ദോഹ സ്റ്റുഡന്റ്സ് സമ്മിറ്റ് വെള്ളിയാഴ്ച
text_fieldsഇൻസൈറ്റ് ഖത്തർ ദോഹ സ്റ്റുഡന്റ്സ് സമ്മിറ്റ് സംഘാടകർ വാർത്തസമ്മേളനം നടത്തുന്നു
ദോഹ: ഖത്തറിലെ ഇന്ത്യൻ വിദ്യാർഥികളുടെ ഏറ്റവും വലിയ ഒത്തുചേരലായി ഇൻസൈറ്റ് ഖത്തർ ദോഹ സ്റ്റുഡൻസ് സമ്മിറ്റ് ഏപ്രിൽ 11 വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെ ഖത്തര്‍ ഫൗണ്ടേഷനിലെ ഔസജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയിൽ അഞ്ചു പ്രധാന സെഷനുകളിലായി പ്രമുഖർ സംബന്ധിക്കും. രജിസ്റ്റര്‍ ചെയ്യുന്ന 500 വിദ്യാർഥികൾക്കാണ് പങ്കെടുക്കാന്‍ അവസരം ലഭിക്കുകയെന്ന് സംഘാടകർ അറിയിച്ചു.
കുട്ടികളെ ധാര്‍മികമായും സാംസ്കാരികമായും മൂല്യമുള്ള തലമുറയാക്കി പരിവര്‍ത്തിപ്പിക്കുകയും അവരെ സമൂഹത്തോടും രാഷ്ട്രത്തോടും കടപ്പാടുള്ളവരായി മാറാന്‍ പ്രചോദനം നല്‍കുകയും ചെയ്യുകയെന്നതാണ് സമ്മിറ്റ് ലക്ഷ്യം വെക്കുന്നത്.
വിദ്യാഭ്യാസ വിചക്ഷണയും ഖത്തർ ഫൗണ്ടേഷന് കീഴിലെ ജനറേഷന് അമേസിങ് പ്രോഗ്രാംസ് ആക്ടിങ് ഡയറക്ടറുമായ ഫാത്തിമ അൽ മഹ്ദി, കേരളത്തിലെ പ്രമുഖ ടെക്നോളജിസ്റ്റും അഡാപ്റ്റ് സി.ഇ.ഒയുമായ ഉമർ അബ്ദുസ്സലാം, സോഷ്യൽ അനലിസ്റ്റ് സി.പി. അബ്ദുസമദ് എന്നിവർ വിവിധ വിഷയങ്ങളിൽ കുട്ടികളുമായി സംവദിക്കും. കൂടാതെ ഉദ്ഘാടന സെഷൻ, സമാപന സെഷൻ എന്നിവയും പ്രത്യേകം നടക്കും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി dss.insightqatar.org എന്ന വെബ്സൈറ്റ് വഴിയോ +974 3368 0781 എന്ന നമ്പറിലോ വിളിക്കാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.
കാലിക്കറ്റ് നോട്ട്ബുക്കിൽവെച്ച് നടന്ന വാർത്തസമ്മേളനത്തിൽ ഇൻസൈറ്റ് ഖത്തർ ജനറൽ സെക്രട്ടറി വഫ അബ്ദുൽ ലത്തീഫ്, വൈസ് പ്രസിഡന്റുമാരായ സന റഷീദലി, അമ്മാർ അസ്ലം, സംഘാടക സമിതി അഡ്വൈസറി ചെയർമാൻ ഷമീർ വലിയവീട്ടിൽ, വൈസ് ചെയർമാൻ നിഹാദ് അലി, ജനറൽ കൺവീനർ ശനീജ്, മീഡിയ കൺവീനൽ അലി റഷാദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

