകവും പ്രകാശനം ചെയ്യും. ഖത്തറി നാടകരംഗത്തിന് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകി വിടപറഞ്ഞ നാല് പ്രമുഖ പ്രതിഭകളായ മുഹമ്മദ് അൽ ബലാം, തലാൽ അൽ സിദ്ദീഖി, ഡോ. അഹമ്മദ് അബ്ദുൽമാലിക്, ഖലീഫ ജുമാൻ എന്നിവർക്കുള്ള ആദരവും ഈ വർഷത്തെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലെ തന്നെ ഏറ്റവും പഴക്കമേറിയതും ആദ്യത്തേതുമായ നാടകമേളയാണ് ദോഹ തിയറ്റർ ഫെസ്റ്റിവൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

