ദോഹ എക്സ്പോക്ക് ആതിഥ്യമൊരുക്കാൻ സജ്ജം
text_fieldsദോഹ എക്സ്പോയുടെ മാതൃക
ദോഹ: 2022 ലോകകപ്പിനു ശേഷം ഖത്തറിൽ നടക്കാനിരിക്കുന്ന രണ്ടാമത്തെ വലിയ മേളയായ ‘ദോഹ എക്സ്പോ 2023’ന് ആതിഥേയത്വം വഹിക്കാൻ രാജ്യം തയാറാണെന്ന് ദോഹ എക്സ്പോ 2023 സെക്രട്ടറി ജനറൽ മുഹമ്മ് അൽ ഖൂരി പറഞ്ഞു.
നേരത്തേ 2020ൽ നടത്താൻ നിശ്ചയിച്ചിരുന്ന എക്സ്പോ കോവിഡ് മഹാമാരിയെത്തുടർന്ന് 2023ലേക്ക് മാറ്റിവെക്കുകയായിരുന്നു. ഏറെ മുമ്പുതന്നെ എക്സ്പോ 2023ന് ആതിഥേയത്വം വഹിക്കാൻ ഞങ്ങൾ തയാറായിക്കഴിഞ്ഞിട്ടുണ്ടെന്നും മിഡിലീസ്റ്റിലെ ആദ്യത്തേതും വലുതുമായ ഹോർട്ടികൾചറൽ പ്രദർശനം വിജകരമായിരിക്കുമെന്ന് ഉറപ്പാക്കാൻ തയാറാണെന്നും മുഹമ്മദ് അൽ ഖൂരി പറഞ്ഞു.
ഖത്തർ ലോകകപ്പിന്റെ ചരിത്രപരമായ ആതിഥേയത്വം രാജ്യത്തിന് അസാധാരണമായ നേട്ടമാണ് സമ്മാനിച്ചത്. ആഗോള പരിപാടികൾ സംഘടിപ്പിക്കുന്നതിലും അതിന് ആതിഥേയത്വം വഹിക്കുന്നതിലും ഞങ്ങളുടെ സമാനതകളില്ലാത്ത അനുഭവത്തെയാണ് ഇത് പ്രകടമാക്കുന്നത്. ലോകത്തിനു മുന്നിൽ ഖത്തറിന്റെ ആതിഥ്യമര്യാദ വെളിപ്പെടുത്തുകയാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും അൽ ഖൂരി കൂട്ടിച്ചേർത്തു.
സുസ്ഥിര പ്രതിബദ്ധതയുടെ ഭാഗമായി ലോകകപ്പിനായി സജ്ജമാക്കിയ അടിസ്ഥാന സൗകര്യങ്ങൾ എക്സ്പോയിൽ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
179 ദിവസം നീണ്ടുനിൽക്കുന്ന എക്സ്പോക്ക് അൽബിദ്ദ പാർക്കാണ് വേദിയാകുന്നത്. അതിന്റെ ഒരുക്കങ്ങൾ വേഗത്തിൽ പൂർത്തിയാക്കുകയാണ്. ഇന്റർനാഷനൽ സോൺ, ഫാമിലി സോൺ, കൾചറൽ സോൺ എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളാക്കി പാർക്കിനെ വിഭജിക്കും. കുടുംബങ്ങൾക്കും കുട്ടികൾക്കും വിനോദസഞ്ചാരികൾക്കും പൂന്തോട്ടനിർമാണ പ്രേമികൾക്കും ബിസിനസ് സന്ദർശകർക്കും വ്യത്യസ്ത പ്രവർത്തനമാണ് എക്സ്പോ വാഗ്ദാനം ചെയ്യുക-അദ്ദേഹം വിശദീകരിച്ചു.
ഇന്റർനാഷണൽ സോണിന്റെ അവസാനഘട്ട പ്രവർത്തനം പുരോഗമിക്കുകയാണ്. എക്സ്പോയുടെ പ്രധാന കെട്ടിടമായ എക്സ്പോ ഹൗസ് ഉടൻതന്നെ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.
എല്ലാ പവിലിയനുകളും സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ഉറപ്പാക്കുന്നതിന് വിവിധ രാജ്യങ്ങളിൽനിന്നുള്ള പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിച്ചുവരുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
‘ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി’എന്ന പ്രമേയത്തിലൂന്നിയാണ് ദോഹ എക്സ്പോ 2023 സംഘടിപ്പിക്കുന്നത്.
കാർഷിക വികസനത്തിലും നഗരങ്ങളുടെ ഹരിതവത്കരണത്തിലും ഖത്തറിനും മിഡിലീസ്റ്റിനും എക്സ്പോ പുതിയ അവസരം തുറക്കും.
2023 ഒക്ടോബർ രണ്ടിന് ആരംഭിച്ച് 2024 മാർച്ച് 28 വരെയായി ആറുമാസം നീണ്ടുനിൽക്കുന്ന എക്സ്പോയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്ന് ദശലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

